Wednesday
20 Feb 2019

ദൈവത്തിന്റെ സ്വന്തം നാട് ഇതോ!

By: Web Desk | Friday 28 September 2018 11:08 PM IST

 

p a vasudevan

കഴിഞ്ഞയാഴ്ച വന്ന രണ്ടുമൂന്ന് പ്രധാന വാര്‍ത്തകള്‍ നമ്മുടെ വികസന സങ്കല്‍പ്പത്തിന്റെയും സാംസ്‌കാരിക കേരളത്തിന്റെയും അടിത്തറ ഇളക്കുന്നതായിരുന്നു. ഒരു സാധാരണമെന്നു തോന്നാവുന്ന വാര്‍ത്തയില്‍ നിന്നും നമ്മുടെ വികസന – വിദ്യാഭ്യാസ വികല്‍പങ്ങളിലേയ്ക്കുള്ള ഒരു ‘ടെയ്ക് ഓഫ്’ ആണ് നടക്കേണ്ടത്. വാര്‍ത്ത ഇങ്ങനെ: പാലക്കാട് എലമുള്ളി തറയിലെ രാജമ്മ എന്ന എഴുപത്തിയഞ്ചുകാരി വീണ് ഇടുപ്പെല്ലൊടിഞ്ഞ് ഒരു വീട്ടില്‍ ഒറ്റയ്ക്കുകഴിയുന്നു. വെള്ളം, ഭക്ഷണം തുടങ്ങിയവയില്ല. കരഞ്ഞാല്‍ കേള്‍ക്കാനോ അറിഞ്ഞുവന്ന് നോക്കാനോ ആരുമില്ല. ചുറ്റും ജീവിതങ്ങള്‍ ഒഴുകുമ്പോള്‍ ഈ വൃദ്ധ ദാരിദ്ര്യത്തിലും അനാഥത്വത്തിലും ദുരിതത്തിലുമായിരുന്നു. രാജമ്മയുടെ മക്കള്‍ക്കും ബന്ധുക്കള്‍ക്കും ഇങ്ങനെ തള്ളിവിടാന്‍ എങ്ങനെ തോന്നി. ഒരു ജന്മത്തെ അനാഥമാക്കുന്ന സമൂഹം എന്തു നിഷാദ തുല്യാവസ്ഥയിലാണ്.
രാജമ്മ ഒരു ഒറ്റപ്പെട്ട സംഭവമല്ല. സമ്പൂര്‍ണ സാക്ഷരത നേടിയ, നവോത്ഥാന പടവുകള്‍ കയറിവന്ന കേരളത്തിന് ഇത്തരം കഥകള്‍ ഇനിയും തരാനുണ്ട്. അമേരിക്കയില്‍ നല്ല ജോലിയുള്ള ഒരു സ്ത്രീ, ആരുമറിയാതെ അസ്ഥിമാത്രമായി സ്വന്തം വീട്ടില്‍ ഏറെ ദിവസങ്ങള്‍ ഇരുന്നശേഷമാണ് ആരൊക്കെയോ കണ്ടെത്തിയത്. മരിച്ച് ആഴ്ചകള്‍ കഴിഞ്ഞിട്ടുണ്ടാവും! മകന് ട്രംപിന്റെ നാട്ടിലെ തിരക്കുകള്‍ കാരണം ഒന്നു വിളിക്കാനോ ബന്ധുക്കളെ വിളിച്ച് ഒന്നുപോയി നോക്കാന്‍ പറയാനോ സമയം കിട്ടിയില്ലത്രെ. പിന്നെയും വരുന്നു വാര്‍ത്തകള്‍. ജനറല്‍ ആശുപത്രി അധികൃതര്‍ ഇറക്കിയ ഒരു കുറിപ്പുപ്രകാരം നൂറുകണക്കിന് വൃദ്ധരോഗികള്‍ അവകാശപ്പെടാനാളില്ലാതെ ‘നോക്കെത്താത്ത ദൂരത്ത് കണ്ണും നട്ട്’ ആശുപത്രിവളപ്പില്‍ അലഞ്ഞുതിരിയുന്നു. ആശുപത്രിയില്‍ വിട്ട് ഒരുകാലത്ത് അവര്‍ പോറ്റിവളര്‍ത്തിയ മക്കള്‍ സ്ഥലംവിടുന്നു- ”അണ്‍ ക്ലെയിംഡ് പ്രോപ്പര്‍ട്ടീസ്.”
