8 December 2024, Sunday
KSFE Galaxy Chits Banner 2

Related news

December 8, 2024
December 7, 2024
December 5, 2024
December 4, 2024
December 3, 2024
December 2, 2024
December 1, 2024
November 30, 2024
November 30, 2024
November 25, 2024

ആത്മവിശ്വാസത്തോടെ പോളിങ് ബൂത്തിലേക്ക്

Janayugom Webdesk
November 12, 2024 5:00 am

കേരളത്തിലെ വയനാട് ലോക്‌സഭാ മണ്ഡലത്തിലെയും ചേലക്കര നിയമസഭാ മണ്ഡലത്തിലെയും ജനപ്രതിനിധികൾ ആരായിരിക്കണമെന്ന് തീരുമാനിക്കുന്ന ഉപതെരഞ്ഞെടുപ്പുകളിൽ സമ്മതിദായകർ നാളെ വോട്ട് രേഖപ്പെടുത്തുകയാണ്. ഈ തെരഞ്ഞെടുപ്പുഫലങ്ങൾ കേന്ദ്ര, സംസ്ഥാന ഭരണങ്ങളിൽ കാര്യമായ ചലനങ്ങൾ സൃഷ്ടിക്കുകയില്ലെങ്കിലും അവയുടെ ഫലങ്ങൾ സംസ്ഥാന രാഷ്ട്രീയത്തിൽ നിർണായക സൂചകങ്ങളായി മാറുമെന്നതിൽ രണ്ടുപക്ഷമില്ല. വയനാട് ലോക്‌സഭാ മണ്ഡലത്തിൽ പൊതുതെരഞ്ഞെടുപ്പിൽ വിജയിച്ച കോൺഗ്രസ് സ്ഥാനാർത്ഥി, ആ പാര്‍ട്ടിയുടെ നിലവിലെ പരമോന്നത നേതാവും ലോക്‌സഭയിലെ പ്രതിപക്ഷനേതാവുമായ രാഹുൽ ഗാന്ധി, മത്സരിച്ചു വിജയിച്ച രണ്ടുസീറ്റുകളിൽ ഒന്നായ ഉത്തർപ്രദേശിലെ റായ്ബറേലിക്കുവേണ്ടി തനിക്ക് വൻഭൂരിപക്ഷം നൽകി വിജയിപ്പിച്ച വയനാടിനെ കയ്യൊഴിഞ്ഞ ഒഴിവിലേക്കാണ് അവിടെ ഉപതെരഞ്ഞെടുപ്പ് വേണ്ടിവന്നത്. താൻ വയനാടിന്റെ അനൗദ്യോഗിക അംഗമായി തുടരുമെന്ന വാഗ്ദാനത്തോടെയാണ് സഹോദരി പ്രിയങ്കയെ അവിടെ സ്ഥാനാർത്ഥിയാക്കിയത്. ഒരു ജനപ്രതിനിധി എന്ന നിലയിൽ തന്റെ മണ്ഡലത്തിനും ജനങ്ങൾക്കും വേണ്ടി അദ്ദേഹം നൽകിയ സംഭാവനകളെയും, ഫലത്തിൽ അതിന്റെ അഭാവത്തെയും നിശിതമായി വിലയിരുത്തിയ പ്രചരണമാണ് ഇടതുപക്ഷ ജനാധിപത്യ മുന്നണിയും അതിന്റെ സ്ഥാനാർത്ഥി സത്യൻ മൊകേരിയും അവിടെ കാഴ്ചവച്ചത്. ഒരു അതിഥിയെപ്പോലെ അപൂർവം അവസരങ്ങളിൽ വയനാട് സന്ദർശിക്കുന്നതിനപ്പുറം മണ്ഡലത്തിലെ ജനങ്ങളുടെ കാതലായ ജീവിതപ്രശ്നങ്ങൾക്കോ വികസന സംബന്ധമായ ബഹുവിധ വിഷയങ്ങൾക്കോ പരിഹാരം കാണുന്നതിൽ, അനുകൂല സാഹചര്യങ്ങൾ പലതുണ്ടായിട്ടും അദ്ദേഹം ഒരു സമ്പൂർണ പരാജയമായിരുന്നു. കോൺഗ്രസിന്റെ സമുന്നത നേതാവെന്ന നിലയിലും പാർലമെന്റ് അംഗമെന്ന നിലയിലും നരേന്ദ്ര മോഡി നേതൃത്വം നൽകുന്ന തീവ്രഹിന്ദുത്വ ഫാസിസ്റ്റ് സർക്കാരിനെതിരെ ഫലപ്രദമായ പ്രതിരോധനിര പടുത്തുയർത്തുന്നതിനുള്ള ദീർഘവീക്ഷണത്തോടുകൂടിയ ചിന്തയും പ്രവർത്തനവും കാഴ്ചവയ്ക്കുന്നതിലും അദ്ദേഹം തികഞ്ഞ പരാജയമായിരുന്നു. ബിജെപിയും സംഘ്പരിവാറും മോഡിയും അദ്ദേഹത്തിന്റെ ചങ്ങാതിമാരായ മൂലധനശക്തികളും ഉയർത്തുന്ന വെല്ലുവിളികൾക്ക് ബദലായി ഉയർന്നുവന്ന ഇന്ത്യ സഖ്യത്തിന്റെ ഇന്നത്തെ അവസ്ഥയുടെ ഉത്തരവാദിത്തത്തിൽ നിന്നും രാഹുലിനും കോൺഗ്രസിനും കൈകഴുകി ഒഴിഞ്ഞുമാറാനാവില്ല. 

