മോഡി ആള്‍ദൈവമോ

Web Desk
Posted on October 08, 2017, 10:58 pm

ള്‍ദൈവങ്ങളുടെ വിശ്വസ്തരായ ബിജെപിക്കാര്‍ അവര്‍ക്ക് ഓശാന പാടിപ്പാടി സ്വയം ആള്‍ദൈവമാകുന്നതുപോലെ- പ്രധാനമന്ത്രി നരേന്ദ്രമോഡിക്ക് മീറ്ററില്‍ ക്ഷേത്രമുയരുന്നു എന്ന വാര്‍ത്തവായിച്ചപ്പോള്‍ തോന്നിയതിങ്ങനെയാണ്. ക്ഷേത്രം മാത്രമല്ല അതിനകത്ത് നൂറ് അടി ഉയരമുള്ള പ്രതിമയും ഉയരുമത്രേ! ദേരാസച്ഛാ സൗദാ നേതാവ് ഗുര്‍മീത് രാമിനെപ്പോലെയുള്ളവരുമായുള്ള സഹവാസമാകണം ഇങ്ങനെയൊക്കെ ബിജെപിയെക്കൊണ്ട് ചെയ്യിപ്പിക്കുന്നത്. അല്ലെങ്കിലും മോഡിക്ക് പ്രതിമ ഒരു ദൗര്‍ബല്യമാണ്. വല്ലഭ്ഭായി പട്ടേലിന്റെ 600 അടി ഉയരമുള്ള പ്രതിമ സ്ഥാപിക്കുന്ന ചടങ്ങില്‍ പ്രധാനമന്ത്രി പറഞ്ഞത് ലോകത്തിന് മുകളില്‍ ഈ പ്രതിമ ഉയര്‍ന്നുനിന്ന് രാജ്യയശസ് ഉയര്‍ത്തിപ്പിടിക്കുമെന്നാണ്. രണ്ടായിരം കോടി രൂപ ചെലവിട്ട് ഭ്രാന്തമായ ആവേശത്തോടെ പ്രതിമ നിര്‍മിക്കുന്നതുവഴി അദ്ദേഹം രാജ്യത്തിനും ലോകത്തിനും നല്‍കുന്ന സന്ദേശമെന്താണ്? പ്രധാനമന്ത്രിയുടെ ദൗര്‍ബല്യം വ്യക്തിപരമായ ഇത്തരം ചില മോഹങ്ങളിലാണെന്നത് ഇതിന് മുന്‍പേ വെളിവാക്കപ്പെട്ടതാണ്. തന്റെ പേരു നിറയെ തുന്നിയ 10 ലക്ഷം വിലയുള്ള കോട്ടിട്ട് വിദേശത്ത് രാജ്യയശസ് ഉയര്‍ത്തിപ്പിടിച്ചതിന്റെ പുറകിലെ ചേതോവികാരവും ഇതുതന്നെയാണ്. അതുകൊണ്ട് തനിക്ക് ജീവിച്ചിരിക്കുമ്പോള്‍ തന്നെ ക്ഷേത്രം ഉയരുന്നതില്‍ ഒരനൗചിത്യവും അദ്ദേഹത്തിന് തോന്നാന്‍ വഴിയില്ല. ചരിത്രത്തില്‍ ഈ ചിന്താഗതിയുണ്ടായിരുന്ന മറ്റൊരാള്‍കൂടി ഉണ്ടായിരുന്നു. അഡോള്‍ഫ് ഹിറ്റ്‌ലര്‍.

ഗോപകുമാര്‍, കൊടുങ്ങല്ലൂര്‍