‘ദൈവത്തിന്റെ സ്വന്തം നാട്ടി’ലെ അതിക്രമങ്ങളുടെ കഥകള്‍ ഇനിയും പറയാനുണ്ട്. ‘എന്റെ മോനെ കണ്ടോ’ എന്ന് ചുറ്റുംനോക്കി നിലവിളിക്കുന്ന ഒരു തള്ളയെക്കുറിച്ചുള്ള വാര്‍ത്ത വന്നു. ആ വൃദ്ധയെ ഏതോ ഒരു മകന്‍ ദൈവത്തിന്റെ സ്വന്തം സ്ഥലമായ ഗുരുവായൂരമ്പലനടയില്‍ നടയിരുത്തി സ്ഥലംവിട്ടത്രെ. നോക്കുമ്പോള്‍ ഇത് നടതള്ളപ്പെട്ടവരുടെ സമൂഹത്തിലെ ഒരു തള്ള മാത്രമാണെന്ന് അമ്പലം അധികൃതര്‍ പറയുന്നു. അമ്മയെ നട തള്ളി, പ്രദക്ഷിണം വച്ച് നടയ്ക്കല്‍ അപരാധത്തിന് പണവും ഇട്ട് പൊന്നാരമകന്‍ തടി ശുദ്ധമാക്കി.
ഇങ്ങനെ വലിച്ചെറിയപ്പെട്ടവരുടെ (നവമി ക്ലീനിന്റെ ഭാഷയില്‍ ‘ദി കാസ്റ്റ് എവെ പീപ്പ്ള്‍’) ഒരുപാട് വാര്‍ത്തകള്‍ ദിവസവും വരുന്നു. പഠിത്തവും ബിരുദവും തൊഴിലുമൊന്നും അടിസ്ഥാന ബന്ധങ്ങളുടെ സ്‌നിഗ്ധതയറിയാതെ പാഴായിപ്പോവുന്നതിന്റെ കഥയാണിത്. ഒരു വ്യാജസാക്ഷര നാടിന്റെ ബന്ധവിപര്യത്തിന്റെ ഉദാഹരണമാണിത്. സമൂഹം, കുടുംബം തുടങ്ങിയ ആരൂഢങ്ങള്‍ തകര്‍ന്നുകഴിഞ്ഞു. ദൈവത്തിന്റെ സ്വന്തം നാടെന്ന് ഇനി നമ്മെക്കുറിച്ച് ആരും പറയരുത്. ദൈവം കാരുണ്യവും സ്‌നേഹവും ആര്‍ദ്രതയുമൊക്കെയാണ്. ദൈവത്തെ അറിയേണ്ടത് അഭയത്തിലാണ്.
പോറ്റിവളര്‍ത്തി വാര്‍ധക്യത്തിലെത്തിയവരെ ദുരിതത്തിലും അനാഥത്വത്തിലും എറിഞ്ഞുകളയുന്ന യൗവനത്തിനുമേല്‍ ഒരു സമൂഹമെങ്ങനെ നിലനില്‍ക്കും. എന്താണിങ്ങനെ സംഭവിക്കുന്നത്. ഒരു സാക്ഷര സമൂഹമെങ്ങനെ ഈവിധം നാശകോശമായി. ഇതു മാത്രമല്ല ദിനസരി വാര്‍ത്തകളിലൂടെ ഒന്നു കടന്നുപോവൂ. നല്ല വാര്‍ത്തകളൊന്നുമില്ലാത്തവിധം പത്ര, ദൃശ്യമാധ്യമങ്ങള്‍ നിറയുന്നു. ബലാത്സംഗങ്ങള്‍, ശിശുപീഡനങ്ങള്‍, കൊലപാതകങ്ങള്‍, ആത്മീയാചാര്യന്മാരുടെ ലൈംഗിക സാഹസിതകള്‍ ഇങ്ങനെ പോകുന്നു വര്‍ത്തമാനകേരളത്തിന്റെ ജീവിതം. അതുകൊണ്ടാണ് എവിടെയാണ് തകരാറെന്ന് കാര്യമായി ചിന്തിക്കേണ്ട സമയമായെന്നു പറയുന്നത്.
