പിടികൊടുക്കാതെ പൊന്ന് ചരിത്രത്തിലെ ഏറ്റവും വലിയ വിലയിലേയ്ക്ക്

ടി കെ അനിൽകുമാർ

ആലപ്പുഴ

Posted on February 22, 2020, 12:54 pm

സ്വർണ്ണവില വീണ്ടും കുതിച്ചുയര്‍ന്നു. ചരിത്രത്തിലെ ഏറ്റവും വലിയ വിലയിലേയ്ക്ക്. ഇന്ന് മൂന്ന് ഘട്ടങ്ങളിലായി വില ഉയർന്നപ്പോൾ പവന് 31,480 രൂപയായി. 200 രൂപയുടെ വർധനവാണുള്ളത്. ഗ്രാമിന് 25 രൂപ ഉയർന്ന് 3935 ആയി. കഴി‍ഞ്ഞ നാല് ദിവസത്തിനുള്ളിൽ 1080 രൂപയാണ് പവന് വർധിച്ചത്. ഗ്രാമിന് 135 രൂപയും. ഇതോടെ പണിക്കൂലി കൂടാതെ ജി എസ് ടി (3 ശതമാനം) പ്രളയ സെസ് (0. 25 ശതമാനം) വും ഉൾപ്പെടെ ഒരു പവൻ സ്വർണ്ണം വാങ്ങാൻ 35,000 രൂപയ്ക്ക് മുകളിൽ നൽകണം. ഡിസൈൻ ആഭരണങ്ങളുടെ വില ഇതിലും കൂടും. ചുരുക്കത്തിൽ ഒരു ലക്ഷം രൂപയ്ക്ക് മൂന്ന് പവൻ സ്വർണ്ണം പോലും ലഭിക്കില്ല.

ചൈനയിലെ കൊറോണ വൈറസ് ബാധ ആഗോള സാമ്പത്തിക വിപണിക്ക് തിരിച്ചടിയായെങ്കിലും സ്വർണ്ണ വിപണിക്ക് നേട്ടമായി. സാമ്പത്തിക മാന്ദ്യം ഉണ്ടാകുമെന്ന നിക്ഷേപകരുടെ ആശങ്കയാണ് സുരക്ഷിത നിക്ഷേപമെന്ന നിലയിൽ സ്വർണ്ണം തെരഞ്ഞെടുക്കുവാൻ കാരണം. രാജ്യാന്തര വിപണിയിൽ ട്രോയ് ഔൺസിന് ഇന്ന് 1643 ആണ് വില. 27 ഡോളറാണ് ഉയർന്നത്. ഡോളറിന്റെയും രൂപയുടേയും വില ഇടിഞ്ഞതും വില വർധിക്കുവാൻ കാരണമായി. രാജ്യാന്തര വിപണിയിലെ 7 വർഷത്തെ ഏറ്റവും കൂടിയ വിലയാണിത്. രണ്ട് മാസത്തിനുള്ളിൽ ഈ വർഷം 2400 രൂപയാണ് പവന് വർധിച്ചത്. കഴിഞ്ഞ വർഷത്തെ ആകെ വർധനവ് 7,760 രൂപയായിരുന്നു.

കൊറോണ ഭീതി ഒഴിയുന്നത് വരെ വില കുറയില്ലെന്ന് സാമ്പത്തിക വിദഗ്ധർ പറയുന്നു. സ്വർണ്ണത്തോടൊപ്പം വെള്ളി ഉൾപ്പെടെയുള്ള വില കൂടിയ ലോഹങ്ങളുടേയും ഡിമാന്റ് വർധിച്ചിട്ടുണ്ട്. സ്വർണ്ണവില ഉയർന്നതോടെ കച്ചവടം ഏറെ കുറഞ്ഞെന്ന് വ്യാപാരികൾ പറയുന്നു. എന്നാൽ സ്വർണ്ണം വിൽക്കാനെത്തുന്നവരുടെ എണ്ണത്തിൽ വൻ വർധനവുണ്ട്. 2011 ഓഗസ്റ്റിലാണ് സ്വർണ്ണവില പവന് 20,000 കടന്നത്. 2019 ഫെബ്രുവരിയിൽ 25,000 വും കടന്നു. ഈ ജനുവരി ആദ്യവാരമാണ് 30, 000 രൂപ കടന്നത്.

Eng­lish Sum­ma­ry: Gold price hike

You may also like this video