ദൈവത്തിന്റെ ക്ഷമ

അജിത് കൊളാടി

വാക്ക്

Posted on June 27, 2020, 5:30 am

ത്യം പറയണമല്ലോ, ദൈവത്തിന്റെ കാര്യമായതുകൊണ്ട് വിശേഷിച്ചും. ദൈവമായതുകൊണ്ടാണ് ഈ കാലമത്രയും ജീവിക്കുന്നത്. ദൈവത്തിനെ പണ്ടുമുതലേ പലരും നിഷേധിച്ചു പോന്നിട്ടുണ്ട്. അത്തരക്കാരുടെ പട്ടിക എത്രയോ നീണ്ടതുമാണ്. ബൃഹസ്പതി, കപിലൻ, കണാദൻ, ഭൃഗു, ബദരായണൻ, കാറൽ മാർക്സ്, എംഗൽസ്, വോൾട്ടയർ, നീഷേ, ബട്രാന്റ് റസ്സൽ തുടങ്ങി എത്രയെത്ര പേർ. അതൊക്കെ ദൈവം സഹിച്ചു. പക്ഷെ ഈയിടെ സഹിച്ചു സഹിച്ചു വശംകെട്ടു അദ്ദേഹത്തിന്.

ഇപ്പോൾ അദ്ദേഹം ഭൂമിയിൽ കാണുന്നത് മുഴുവൻ അസഹിഷ്ണുതയും അധർമ്മവും അസമത്വവും അനീതിയും വിദ്വേഷവും പരസ്പര ബഹുമാനമില്ലായ്മയും. ഋഷി പ്രോക്തമാം വിധമാണെങ്കിൽ പത്തു തവണ തന്നെ ദൈവം ഈ ലോകത്തിൽ തിരു അവതാരം ചെയ്തിട്ടുണ്ട്. ഏഴെട്ടു തവണ വേറെയുമുണ്ടായിട്ടുണ്ട് എന്ന് ശ്രീമഹാഭാഗവതം. പക്ഷെ, ദശാവതാരങ്ങൾ ആണ് പ്രധാനമുള്ളത്. ആദിമധ്യാന്തങ്ങളില്ലാത്തവന് രൂപഭേദങ്ങൾക്ക് ക്ഷാമമില്ല. അങ്ങിനെയൊക്കെയുള്ള പ്രപഞ്ചം മുഴുവൻ നിറഞ്ഞു നിൽക്കുന്ന ദൈവത്തിനു ഒരു അബദ്ധം പറ്റി. പണ്ടു ഭഗവാൻ പറഞ്ഞു,

“യദാ യദാ ഹി ധർമ്മസ്യ

ഗ്ലാനിർഭവതി ഭാരത

അഭ്യുത്ഥാനമധർമ്മസ്യ

തദാത്മാനാം സൃജാമ്യഹം”.

ഒരു സത്യപ്രതിജ്ഞയുടെ ഗൗരവത്തോടെ വീണ്ടും പറഞ്ഞു,

“പരിത്രാണായ സാധൂനാം

വിനാശായ ച ദുഷ്കൃതാം

ധർമസംസ്ഥാപനാർത്ഥായ

സംഭവാമി യുഗേ യുഗേ”

ഓരോ വേഷങ്ങൾ വന്നപ്പോഴും “സംഭവാമി“യെ ക്കുറിച്ച് മനുഷ്യൻ ആലോചിക്കുന്നു. ആ ഓർമ്മ മനുഷ്യനുണ്ട്. പക്ഷെ എത്ര പ്രാവശ്യം വന്നാലും മനുഷ്യന് തന്നെ മനസ്സിലാവില്ല എന്ന് അദ്ദേഹം കൃത്യമായി മനസ്സിലാക്കി. ഒന്നാമത് ഇടക്കിടക്ക് വരേണ്ടതില്ലല്ലോ, അന്നേ പറഞ്ഞിട്ടുണ്ടല്ലോ. “ഈശ്വര സർവ്വഭൂതാനാം ഹൃദ്ദേശ്വേർ ജുന തിഷ്ടതി” താൻ എല്ലായിടത്തും എപ്പോഴും ഉണ്ട് എന്ന് അന്നേ പറഞ്ഞു. ആർക്കു മനസ്സിലാകാൻ. മനുഷ്യൻ തന്നെ അപമാനിച്ചപമാനിച്ച് എവിടെ വരെ എത്തി. എന്തെല്ലാം കാണേണ്ടി വരുന്നു,കേൾക്കേണ്ടി വരുന്നു. പണ്ടൊക്കെ മനുഷ്യർ താൻ പറഞ്ഞത് മനസ്സിലാക്കിയിരുന്നു. “യത് യത് വിഭൂതി മത് സത്വം ശ്രീമദുർജിത മേവ ച” (എന്താണോ മഹത്തായ ചൈതന്യവും മഹത്തായ ഐശ്വര്യവും മഹത്തായ ശക്തിയും പ്രകടിപ്പിക്കുന്നത് അതെല്ലാം എന്റെ അവതാരമായി കാണണം) അന്ന് പറഞ്ഞതാണ്.