തകരാറ് പ്രധാനമായും നമ്മുടെ വിദ്യാഭ്യാസത്തിലും വിദ്യാഭ്യാസ സംസ്‌കാരത്തിലുമാണ്. അമര്‍ത്ത്യസെന്‍ വ്യക്തമാക്കിയ പ്രധാന കാര്യം വിദ്യാഭ്യാസം, ബന്ധങ്ങളുടെ സാര്‍ഥകമായ പുനസംരചനയ്ക്കുവേണ്ടിയാണെന്നതായിരുന്നു. അവിടെ ബന്ധങ്ങള്‍ കൂടുതല്‍ അര്‍ഥപൂര്‍ണമായ ജീവിതത്തിനുവേണ്ടിയുള്ളതാവും. ഈ ബന്ധങ്ങളുടെ അഥവാ സോഷ്യല്‍ ക്യാപിറ്റലിന്റെ സൃഷ്ടിയാണ് വിദ്യാഭ്യാസം കൊണ്ട് ഉദ്ദേശിക്കുന്നത്. അവിടെ പഠനനിരാസവും പുനര്‍പഠനവുമൊക്കെയുണ്ടാവും. ഈ പുനര്‍പഠനമാണ് വിദ്യാഭ്യാസം കൊണ്ട് ഗാന്ധിജിയും ടാഗോറും ഉദ്ദേശിച്ചത്. നേരത്തെ പറഞ്ഞ സംഭവങ്ങളുടെ പശ്ചാത്തലത്തില്‍ ഈ വാദത്തിനെന്താണ് പ്രസക്തി എന്നുചോദിക്കുന്നവരുണ്ടാവും. പ്രസക്തിയുണ്ട്. ഒരു സമൂഹം ബൗദ്ധികമായോ, ഭൗതികമായോ (പ്രളയം പോലുള്ളവ) ചലഞ്ചുകള്‍ നേരിടുമ്പോള്‍ സാധാരണ മൂലധനത്തിനു ചെയ്യാവുന്നത് വളരെ കുറച്ചാണ്. സമൂഹത്തെയോ സമ്പദ്ഘടനയെത്തന്നെയോ പുനര്‍നിര്‍മ്മിക്കുന്നതില്‍ ഏറ്റവും പ്രധാനം സാമൂഹിക മൂലധനം (സോഷ്യല്‍ ക്യാപിറ്റല്‍) തന്നെയാണ്.
സോഷ്യല്‍ ക്യാപിറ്റല്‍ എന്നത് മാനുഷികമായ ബന്ധങ്ങളുടെ ശക്തിയാണ്. സമൂഹത്തിന്റെ നിര്‍ണയങ്ങളില്‍ അതിനുള്ള പ്രസക്തിയാണത്. വെള്ളം കയറി കരമുടിഞ്ഞപ്പോള്‍ ആര്‍ത്തലച്ചുവന്ന മത്സ്യത്തൊഴിലാളികളുടെ ആര്‍ജ്ജവവും കരുണയും. ബോട്ടില്‍ കയറാന്‍ സ്ത്രീകള്‍ക്ക് പാദംവയ്ക്കാന്‍ വെള്ളത്തില്‍ കുനിഞ്ഞുനിന്നുകൊടുത്ത ആ സഹോദരന്റെ ചിത്രം കണ്ടില്ലേ. അത് പുണ്യദര്‍ശനമായിരുന്നു. ഒരു ഭക്തന്റെ നിര്‍മാല്യ ദര്‍ശനത്തിലും പുണ്യദര്‍ശനമായിരുന്നു അത്. മനുഷ്യര്‍, ശരിക്കുംകരുണാര്‍ദ്രരാവുമ്പോള്‍ അവര്‍ ദൈവങ്ങളാവുന്നു. ഇതാണ് സോഷ്യല്‍ ക്യാപിറ്റല്‍. മാനുഷികമായ ഉദാത്ത ബന്ധങ്ങളുടെ സമൃദ്ധി.
