ദില്ലി: പൗരത്വ നിയമഭേദഗതിയെക്കുറിച്ച് ജനങ്ങളിൽ ബോധവൽക്കരണം നടത്താനെന്ന പേരിൽ വീട് കയറി പ്രചാരണത്തിനെത്തിയ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായ്ക്ക് ഗോബാക്ക് വിളി. ദില്ലി ലജ്പത് നഗറിൽ ചണ്ഡിബസാറിന് സമീപമാണ് സംഭവം. ഏതാണ്ട് നാലേമുക്കാലോടെയാണ് അമിത് ഷാ ലജ്പത് നഗറിലെ കോളനിയിലെത്തിയത്. ബിജെപി നടത്തിയ പരിപാടിയിൽ പങ്കെടുത്ത് കൈവീശി നടന്നുപോവുകയായിരുന്ന അമിത് ഷായ്ക്ക് നേരെയാണ് രണ്ട് യുവതികൾ അടക്കമുള്ള കോളനിവാസികൾ ഗോ ബാക്ക് വിളിച്ചത്.
ആദ്യം കയറിയ വീട്ടിൽ ആളുകളോട് പൗരത്വ നിയമഭേദഗതിയെക്കുറിച്ച് വിശദീകരിച്ച് പുറത്തേക്ക് ഇറങ്ങുമ്പോഴാണ്, യുവതികളടക്കമുള്ളവർ വീടിന് മുകളിൽ നിന്ന് അമിത് ഷായ്ക്ക് നേരെ ഗോ ബാക്ക് വിളിച്ചത്. വെള്ളത്തുണിയിൽ ചായം കൊണ്ടെഴുതിയ വലിയ ബാനറുകൾ വീടിന്‍റെ മുകളിൽ നിന്ന് താഴേക്ക് വിരിച്ചുകൊണ്ടായിരുന്നു യുവതികളുടെ ഗോബാക്ക് വിളി. തുടർന്ന് കോളനിവാസികളും ഗോബാക്ക് വിളിച്ചു. സൂര്യ, ഹർമിയ എന്നീ യുവതികളാണ് മുദ്രാവാക്യം വിളിച്ചത്. ബിരുദവിദ്യാർത്ഥിനിയും, അഭിഭാഷകയുമാണ് ഇവർ രണ്ടുപേരും എന്നാണ് പുറത്ത് വരുന്ന റിപ്പോർട്ടുകൾ. ഗോബാക്ക് വിളിയെ തുടർന്ന് പൊലീസ് കെട്ടിടത്തിലേയ്ക്ക് പ്രവേശിച്ചിട്ടുണ്ട്. ഇവർക്കെതിരെ എന്ത് നടപടിയാണ് എടുക്കുക എന്ന കാര്യം വ്യക്തമല്ല.
you may also like this video;
ഇവർക്കെതിരെ അമിത് ഷായ്ക്ക് ഒപ്പമുണ്ടായിരുന്ന പ്രവർത്തകരിൽ ചിലർ രൂക്ഷമായ ഭാഷയിലാണ് തിരിച്ച് പ്രതികരിച്ചത്. ഇതേത്തുടർന്ന് പൊലീസ് ഇവരുടെ വീടിന് കാവൽ ഏർപ്പെടുത്തിയിരിക്കുകയാണ്. ആക്രമണസാധ്യതയുണ്ടെന്ന് കണ്ട് സംഘർഷം ഒഴിവാക്കാനാണ് പൊലീസ് നടപടി. പൗരത്വ നിയമഭേദഗതിയിൽ ജനരോഷം ആളിക്കത്തിയപ്പോൾ ബോധവത്ക്കരണം എന്ന പേരിൽ വിപുലമായി പണം ചെലവഴിച്ച്, വൻ പ്രചാരണം നടത്താനാണ് ബിജെപിയുടെ പദ്ധതി. വീടുവീടാന്തരം കയറി ദേശീയ പൗരത്വ റജിസ്റ്ററിനെക്കുറിച്ച് വിശദീകരിക്കലാണ് ആദ്യപടി.
ഇതിന്റെ ഭാഗമായി കേരളത്തിൽ നടത്തിയ വീട് കയറി പ്രചാരണത്തിന്റെ തുടക്കത്തിൽ തന്നെ, ജോർജ് ഓണക്കൂറിന്റെ വീട്ടിലെത്തിയ കേന്ദ്രമന്ത്രിയോട് എഴുത്തുകാരൻ എതിർപ്പറിയിച്ചത് സംസ്ഥാനത്തെ ബിജെപിയുടെ പ്രചാരണത്തിന് തിരിച്ചടി ആയിരുന്നു. ഇതിന് പിന്നാലെയാണ് അമിത് ഷായ്ക്ക് എതിരെത്തന്നെ ജനങ്ങൾ ഗോ ബാക്ക് വിളിക്കുന്നത്.
English Summary: Go back slogans against Amitshah when the campaign about citizenship amendment act.
you may also like this video;
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.