June 1, 2023 Thursday

ലോക സമ്പദ് വ്യവസ്ഥ തകർച്ചയിലേക്ക്; സ്വർണവില കുതിക്കുന്നു

Janayugom Webdesk
ന്യൂഡൽഹി
July 27, 2020 10:35 pm

ലോകസമ്പദ് വ്യവസ്ഥയുടെ ആസന്നമായ തകർച്ച വ്യക്തമാക്കി ആഗോള വിപണിയിൽ സ്വർണവില കുതിക്കുന്നു. കൊറോണ വ്യാപനത്തിന് മുമ്പ് ഇടിഞ്ഞിരുന്ന സ്വർണ വിലയാണ് ഇപ്പോൾ സർവകാല റെക്കോഡിലെത്തിയത്. ഈ മാസം ഒന്നിന് ഇന്ത്യയിലെ അഹമ്മദാബാദ് വിപണിയിൽ പത്ത് ഗ്രാം സ്വർണത്തിന്റെ വില 48,730 രൂപയായിരുന്നത് 27ന് 52,116 രൂപയായി വർധിച്ചു. കേരളത്തിൽ ഒരു പവന് 38,600 രൂപയാണ് വില.

യുഎസ്- ചൈന വ്യാപാര യുദ്ധം, കൊറോണ വ്യാപനത്തെ തുടർന്നുള്ള യുറോപ്യൻ യൂണിയൻ രാജ്യങ്ങളിലെ സാമ്പത്തിക തകർച്ച, ലോക്ഡൗണിനെ തുടർന്നുള്ള എണ്ണ വിപണിയിലെ തകർച്ച, ഒപെക് രാജ്യങ്ങളും യുഎസും തമ്മിലുള്ള എണ്ണ വില സംബന്ധിച്ച അസ്വാരസ്യം എന്നിവയാണ് സ്വർണവില ഗണ്യമായി ഉയരാനുള്ള കാരണമെന്ന് സാമ്പത്തിക വിദഗ്ധർ വിലയിരുത്തുന്നു. തിങ്കളാഴ്ച വ്യാപാരം തുടങ്ങുമ്പോൾ ന്യുയോർക്ക് കമ്പോളത്തിലെ സ്വർണവില ഒരു ഔൺസിന് ( ഒരു ഔൺസ് 28.35 ഗ്രാമിന് തുല്യമാണ് ) 1,902.02 യുഎസ് ഡോളറായി ഉയർന്നു. മാർച്ച് മാസത്തെ അപേക്ഷിച്ച് 30 ശതമാനം വർധനയാണുണ്ടായത്.

സ്വർണത്തിന്റെ വില ഏറ്റവും ഉയർന്ന നിലയിലെത്തിയ 2011നെക്കാൾ ഒരു ശതമാനം കൂടുതലുള്ള വിലയ്ക്കാണ് ഇന്നലെ വൈകിയും വ്യാപാരം തുടർന്നത്. കൊറോണ വ്യാപനത്തെ തുടർന്ന് ഇപ്പോഴും തുടരുന്ന ലോക്ഡൗണുകൾ, വിവിധ രാജ്യങ്ങളിലെ സർക്കാരുകൾ പ്രഖ്യാപിക്കുന്ന സാമ്പത്തിക ഉത്തേജക പാക്കേജുകൾ, കൂടുതൽ പണം അച്ചടിക്കാനുള്ള വിവിധ കേന്ദ്ര ബാങ്കുകളുടെ തീരുമാനം, ബോണ്ടുകളിൽ നിന്നുള്ള ലാഭത്തിലെ കുറവ്, യുറോ, ജാപ്പനീസ് യെൻ എന്നിവയുമായുള്ള വിനിമയ നിരക്കിലുള്ള ഇടിവ് തുടങ്ങിയ കാര്യങ്ങളും സ്വർണ വിപണിയിൽ കൂടുതൽ നിക്ഷേപകരെ എത്തിച്ചു.

കോറോണ വ്യാപനത്തെ തുടർന്നുള്ള സാമ്പത്തിക പ്രതിസന്ധി അടുത്ത പത്ത് വർഷത്തിനിടെ പരിഹരിക്കാൻ കഴിയില്ലെന്ന നിക്ഷേപകരുടെ ബോധ്യവും സ്ഥിതി കൂടുതൽ വഷളാക്കി. മോബിയസ് കാപ്പിറ്റൽസിന്റെ കണക്കുകൾ പ്രകാരം സ്വർണ വിപണിയിൽ കൂടുതൽ നിക്ഷേപം ഉണ്ടായത് അമേരിക്കയിൽ നിന്നാണ്. കഴിഞ്ഞ 18 ആഴ്‌ചയായി സ്വർണ വിപണിയിൽ അമേരിക്കയിൽ നിന്നുള്ള നിക്ഷേപങ്ങളുടെ തോത് ഗണ്യമായി വർധിക്കുന്നതായി മോബിയസ് കാപ്പിറ്റൽസ് സ്ഥാപകരിൽ ഒരാളായ മാർക് മോബിയസ് പറയുന്നു. ബാങ്കുകളുടെ നിക്ഷേപത്തിന്റെ പലിശ പൂജ്യമായോ അതിന് അടുത്തോ ആയി കുറഞ്ഞതും നിക്ഷേപകരെ മഞ്ഞലോഹത്തിലേയ്ക്ക് ആകർഷിച്ചു. ഇതിന്റെ അടിസ്ഥാനത്തിൽ അമേരിക്കയിലെ ബാങ്കുകളുടെ സ്വർണവായ്പകളുടെ തോത് ഗണ്യമായി വർധിപ്പിച്ചു. ഇതും സ്വർണ വിപണിയിൽ കൂടുതൽ പണം നിക്ഷേപിക്കാനും അതിന്റെ ഫലമായി ഗണ്യമായ വിലവർധനയ്ക്കും കാരണമായി. ഇനിയും ഇത് തുടരുമെന്നാണ് ബ്ലൂംബർഗ് റിപ്പോർട്ട് ചെയ്യുന്നത്.

you may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.