ഒരു ഇന്ത്യൻ പൗര എന്ന നിലയിൽ രാജ്യത്ത് എവിടെയും മത്സരിക്കാൻ പ്രിയങ്കയ്ക്ക് അവകാശമുണ്ട്. എന്നാൽ ഒരു രാഷ്ട്രീയ വ്യക്തിത്വമെന്ന നിലയിൽ അവരുടെ വയനാട്ടിലെ സ്ഥാനാർത്ഥിത്വം എന്ത് സന്ദേശമാണ് ജനങ്ങൾക്ക് നൽകുന്നത്? തന്റെയും സഹോദരന്റെയും കുടുംബ പാരമ്പര്യത്തിനും അതിന്റെ അടിസ്ഥാനത്തിൽ കൊണ്ടാടപ്പെടുന്ന വ്യക്തിമാഹാത്മ്യത്തിനും അപ്പുറം യാതൊന്നും ജനങ്ങൾക്കുമുന്നിൽ നിരത്താൻ ആയില്ലെന്നത് അവരുടെ പ്രചര‌ണ പരിപാടികൾ തുറന്നുകാട്ടുന്നു. പ്രകടമായ പണക്കൊഴുപ്പും കർണാടകത്തിലെ കോൺഗ്രസ് നേതൃത്വത്തിന്റെ വഴിവിട്ട പിന്തുണയും ദീർഘകാലം കോൺഗ്രസ് പയറ്റി പരിചയിച്ച തെരഞ്ഞെടുപ്പ് കുതന്ത്രങ്ങളുമൊഴിച്ചാൽ രാഷ്ട്രീയശൂന്യത മാത്രമാണ് പ്രിയങ്കയുടെ പ്രചരണത്തിന്റെ മുഖമുദ്ര. രാഹുലിന്റെയും പ്രിയങ്കയുടെയും ഡി കെ ശിവകുമാറിന്റെയും അടക്കം കോൺഗ്രസ് നേതാക്കളുടെ ചിത്രം പതിച്ച, പിടിച്ചെടുക്കപ്പെട്ട ആയിരക്കണക്കായ ഭക്ഷ്യക്കിറ്റുകളും മേപ്പടിയിൽ ദുരന്തബാധിതർക്കിടയിൽ വിതരണം ചെയ്യപ്പെട്ട, കാലഹരണപ്പെട്ട് പുഴുവരിച്ച ദുരിതാശ്വാസക്കിറ്റുകളും തുറന്നുകാട്ടുന്നത് കോൺഗ്രസിന്റെ രാഷ്ട്രീയ പാപ്പരത്തമല്ലാതെ മറ്റെന്താണ്? മറുവശത്ത്, സുദീർഘവും ത്യാഗപൂർണവും നിരന്തരവുമായ പൊതുപ്രവർത്തനത്തിലൂടെ സ്ഫുടംചെയ്തെടുത്ത രാഷ്ട്രീയ വ്യക്തിത്വമാണ് എൽഡിഎഫ് സ്ഥാനാർത്ഥി സത്യൻ മൊകേരി. വയനാട്ടിലെ മാത്രമല്ല കേരളത്തിലെയും രാജ്യത്തെയും വിദ്യാർത്ഥികളുടെയും യുവാക്കളുടെയും കർഷകരുടെയും ഇതര സാധാരണക്കാരും പാവപ്പെട്ടവരുമായ ജനവിഭാഗങ്ങളുടെയും ജീവിതസമരങ്ങളിൽ അവരോടൊപ്പം, മുന്നണിയില്‍ നിന്ന് അടിപതറാതെ നയിച്ച പോരാളിയാണ് അദ്ദേഹം. ആ വസ്തുത വയനാട് ലോക്‌സഭാ മണ്ഡലമുൾപ്പെട്ട മൂന്ന് ജില്ലകളിലെയും ജനങ്ങൾക്ക് ഉത്തമബോധ്യമുണ്ടെന്ന് തെളിയിക്കുന്നതായിരുന്നു എൽഡിഎഫ് തെരഞ്ഞെടുപ്പ് പ്രചരണത്തോടുള്ള മണ്ഡലത്തിലെ ജനങ്ങളുടെ പ്രതികരണം. കഴിഞ്ഞ എട്ടുവർഷത്തിലേറെയായി ജനങ്ങളോടൊപ്പം അവരുടെ ദുരിതങ്ങളുടെയും ദുരന്തങ്ങളുടെയും നടുവിൽ അവരെ ചേർത്തുപിടിച്ച് നയിച്ച ഇടതുമുന്നണി സർക്കാരിന്റെ കരുത്താണ് സത്യൻ മൊകേരിയെ പ്രിയങ്കയിൽ നിന്നും വ്യത്യസ്തനാക്കുന്നത്. 