ഇതൊക്കെ ശരിക്കും വിദ്യകൊണ്ട് ആര്‍ജ്ജിക്കേണ്ടതാണെന്നാണ് നാം കരുതിപ്പോന്നത്. എന്നാല്‍ മറിച്ചാണ് അനുഭവം. ഔപചാരിക വിദ്യാഭ്യാസത്തിന്റെ ഭാരവും അതു നല്‍കുന്ന സ്വാര്‍ഥവുമില്ലാത്തവരാണ് ആപത്തില്‍ സര്‍വം ഇട്ടെറിഞ്ഞ് ഓടിയെത്തിയത്. പ്രതിഫലമായി നല്‍കിയ പണം ‘നിങ്ങളുടെ ആവശ്യത്തിനു വെച്ചോളൂ’ എന്നുപറഞ്ഞ് മടങ്ങിപ്പോയി. അന്നുതന്നെ മറ്റൊരു വാര്‍ത്തവന്നു. സര്‍വ്വനാശത്തിന്റെ മറവില്‍ ഇരട്ടിവലയ്ക്ക് അത്യാവശ്യസാധനങ്ങള്‍ വിറ്റ് ലാഭമുണ്ടാക്കാന്‍ ഒരു സൂപ്പര്‍ മാര്‍ക്കറ്റുകാരന്‍ ശ്രമം നടത്തി. പഠിപ്പ് സ്വഭാവവും ബന്ധവും ശക്തമാക്കാനും മനുഷ്യനെന്ന ബോധം ഉണര്‍ത്താനും വേണ്ടിയുള്ളതാവണം.
വികസിത രാജ്യങ്ങളിലെ അനുഭവവും ഏതാണ്ടിതൊക്കെതന്നെ. അനാഥമായ വാര്‍ധക്യം നിരവധി. അമേരിക്കയിലെ ഒരു മഹാനഗരത്തിലെ വൃദ്ധസദനത്തില്‍ കുറേ വൃദ്ധര്‍ തീയില്‍ വെന്തുമരിച്ചു. സമ്പന്നരായ മക്കള്‍ പണംകൊടുത്ത് നോക്കാനേല്‍പ്പിച്ച അച്ഛനമ്മമാരായിരുന്നു. വൃദ്ധര്‍ ഇഷ്ടംപോലെ ചുറ്റിത്തിരിഞ്ഞ് അപകടങ്ങളുണ്ടാക്കിയാല്‍ സ്ഥാപനം ഉത്തരവാദിയാവുന്നതുകൊണ്ട് അവരെ കട്ടിലിനോട് ചേര്‍ത്ത് ചങ്ങലയ്ക്കിട്ടു. അഗ്നിബാധയുണ്ടായപ്പോള്‍ വെന്ത് വെന്ത് മരിച്ചു. ലോകത്തിലെ ഒന്നാമത്തെ സമ്പന്നരാജ്യത്തെ കാടത്തത്തിന്റെ കഥയാണിത്.
കേരളത്തിലും ഇത്തരം കഥകള്‍ ഒരുപാടാണ്. സംസ്ഥാനത്തിന്റെ ചില ഭാഗങ്ങളില്‍ മക്കള്‍ ജോലിതേടി വിദേശത്തും വീട്ടുകാവലില്‍ വൃദ്ധമാതാപിതാക്കള്‍ നാട്ടിലും. മരണാനന്തര ചടങ്ങുകള്‍ നടത്താന്‍ വരെ കേന്ദ്രങ്ങളുണ്ട്. അമേരിക്കയിലെ പ്രധാന വ്യവസായങ്ങളിലൊന്ന് ‘ഫ്യൂണറല്‍ ഇന്‍ഡസ്ട്രി’യാണ്. മരിച്ച മാതാപിതാക്കള്‍ക്കുവേണ്ടി കരയാനും ബലിയിടാനുമൊക്കെ ഏജന്‍സികളുണ്ടാവും. മുന്‍കൂട്ടി ശവസംസ്‌കാരം, ബലിതര്‍പ്പണം എന്നിവ ബുക്ക് ചെയ്യുകയും ആവാം.
ഒര്‍ഥത്തില്‍ എല്ലാം എളുപ്പം, എല്ലാം സ്മാര്‍ട്ട്. മറ്റൊരര്‍ഥത്തില്‍ സമൂലനാശം. നമുക്ക് ഈ സമൂഹത്തെ ആകെ ഒന്നു റിപ്പയര്‍ ചെയ്യണം. സര്‍ക്കാരും ശിക്ഷയും ഒന്നും പോരാ. സ്വയം തോന്നണം. ‘ജ്ഞാനപ്പാന’യിലെ രണ്ടു വരികള്‍ ഓര്‍മ്മിക്കാം.
”അമ്മയ്ക്കും പുനരച്ഛനും ഭാര്യക്കും
ഉണ്ണാന്‍പോലും കൊടുക്കുന്നില്ല ചിലര്‍”
പൂന്താനത്തിന്റെ കാലത്തേ ഉണ്ട് ഈ അസുഖം!