അങ്ങിനെയാണ് വിവേകാനന്ദൻ ക്രിസ്തുവിനെ കണ്ടത്. ഗാന്ധിജി മുഹമ്മദിനേയും ക്രിസ്തുവിനേയും കണ്ടത്. ലോകം ബുദ്ധനിലും വിവേകാനന്ദനിലും ഗാന്ധിയിലും ചൈതന്യം ദർശിച്ചു. ഇന്ന് മനുഷ്യന്റെ വാക്കും ചിന്തയും പ്രവർത്തിയും തമ്മിൽ ഒരു ബന്ധവുമില്ല. മാത്രമല്ല പല ഘട്ടങ്ങളിൽ വാക്കും പ്രവൃത്തിയും വളരെ ഹീനമാകുന്നു, സംസ്കാര ശൂന്യമാകുന്നു. ലോകത്തിൽ സങ്കുചിതത്വവും മനുഷ്യ വിരുദ്ധ പ്രവണതയും വർധിക്കുന്നു. വംശീയതയും വർഗ്ഗീയതയും അധികരിക്കുന്നു. ഭീകരമായ സാമൂഹ്യ സാമ്പത്തിക അസമത്വം എല്ലായിടങ്ങളിലും ദുരിതം വിതയ്ക്കുന്നു. ദാരിദ്ര്യവും തൊഴിലില്ലായ്മയും വർധിക്കുന്നു. സമത്വം, സാഹോദര്യം, സ്വാതന്ത്ര്യം എന്ന മനോഹരമായ ആശയങ്ങൾ എവിടെ? അതാണല്ലോ എല്ലാ മതങ്ങളും ഉദ്ഘോഷിച്ചത്. എല്ലാ പ്രവാചകരും സ്നേഹവും സമാധാനവും സാഹോദര്യവും സഹവർത്തിത്വവും ആണല്ലോ അരുൾ ചെയ്തത്. എവിടെ അതെല്ലാം? ദൈവത്തിന് ക്ഷമ കെടാതിരിക്കുമോ? ഉത്കൃഷ്ടമായ ചിന്തകൾ പറഞ്ഞ നമ്മുടെ സംസ്കാരം ഇന്നെവിടെയെത്തി.

ഏതു സംസ്കാരത്തെപ്പറ്റി സംസാരിക്കുമ്പോഴും ചോദിക്കേണ്ടതായ ഒരു പ്രധാന ചോദ്യം ഉണ്ട്, ആ സംസ്കാരത്തിൽ മനുഷ്യനെ സംബന്ധിച്ച ആശയം എന്താണ് എന്ന്. മനുഷ്യനെയും അവന്റെ പരമ വൈശിഷ്ട്യത്തെയും സംബന്ധിച്ച ആശയം ഒരു ജനതയുടെ സംസ്കാരത്തെ അളക്കാനുള്ള മാനദണ്ഡമാണ്. ഒരു സംസ്കാരത്തിന്റെ ഏറ്റവും പ്രധാനപ്പെട്ട നിർണ്ണായക ഘടകം ആ സംസ്കാരത്തിന്റെ വികാസ ഭംഗിയും,ചോദിക്കപ്പെടുന്ന ചോദ്യങ്ങളും ലഭിക്കുന്ന ഉത്തരങ്ങളുമാണ്. ഗഹനമായ ചിന്തകൾ. അത്തരം ഔന്നത്യത്തിലുള്ള ചിന്തകൾ പുലർത്തിയിരുന്നവരായിരുന്നു നമ്മുടെ പൂർവ്വികർ. ദൈവം ഇപ്പോൾ കാണുന്നത്, ഉയർന്ന ചിന്തയില്ലാത്തവരെയാണ്. മനുഷ്യനെ മനുഷ്യനായി കാണാൻ മടിക്കുന്നവരെയാണ്. മഹത്തായ ചിന്തകൾ ഉടലെടുത്ത ഭൂമിയിൽ ഭേദബുദ്ധിയാണ് കൂടുതൽ എന്നു മനസ്സിലാക്കുന്നു.

