സുഗന്ധമില്ലാത്ത സ്വർണം

രമേശ് ബാബു
Posted on July 30, 2020, 3:30 am

”വിനിമയത്തിന്റെ പ്രതീകമായ പണത്തെ സ്വർണ്ണമായി പരിവർത്തിക്കുന്നത് നഷ്ടബോധത്തിലേക്കും നിരാശയിലേക്കുമേ തള്ളിവിടുകയുള്ളു വെന്ന് സാമ്പത്തിക വിദഗ്ധർ പറയുന്നു”.

കനകംമൂലം ദുഃഖം, കാമിനിമൂലം ദുഃഖം എന്ന കവിവാക്യം നിരന്തരം ആവർത്തിക്കപ്പെട്ട് ഒരു ചൊല്ലായി പരിണമിച്ചിട്ടുണ്ട്. അചേതനമായ കനകത്തിന് അഥവാ സ്വർണത്തിന് സ്വതസിദ്ധമായി തന്നെ തിളക്കവും ചൈതന്യവുമുണ്ട്. അതാണ് സ്വർണത്തിന്റെ സവിശേഷത. എന്താണ് സ്വർണത്തെ ഇത്രയും പ്രിയങ്കര വസ്തുവാക്കുന്നത്?

ആദ്യമായി പറയേണ്ടത് പ്രകൃതിയിൽ നിന്ന് ഇത്ര ശുദ്ധരൂപത്തിൽ നിറവും ഭംഗിയുമോടെ ലഭിക്കുന്ന മറ്റൊരു ലോഹമില്ല എന്നുള്ളതാണ്. അത് ഒരിക്കലും തുരുമ്പിക്കുകയുമില്ല. പുരാതനകാലം മുതൽ മനുഷ്യചരിത്രത്തിൽ മൂല്യമുള്ള വസ്തുവിന്റെ പ്രതിരൂപമായി സ്വർണം സാന്നിധ്യമറിയിച്ചിട്ടുണ്ട്. സ്വർണം ആദ്യമായി കുഴിച്ചെടുത്ത് ഉപയോഗിച്ചത് ഇന്ത്യയിലാണെന്ന് പറയപ്പെടുന്നു. ബിസി 2600 ലെ ഈജിപ്ഷ്യൻ ഹൈറോഗ്ലിഫിക്സ് ലിഖിതങ്ങളിൽ സ്വർണം ഈജിപ്തിൽ സുലഭമായിരുന്നുവെന്ന് പരാമർശമുണ്ട്. ബൈബിളിലെ പഴയ നിയമത്തിലും സ്വർണം പരാമർശിക്കപ്പെടുന്നു. വെറും ആഭരണ നിർമ്മാണ വസ്തു അല്ലെങ്കിൽ വിനിമയ നാണ്യം എന്നതിനപ്പുറം സ്വർണത്തെ പഴയകാലം മുതൽക്കേ ഗുണകരമായ ഒട്ടേറെ കാര്യങ്ങൾക്കും പ്രയോജനപ്പെടുത്തിയിരുന്നു. മധ്യകാലഘട്ടത്തിൽ സ്വർണം ഔഷധങ്ങളുടെ ചേരുവയായിരുന്നു. എളുപ്പത്തിൽ രൂപഭേദം വരുത്താവുന്ന ലോഹമെന്ന നിലവിൽ പണ്ടുമുതലെ സ്വർണത്തെ ദന്തചികിത്സകർ ഉപയോഗപ്പെടുത്തിയിരുന്നു, അത് തുടരുന്നു. പ്രൗഢി വിളിച്ചോതുന്ന വസ്ത്രങ്ങളിൽ സ്വർണ കസവ് ആഡംബരം കൂട്ടുന്നു. ശാസ്ത്രസാങ്കേതിക പുരോഗതിയുടെ കാലത്തും സ്വർണത്തിന് നിർണായക പങ്കാണ് വഹിക്കാനുള്ളത്. ഉയർന്ന വൈദ്യുത ചാലകതയുള്ളതിനാൽ ഇലക്ട്രോണിക് മേഖലയുടെ അവിഭാജ്യഘടകമാണ് സ്വർണം.

