പാലിൽ സ്വർണ്ണം ഉണ്ടെന്ന് ബിജെപി: വാക്കു കേട്ട് ഗോള്‍ഡ് ലോണെടുക്കാന്‍ പശുവുമായി ബാങ്കിലേക്ക്

Web Desk
Posted on November 07, 2019, 3:54 pm

കൊൽക്കത്ത: പശുവിൻ പാലിൽ സ്വർണമുണ്ടെന്ന ബിജെപി അധ്യക്ഷന്റെ വാക്കു കേട്ട് പശുവുമായി ഗോൾഡ് ലോണെടുക്കാൻ ബാങ്കിലെത്തി കർഷകൻ. പശ്ചിമ ബംഗാൾ അധ്യക്ഷൻ ദിലീപ് ഘോഷാണ് പശുവിന്റെ പാലിൽ സ്വർണമുണ്ടെന്ന് വാദിച്ചത്. ബംഗാളിലെ മണപ്പുറം ഫിനാൻസിലാണ് ബിജെപി അധ്യക്ഷന്റെ വാക്കു വിശ്വസിച്ച് കർഷകൻ ഗോൾഡ് ലോണിനായി എത്തിയത്.

”ഗോൾഡ് ലോൺ എടുക്കുന്നതിന് വേണ്ടിയാണ് ഞാൻ ഇവിടെ വന്നത്. അതുകൊണ്ടാണ് എന്റെ പശുക്കളേയും കൂടെ കൂട്ടിയത്. പശുവിൻ പാലിൽ സ്വർണമുണ്ടെന്ന് ഞാൻ കേട്ടു. ഞാനും എന്റെ കുടുംബവും പശുക്കളെ ആശ്രയിച്ചാണ് ജീവിക്കുന്നതെന്നും ലോൺ ലഭിക്കുകയാണെങ്കിൽ വ്യാപാരം വിപുലമാക്കാൻ സാധിക്കുമെന്നും കർഷകൻ പറഞ്ഞു. അതേസമയം ദിലീപ് ഘോഷിന്റെ പ്രസ്താവനയെ തുടർന്ന് വലയുകയാണ് ഗരല്‍ഗച്ച ഗ്രാമപഞ്ചായത്ത് പ്രധാന്‍ മനോജ് സിംഗ്. ദിവസേന ആളുകള്‍ പശുക്കളുമായി വീട്ടില്‍ വന്ന് അവരുടെ പശുക്കള്‍ക്ക് എത്ര രൂപ വായ്പ ലഭിക്കുമെന്ന് ചോദിക്കുന്നുവെന്ന് മനോജ് സിംഗ് പറഞ്ഞു.

നാടന്‍ പശുക്കളുടെ പാലില്‍ സ്വര്‍ണമുണ്ടെന്നും അതുകൊണ്ടാണ് പശുവിന്‍ പാലിന് സ്വര്‍ണ നിറമുള്ളതെന്നുമായിരുന്നു ദിലീപ് ഘോഷിന്റെ പ്രസ്താവന. നാടന്‍ പശുവിനെയാണ് ഇന്ത്യക്കാര്‍ മാതാവായി കാണുന്നതെന്നും വിദേശി പശുവിനെ അങ്ങനെ കണക്കാക്കുന്നില്ലന്നും ദിലീപ് ഘോഷ് പറഞ്ഞിരുന്നു.