ചിന്തിക്കാത്ത സമൂഹത്തെ സൃഷ്ടിക്കുക എന്നതായി ഇവിടത്തെ സംസ്കാരം. വാക്കുകളിലും പ്രവൃത്തികളിലും നിലവാരം കുറയുന്നു. ഉപരിപ്ലവ ചിന്താഗതികൾ എങ്ങും വ്യാപരിക്കുന്നു. വ്യത്യസ്ത അഭിപ്രായങ്ങൾ മാന്യതയോടെ പറയുന്നില്ല. പരസ്പര വിദ്വേഷം കൂടുന്നു. വൈജാത്യങ്ങളെ അംഗീകരിക്കാൻ വിമുഖത കാണിക്കുന്ന മനസ്സുകൾ. ഇതൊക്കെ ദൈവം കാണുന്നുണ്ട്. സൃഷ്ടിപരമായ വിമർശനങ്ങൾ ഇല്ലാത്തതും കാണുന്നു. ശ്രീകൃഷ്ണനും ക്രിസ്തുവും മുഹമ്മദും എന്തെല്ലാം വിമർശനങ്ങൾ കേൾക്കേണ്ടി വന്നു. അവർ അതെല്ലാം സഹിഷ്ണുതയോടെ ഉൾക്കൊണ്ടു. മന്ദഹാസത്തോടെ നേരിട്ടു. ശാന്തിയുടെയും സമാധാനത്തിന്റെയും സാഹോദര്യത്തിന്റെയും സന്ദേശങ്ങൾ അവർ പറഞ്ഞു. അനീതിക്കും അധർമ്മത്തിനും എതിരെ എന്നും പോരാടി. മനുഷ്യസമത്വം ആയിരുന്നു ആ പ്രവാചകരുടെ ജീവിത ലക്ഷ്യം. എന്നിട്ടും മാനവരാശി അവരെ കുരിശിലേറ്റി, അമ്പെയ്തു, മർദ്ദിച്ചു. അപ്പോഴും ദൈവം സഹനശക്തി പ്രകടിപ്പിച്ചു ഇപ്പോൾ കാര്യങ്ങൾ കൂടുതൽ വഷളാണ്. ചിന്തിക്കാനും എഴുതാനും പറയുവാനും ഉള്ള അവകാശം മനുഷ്യന്റെ മൗലിക അവകാശമാണ്.

പക്ഷെ, ഇവിടെ, അതിൽ നിന്ന് എല്ലാം വ്യതിചലിച്ച് സംസാരത്തിലും പ്രവൃത്തിയിലും തീരെ മാന്യത പുലർത്താത്തവരായി പലരും മാറുന്നു. സാമൂഹ്യ മാധ്യമങ്ങളിൽ വളരെ മലീമസമായ, വൃത്തികെട്ട ഭാഷകൾ ഉപയോഗിക്കപ്പെടുന്നു. ആശയങ്ങൾ പറയുന്നതിനു പകരം, വ്യക്തികളെ തേജോവധം ചെയ്യുന്നു. സമൂഹത്തിലെ മിക്കവാറും എല്ലാ പ്രസ്ഥാനങ്ങളും ഈ പാത പിന്തുടരുന്ന രീതി ഉണ്ട് എന്നത് നിർഭാഗ്യകരം. എങ്ങിനെ ഈ ഉജ്ജ്വല പൈതൃകമുള്ള നാട് ഈ അവസ്ഥയിലെത്തി എന്നായിരിക്കും ദൈവം ചിന്തിക്കുന്നത്. ഇത്തരം പ്രവൃത്തികൾ അല്ലല്ലോ ഈ രാജ്യം നൽകിയ ചിരന്തനമായ ജീവിത സന്ദേശം. ജനങ്ങൾ മഹാമാരിയെ അഭിമുഖീകരിക്കുന്നത് ദൈവം കാണുന്നു. ജീവൻ നിലനിർത്തണമോ, വേണ്ടയോ എന്നതാണ് പരമപ്രധാനം. പ്രാണൻ ആണല്ലൊ മുഖ്യം. താൻ നൽകിയ പ്രാണന് ഒരു വിലയും കല്പിക്കാതെ, വെറും സങ്കുചിതമായ മനസ്സിന്റെ ഉടമകളായി, മറ്റുള്ളവരെ പരിഹസിച്ച്, സ്വയം മേനി നടിക്കുന്ന പലരേയും ദൈവം കാണുന്നു. പരിഹാസവും വിമർശനവും ഉന്നയിക്കുന്നവർക്ക് രാജാവിനെയും റാണിയേയും സൃഷ്ടിക്കാനാണ് വ്യഗ്രത. ജീവൻ രക്ഷിക്കാനുള്ള തീവ്രശ്രമം ഒരു ഭാഗത്തു നടക്കുമ്പോൾ അത് കണ്ടില്ലെന്ന് നടിക്കുക.