ദൃശ്യപ്രകാശത്തെയും ഇൻഫ്രാറെഡ് കിരണങ്ങളെയും സ്വർണം നന്നായി പ്രതിഫലിപ്പിക്കുന്നതിനാൽ കൃത്രിമോപഗ്രഹങ്ങളുടെ സംരക്ഷണകവചമായും ശൂന്യാകാശയാത്രികരുടെ വസ്ത്രത്തിലും സ്വർണം ഉപയോഗിക്കുന്നു. സ്വർണത്തിന്റെ ഐസോട്ടോപ്പായ ഗോൾഡ്-198 കാൻസർ ചികിത്സയ്ക്കും പ്രയോജനപ്പെടുത്തുന്നുണ്ട്. ഇതിനൊക്കെ പുറമെ നൂറ്റാണ്ടുകളായി വിനിമയനാണയമായും ഉപയോഗിക്കപ്പെടുന്നു. എന്നാൽ ഇപ്പോൾ സ്വർണം വാർത്തകളിൽ നിറയുന്നത് സദുദ്ദേശ്യങ്ങളുടെ പേരിലല്ല, തികച്ചും പ്രതിലോമപരമായ കൃത്യങ്ങളുടെ പേരിലാണ്. സ്വർണത്തിന്റെ കള്ളക്കടത്ത് പോലുള്ള ക്രയവിക്രയങ്ങൾ രാജ്യത്തിന്റെ സമ്പദ്‌വ്യവസ്ഥയെ തന്നെ അട്ടിമറിക്കും. സ്വർണക്കടത്തും നികുതിവെട്ടിപ്പും രാഷ്ട്രത്തിന്റെ വരുമാനത്തെ ഗുരുതരമായി ബാധിക്കുകയും അസന്തുലിതാവസ്ഥ സൃഷ്ടിക്കുകയും ചെയ്യും. ലോകത്തെ മറ്റേതൊരു രാഷ്ട്രത്തെക്കാളും ഇക്കാര്യത്തിൽ അതീവ ശ്രദ്ധപതിപ്പിക്കേണ്ട രാജ്യം ഇന്ത്യയാണ്, പ്രത്യേകിച്ച് കേരളം. കാരണം ലോകത്ത് ഏറ്റവുമധികം സ്വർണോപഭോഗമുള്ള രാജ്യം ഇന്ത്യയാണ്, അതിൽ തന്നെ ഏറിയ പങ്കും ചെലവഴിക്കപ്പെടുന്നത് കേരളത്തിലും. വേൾഡ് ഗോൾഡ് കൗൺസിലിന്റെ കണക്കുപ്രകാരം ലോകത്ത് ഉല്പാദിപ്പിക്കപ്പെടുന്ന സ്വർണത്തിന്റെ മുപ്പത് ശതമാനം വിപണിയും ഇന്ത്യയിലാണ്. ആവശ്യക്കാർ ഏറെയും കേരളീയരും. യുക്തിഹീനമാണ് കേരളത്തിന്റെ സ്വർണഭ്രമം. സ്ത്രീവിമോചന പ്രസ്ഥാനങ്ങളും ലിംഗസമത്വ മുദ്രാവാക്യങ്ങളും എല്ലാം കേരളത്തിൽ ശക്തമാണെങ്കിലും സ്വർണഭ്രമത്തിന് തടയിടാൻ, അവബോധം സൃഷ്ടിക്കാൻ ഒന്നിനുമാകുന്നില്ല. സ്ത്രീയെ വെറും ഉപഭോഗവസ്തുവാക്കി ചിത്രീകരിക്കുന്ന തലത്തിലാണ് സ്വർണ പരസ്യങ്ങൾ പോലും. സ്വർണവില ഇപ്പോൾ പവന് അൻപതിനായിരത്തിലേക്ക് അടുക്കുകയാണ്. ശരീരത്തിന്റെ അവിടെയും ഇവിടെയും തുളകളുണ്ടാക്കി സ്വർണം ധരിക്കാൻ ആഗ്രഹിക്കുന്ന ഭ്രമക്കാരുടെ മനസിൽ വിലക്കയറ്റം നെഞ്ചിടിപ്പേറ്റുകയാണ്. അവരുടേത് വെറും യുക്തിഹീനവും അകാരണവുമായ ഉത്ക്കണ്ഠയായി പരിഗണിച്ച് തള്ളിക്കളയാം. എന്നാൽ വിലക്കയറ്റത്തിന്റെ മറ്റൊരു വശം വെളിപ്പെടുത്തുന്നത് ആഭ്യന്തര-അന്താരാഷ്ട്ര തലത്തിലെ സാമ്പത്തിക അനിശ്ചിതത്വങ്ങളാണ് വിലവർധനയ്ക്ക് കാരണമെന്നാണ്. കോവിഡ് വ്യാപനം ആഗോള സമ്പദ്ഘടനയെ തകർക്കുമെന്ന ആശങ്കയാണ് ആഗോളവിപണിയിലെ വിലവർധനയ്ക്ക് കാരണം. നിക്ഷേപമെന്ന നിലയിൽ ആളുകൾ ഇപ്പോൾ സ്വർണത്തെ ആശ്രയിക്കുന്നു. ഇന്ത്യയിൽ ഡോളറുമായുള്ള രൂപയുടെ വിനിമയമൂല്യം കുറയുന്നതും സ്വർണത്തിന് വിശ്വാസ്യത കൂട്ടുന്നു. രാജ്യത്തിന്റെ സാമ്പത്തിക ഭദ്രത തകർത്ത നോട്ട് നിരോധനം പോലുളള നടപടിയും വാണിജ്യസ്ഥാപനങ്ങൾ അഭിമുഖീകരിക്കുന്ന ജിഎസ്‌ടിയുമൊക്കെ തന്നെ സ്വർണത്തെ ആശ്രയിക്കാൻ ഇടവരുത്തുന്നുണ്ട്. വലിയ തോതിലുള്ള കൊടുക്കൽ വാങ്ങൽ മുതൽ തീവ്രവാദ പ്രവർത്തനങ്ങൾക്കുള്ള ഫണ്ടിങ് പോലും സ്വർണത്തിലൂടെയാണ് നിർവഹിക്കപ്പെടുന്നതെന്ന് അന്വേഷണ ഏജൻസികൾ ചൂണ്ടിക്കാട്ടുന്നു. ഇതിന് പിന്നിൽ പ്രവർത്തിക്കുന്ന അധോലോകം ഭാവിയിൽ രാഷ്ട്രത്തിന്റെ സമ്പദ്‌വ്യവസ്ഥയെ തന്നെ തകിടം മറിക്കുമെന്നതിനും സമാന്തര അധികാരം കൈയാളുമെന്ന കാര്യത്തിലും സംശയം വേണ്ട.

