കാമ്പസുകളിൽ പ്രതിഷേധം തുടരുന്നു:രാഷ്ട്രപതി പങ്കെടുക്കുന്ന ബിരുദദാന ചടങ്ങ് ബഹിഷ്കരിക്കാൻ സ്വർണമെഡല്‍ ജേതാവ്

Web Desk
Posted on December 22, 2019, 10:21 pm

പുതുച്ചേരി: പൗരത്വ ബില്ലിനെതിരെ പ്രതിഷേധ സൂചകമായി ബിരുദദാന ചടങ്ങ് ബഹിഷ്കരിക്കാനാരുങ്ങി ഗോൾഡ് മെഡൽ ജേതാവായ വിദ്യാർത്ഥിനി.പോണ്ടിച്ചേരി യൂണിവേഴ്‌സിറ്റിയിലെ എംഎസ്‌സി ഇലക്ട്രോണിക് മീഡിയയിലെ വിദ്യാർത്ഥിനിയായ കാർത്തിക ബി കുറുപ്പാണ് നാളെ രാഷ്ട്രപതി രാംനാഥ് കോവിന്ദ് അധ്യക്ഷത വഹിക്കാനിരിക്കുന്ന ചടങ്ങ് ബഹിഷ്കരിക്കുന്നത്. പൗരത്വ ബില്ലിനെതിരെയുള്ള പ്രതിഷേധവും എൻആർസി, സിഎഎ എന്നിവ നടപ്പാക്കരുതെന്നും ആവശ്യപ്പെട്ടു കൊണ്ടുള്ള തന്റെ പ്രതിഷേധമാണ് ഇതെന്ന് കാർത്തിക പറഞ്ഞു.

you may also like this video

വാട്സാപ്പ് സ്റ്റാറ്റസിലൂടെയും സന്ദേശത്തിലൂടെയുമാണ് കാർത്തിക തന്റെ പ്രതിഷേധവുമായി രംഗത്തെത്തിയത്. തുടർന്ന് ഇത് സമൂഹമാധ്യമങ്ങളിൽ തരംഗമാകുകയായിരുന്നു. ഇത് തന്റെ സ്വന്തം തീരുമാനമാണെന്നും ഭരണഘടനാവിരുദ്ധവും മനുഷ്യത്വരഹിതവുമായ ബില്ലിനെതിരെ പ്രതിഷേധിക്കാനുള്ള തന്റെ ജനാധിപത്യ അവകാശമാണെന്നും കാർത്തിക ദ ഹിന്ദുവിനോട് പറഞ്ഞു. ബിൽ കേന്ദ്രസർക്കാർ പിന്‍വലിക്കുന്നതുവരെ തന്റെ ബിരുദം സ്വീകരിക്കില്ലെന്നും കാർത്തിക പറഞ്ഞു. കൂടാതെ ചടങ്ങിൽ നിന്ന് വിട്ടുനിൽക്കുമെന്ന് വിദ്യാർഥി യൂണിയനും, നരവംശശാസ്ത്രത്തിലെ ഗവേഷക വിദ്യാർഥി എ എസ് അരുൺ കുമാറും അറിയിച്ചിരുന്നു. എന്നാൽ ചടങ്ങിൽ പങ്കെടുക്കുമെന്നാണ് രാഷ്ട്രപതി അറിയിച്ചിരിക്കുന്നത്.

അതേസമയം ഗവർണറെ ബഹിഷ്കരിക്കുമെന്ന വിദ്യാർഥികളുടെ ഭീഷണിയെ തുടർന്ന് ജാദവ്പൂർ യൂണിവേഴ്‌സിറ്റിയിലെ ബിരുദദാന ചടങ്ങ് അധികൃതർ റദ്ദ് ചെയ്തു. സർവകലാശാല വൈസ് ചാൻസിലര്‍ കൂടിയായ ജഗദീപ് ധന്‍കര്‍ പങ്കെടുക്കുന്ന പരിപാടിയാണ് ഇടതുപക്ഷ വിദ്യാർഥികൾ ബഹിഷ്കരിക്കുമെന്നും കരിങ്കൊടി കാണിക്കുമെന്നും അറിയിച്ചതിനെ തുടർന്ന് റദ്ദാക്കിയത്. അധികൃതരുടെ തീരുമാനത്തിൽ ഗവർണർ നിരാശ രേഖപ്പെടുത്തി.