പതിറ്റാണ്ടുകളായി ചേലക്കര ഇടതുപക്ഷ ജനാധിപത്യമുന്നണിക്ക് ഒപ്പമുള്ള യാത്ര ആരംഭിച്ചിട്ട്. എൽഡിഎഫിന്റെ വിജയ പരാജയങ്ങൾ കണക്കിലെടുക്കാതെ ചേലക്കരയിലെ ജനത ആരംഭിച്ച ആ യാത്ര ഉറച്ച കാൽവയ്പുകളോടെ, കൂടുതൽ തിളക്കത്തോടെ തുടരുകതന്നെ ചെയ്യുമെന്നാണ് പരസ്യപ്രചാരണത്തിന് കൊടിയിറങ്ങുമ്പോഴും ലഭിക്കുന്ന സൂചന. കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ആഞ്ഞുവീശിയ യുഡിഎഫ് അനുകൂലതരംഗത്തിലും എൽഡിഎഫിന്റെ കോട്ട കാത്തുസൂക്ഷിച്ച ചേലക്കരയിലെ ജനത മറിച്ചുചിന്തിക്കുമെന്നത് യുഡിഎഫ് അടക്കം പ്രതിയോഗികളുടെ വ്യാമോഹം മാത്രമാണ്. മുനമ്പവും വഖഫുമടക്കം വിഷയങ്ങളെ വൈകാരികമായി ഉയർത്തി ജനങ്ങളെ മതത്തിന്റെ അടിസ്ഥാനത്തിൽ ഭിന്നിപ്പിച്ച് മുതലെടുപ്പ് നടത്താനുള്ള ബിജെപിയുടെയും സംഘ്പരിവാറിന്റെയും കുത്തിത്തിരിപ്പ് രാഷ്ട്രീയം വ്യാമോഹം മാത്രമാണെന്ന് ഈ തെരഞ്ഞെടുപ്പ് അസന്ദിഗ്ധമായി തെളിയിക്കും. വാശിയും വീറും നിറഞ്ഞ പരസ്യ പ്രചരണമാണ് അവസാനിച്ചിരിക്കുന്നത്. എൽഡിഎഫിന്റെ രാഷ്ട്രീയ സന്ദേശം ജനങ്ങളിലെത്തിക്കുന്നതിൽ പ്രകടമായ ഊർജസ്വലതയും കാര്യക്ഷമതയും സമ്മതിദായകരെ പോളിങ്ബൂത്തിൽ എത്തിക്കുന്നതിലും ഉറപ്പുവരുത്താനായാൽ കേരളത്തിന്റ രാഷ്ട്രീയ ഭാവിയിലേക്കുള്ള നിർണായക ചുവടുവയ്പായി ചേലക്കര നിയമസഭാമണ്ഡലത്തിലെയും വയനാട് ലോക്‌സഭാ മണ്ഡലത്തിലെയും ഉപതെരഞ്ഞെടുപ്പുകൾ മാറും. അത് നൽകുന്ന ആത്മവിശ്വാസം എൽഡിഎഫിന്റെ പാലക്കാട് നിയമസഭാ മണ്ഡലത്തിൽ നവംബർ 20ന് നടക്കുന്ന തെരഞ്ഞെടുപ്പ് പ്രചരണപ്രവർത്തനങ്ങൾക്ക് വർധിതാവേശം പകർന്നുനൽകും. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.