‘നീയൊക്കെ പാകിസ്ഥാനില്‍ പോയി കളിക്ക്’; മുസ്ലിം കുടുംബത്തിന് ക്രൂരപീഡനം

Web Desk
Posted on March 23, 2019, 11:18 am

വീട്ടില്‍ അതിക്രമിച്ചു കയറി സാമൂഹ്യവിരുദ്ധരുടെ അക്രമം. ഡല്‍ഹിയിലെ ഗുരാഗോണിലെ ദമാസ്പുരില്‍ താമസിക്കുന്ന മുസ്ലിം കുടുബത്തിനെയും ഹോളി ആഘോഷിക്കാനെത്തിയ ബന്ധുക്കളെയുമാണ് ഇരുപത്തിയഞ്ചിലധികം പേര്‍ ചേര്‍ന്ന് വീട്ടില്‍ അതിക്രമിച്ചു കയറി അക്രമിച്ചത്. അക്രമികളില്‍ ഒരാളെ പൊലീസ് അറസ്റ്റു ചെയ്തു.

കുടുംബത്തിലെ കുറച്ച് കുട്ടികള്‍ വീടിനു പുറത്ത് കളിച്ചുകൊണ്ടിരിക്കുമ്പോഴാണ് സംഭവം. അവിടെയെത്തിയ രണ്ട് അക്രമികള്‍ ഇവിടെ നിന്നു കളിക്കണ്ട, പാകിസ്ഥാനില്‍ പോയി കളിക്കാന്‍ ആവശ്യപ്പെട്ടു. ഇത് ചോദിക്കാനെത്തിയ ബന്ധുവിനെ അക്രമികള്‍ തല്ലുകയും ചെയ്തു. കാത്തിരിക്കൂ, ഞങ്ങള്‍ കാണിച്ചു തരാം എന്നു പറയുകയും ചെയ്തിരുന്നു. കുറച്ച് സമയങ്ങള്‍ക്ക് ശേഷം വാളുമായി ആറു യുവാക്കള്‍ ബൈക്കിലും കുറേ പേര്‍ നടന്നു വരികയും ചെയ്തു. പേടിച്ച് വീടിനുള്ളില്‍ കയറിയെങ്കിലും വാതില്‍ തള്ളിത്തുറന്ന് പുരുഷന്മാരെ അതിക്രൂരമായി ആക്രമിച്ചു. അക്രമ ദൃശ്യങ്ങളില്‍ കുടുംബാംഗങ്ങളെ ക്രൂരമായി മര്‍ദ്ദിക്കുന്നതായി കാണാം.

പൊലീസ് അക്രമികള്‍ക്കെതിരെ വര്‍ഗ്ഗീയ, കൊലപാതകശ്രമം എന്നിവ ചുമത്തി കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. കുറച്ചു പേരെ തിരിച്ചറിഞ്ഞുവെന്നും ബാക്കിയുള്ളവരെ ഉടന്‍ കണ്ടെത്തും പൊലീസ് അറിയിച്ചു.

Pho­to Cour­tesy: The Indi­an Express