പണ്ടേ മഹാഭാരതത്തിൽ, അവസാനം, വ്യാസൻ ധർമ്മപുത്രരെ കൊണ്ട് പറയിപ്പിക്കുന്നുണ്ട്, മനുഷ്യൻ ദോഷൈകദൃക്കാണെന്ന്. ഇപ്പോഴും അതു തന്നെ അവസ്ഥ. വൃത്തികെട്ട സങ്കുചിതത്വങ്ങളെ മറന്ന് പുതിയ ചിന്തകൾ ഉണ്ടാകണം. ലോകം മുഴുവൻ ജീവന്മരണ പോരാട്ടത്തിൽ ഏർപ്പെടുമ്പോൾ നാം പൗരന്മാർ ഉയർന്ന ചിന്തയോടെ കർമ്മനിരതരാകണം. സങ്കുചിതത്വങ്ങൾ മനുഷ്യനെ ശ്വാസം മുട്ടിച്ചു കൊല്ലുന്ന ഭീകര മുഹൂർത്തങ്ങളാണ് കോവിഡ് കാലഘട്ടത്തിലും പല രാജ്യങ്ങളിലും രാഷ്ട്രീയ സാമൂഹ്യ സാമ്പത്തിക മേഖലകളും കാണുന്നത്. മഹാഭാരതത്തിൽ വിദുരർ പറയും “നദികളുടെയും മഹാന്മാരുടെയും വലിയ ചിന്തകളുടെയും ഉത്ഭവസ്ഥാനം അന്വേഷിക്കരുത് എന്ന് ” അതുപോലെ നമ്മുടെ രാഷ്ട്രത്തിന്റെ സംസ്കാരം എവിടെയാണ് ആരംഭിച്ചത് എന്നല്ല പ്രസക്തം, അത് എന്നും ചൈതന്യവത്തായിരുന്നു.

പക്ഷെ, ധർമ്മഭ്രംശം സംഭവിച്ചത് എവിടെ നിന്ന്? അതാണ് അന്വേഷിക്കേണ്ടത്. ഈ ധർമ്മഭ്രംശം സമസ്ത മേഖലകളിലും. ദൈവത്തിന്റെ ക്ഷമ എത്രത്തോളം ഉണ്ടാകും. വലിയ മനസ്സു നഷ്ടപ്പെടുന്നു. ചെറിയ ചിന്തയും ചെറിയ മനസ്സും ആണ് പലർക്കും. അതാണ് ദൈവത്തെ ദുഃഖിപ്പിക്കുന്നത്. സ്വാർത്ഥതയും അധികാരമോഹവും സമ്പത്തും ലക്ഷ്യമാകുമ്പോൾ, പല ജീർണ്ണതകളും സംഭവിക്കും. കുഞ്ചൻ നമ്പ്യാർ പാടിയതുപോലെ, “ക്ലേശങ്ങൾ കൂടാതെ കാര്യം ലഭിക്കുമോ, കാശഴിയാതെ കറിക്കൂട്ടു കിട്ടുമോ” എന്നാണ് പലരുടെയും ചിന്ത. പക്ഷെ കുഞ്ചൻ നമ്പ്യാർ തന്നെ പാടിയ മറ്റൊരു വരി, “മെച്ചമേറിടുന്ന പൊന്നിന്റെ മുന്നിലെ, പിച്ചളയ്ക്കുണ്ടോ പ്രകാശം ഭവിക്കുന്നു”, എന്നും ഓർക്കേണ്ടതാണ്.