യുദ്ധവിമാനത്തില്‍ നിന്നും ഇന്ധന ടാങ്ക് വേര്‍പെട്ട് റണ്‍വേയില്‍ തീപിടിത്തം

Web Desk
Posted on June 08, 2019, 4:49 pm

പനജി : പറന്നുയരുന്നതിനിടെ വ്യോമസേനയുടെ മിഗ് ‑29 കെ പോര്‍വിമാനത്തില്‍ നിന്നും ഇന്ധന ടാങ്ക് വേര്‍പെട്ടു. റണ്‍വേയില്‍ തീപിടിച്ചത് പരിഭ്രാന്തിപരത്തി. ഗോവന്‍ വിമാനത്താവളത്തില്‍ ഉച്ചയോടെയാണ് സംഭവമുണ്ടായതെന്ന് വ്യോമസേനാ വക്താവ് അറിയിച്ചു. ഇന്ധനടാങ്ക് താഴെ വീണതിനെ തുടര്‍ന്ന് തീ പിടിത്തം ഉണ്ടായതിനാല്‍ വിമാനത്താവളം ഒരു മണിക്കൂറോളം അടച്ചിട്ടു.

ഫുള്‍ടാങ്ക് ഇന്ധനം നിറച്ച ശേഷമാണ് വിമാനം പറക്കാന്‍ തുടങ്ങിയത്. അതേസമയം വേര്‍പെട്ട് താഴെ വീണ ഇന്ധന ടാങ്ക് സുരക്ഷിതമാണെന്ന് വിമാനത്താവള അധികൃതര്‍ അറിയിച്ചു. പെട്ടെന്നുണ്ടായ സംഭവവികാസങ്ങളെ തുടര്‍ന്ന് ഗോവയിലേക്കുള്ള വിമാനങ്ങള്‍ താത്കാലികമായി വൈകുന്നതായും റിപ്പോര്‍ട്ടുണ്ട്. ഗോവയില്‍ നിന്നും ഡല്‍ഹിയിലേക്കും മുംബൈയിലേക്കുമുള്ള രണ്ട് വിമാനങ്ങള്‍ രണ്ട് മണിക്കൂര്‍ വൈകി മാത്രമേ യാത്ര തുടങ്ങുകയുള്ളൂവെന്ന് വിസ്താര എയര്‍ലൈന്‍സ് അറിയിച്ചു.

ഒരേസമയം യാത്രാ ആവശ്യങ്ങള്‍ക്കായും സൈനിക ആവശ്യങ്ങള്‍ക്കായും ഗോവന്‍ വിമാനത്താവളം പ്രയോജനപ്പെടുത്താറുണ്ട്. താത്കാലിക പ്രതിസന്ധി നീങ്ങിയെന്നും വിമാനത്താവളം സര്‍വ്വീസുകള്‍ക്കായി തുറന്നിട്ടുണ്ടെന്നും അധികൃതര്‍ വ്യക്തമാക്കി. ഒരു മണിക്കൂറോളമാണ് സുരക്ഷാ കാരണങ്ങളാല്‍ വിമാനത്താവളം അടച്ചിട്ടത്.