‘മാറ്റിനിര്‍ത്തുന്നവരെ മുന്‍നിരയിലെത്തിക്കും’: പരിമിതിയെ മറികടന്ന് റാങ്കിലെത്തിയ ഗോകുല്‍ പറയുന്നു

Web Desk
Posted on August 04, 2020, 8:02 pm

തിരുവനന്തപുരം: തന്റെ പരിമിതികളെ നിശ്ചയദാർഢ്യത്തിലൂടെ നേട്ടമായി മാറ്റി ഗോകുൽ സ്വന്തമാക്കിയത് സിവിൽ സർവീസ്. കാഴ്ച പരിമിതിയെ അതിജീവിച്ച് ആദ്യ ശ്രമത്തിൽ സിവിൽ സർവീസ് നേടിയെടുത്തിരിക്കുകയാണ് തിരുവനന്തപുരം സ്വദേശിയായ ഗോകുൽ. 804-ാം റാങ്കാണ് ഗോകുലിന്. പരിമിതികളില്ലാത്ത മനുഷ്യരില്ലെന്നും പരിമിതികളെ അങ്ങനെ കാണാതിരുന്നാൽ തന്നെ പകുതി വിജയം നേടാനാവുമെന്നും ഗോകുൽ പറയുന്നു.

ബിരുദപഠനകാലത്തുതന്നെ ഗോകുൽ സിവിൽ സർവീസിനായുള്ള പഠനം ആരംഭിച്ചിരുന്നു. ഇക്കാലയളവിൽ സിലബസ് പൂർണമായും പഠിച്ചുകഴിഞ്ഞിരുന്നു. എന്നാൽ പി ജി പൂർത്തിയാക്കിയതിനു ശേഷമാണ് പ്രിലിമിനറി പരീക്ഷ എഴുതിയത്. ഗവേഷക വിദ്യാർത്ഥിയായി ചേർന്നതിനു ശേഷമാണ് മെയിൻ പരീക്ഷ എഴുതിയെടുത്തതും അഭിമുഖത്തിൽ പങ്കെടുത്തതും.

തിരുവനന്തപുരത്തെ മാർ ഇവാനിയോസ് കോളജിൽ നിന്നാണ് ഗോകുൽ ഇംഗ്ലീഷിൽ ബിരുദവും പി ജി യും പൂർത്തിയാക്കിയത്. നിലവിൽ കേരള സർവകലാശാല ഇംഗ്ലീഷ് വിഭാഗത്തിൽ ഗവേഷക വിദ്യാർത്ഥിയാണ്. സമൂഹത്തിൽ പരിമിതികളുടെ പേരിലും അല്ലാതെയും മാറ്റിനിർത്തപ്പെടുന്ന വിഭാഗങ്ങളെ മുൻനിരയിലേക്ക് കൊണ്ടുവരണമെന്നാണ് തന്റെ ആഗ്രഹമെന്ന് ഗോകുൽ പറയുന്നു. പൊതുജനങ്ങൾക്കുവേണ്ടി പ്രവർത്തിക്കാനായി ഏറ്റവും മികച്ച അവസരം നൽകുന്ന സിവിൽ സർവിസിൽ എത്താനായതിനെ മികച്ച രീതിയിൽ വിനിയോഗിക്കുകയാണ് ഗോകുലിന്റെ ലക്ഷ്യം.

 

Sub: gokul bagged rank in Civ­il ser­vice

You may like this video also