കേരളത്തിന്റെ പശ്ചാത്തലത്തിലേക്ക് വരുമ്പോൾ രണ്ട് തരത്തിലാണ് സ്വർണത്തിന്റെ ഉപഭോഗം പ്രത്യക്ഷമാകുന്നത്. ഒന്ന് ബുദ്ധിക്കും യുക്തിക്കും നിരക്കാത്ത തരത്തിൽ ബാലെ നർത്തകിമാരെ പോലെ വധുക്കളെ പൊന്നണിയിക്കുന്നത്. ജീവിതോപാധികൾ വിറ്റുതുലച്ചും കിടപ്പാടം കയ്യൊഴിഞ്ഞും ആരെയോ ബോധ്യപ്പെടുത്താൻ വേണ്ടിയാണ് കുടുംബങ്ങൾ അർത്ഥമില്ലാത്ത പൊങ്ങച്ചത്തിന് ശ്രമിക്കുന്നത്. വരുംകാലങ്ങളിൽ സ്വർണധാരണം ജീവൻവരെ അപകടത്തിലാക്കുന്ന സ്ഥിതിയായിരിക്കും സംജാതമാക്കുക. അനധികൃത സമ്പാദ്യമാർഗമായാണ് കേരളത്തിൽ ഒരു വിഭാഗം സ്വർണത്തെ ഉപയോഗപ്പെടുത്തുന്നത്. ഒരു കിലോ സ്വർണം കടത്തിയാൽ അത് ചെയ്യുന്നവർക്ക് ലക്ഷങ്ങളാണത്രേ ലാഭം. മാത്രമല്ല ഒരു രേഖയുമില്ലാതെ രാജ്യത്തെവിടെയും കടത്തിക്കൊണ്ടുപോകാൻ കഴിയുന്ന കച്ചവടസാധനമായിരിക്കുന്നു സ്വർണം. നിലവിൽ അൻപതിനായിരം രൂപയേക്കാൾ വിലയുള്ള ഏത് ചരക്ക് നീക്കം നടത്തണമെങ്കിലും ഇ‑വേബിൽ വേണമെന്നാണ് ജിഎസ്‌ടി നിയമം. എന്നാൽ സ്വർണത്തിന് ഇതൊന്നും ബാധകമല്ല. സ്വർണം കൊണ്ടുപോകാൻ സ്വയം സാക്ഷ്യപ്പെടുത്തൽ മാത്രം മതി. ജിഎസ്‌ടി നിയമത്തിലെ ഈ പഴുതിനെ കേരളം തുടക്കം മുതലേ ചൂണ്ടിക്കാട്ടിയിട്ടുളളതാണെന്ന് കേരള ധനമന്ത്രി തോമസ് ഐസക്കും വ്യക്തമാക്കിയിരുന്നു. രാജ്യത്തേക്ക് വരുന്ന ആയിരം ടൺ സ്വർണത്തിൽ ഇരുന്നൂറ്റിയൻപതോളം ടൺ കള്ളക്കടത്താണെന്നും ഇതിന്റെ വില ഏതാണ്ട് 80,000 കോടി രൂപ വരുമെന്നും കസ്റ്റംസിന്റെ കണ്ണുവെട്ടിച്ചാൽ ഈ സ്വർണത്തെ പിന്നെ പിടികൂടാൻ ജിഎസ്‌ടി നിയമത്തിനാകില്ലെന്നും ധനമന്ത്രി ചൂണ്ടിക്കാട്ടുന്നു. ഈ പഴുതുകൾ അടയ്ക്കാതിരിക്കുന്നത് സൂചിപ്പിക്കുന്നത് സ്വർണക്കടത്ത് ആരുടെയൊക്കെയോ ആവശ്യമാണെന്നതാണ്. കുടിവെള്ളവും ശുദ്ധവായുവും അന്യംനില്ക്കാൻ തുടങ്ങുന്ന ലോകത്ത് കൊറോണ വൈറസ് വ്യാപനം കൂടി ശക്തമായതോടെ മനുഷ്യന്റെ നിലനില്പ് ചോദ്യം ചെയ്യപ്പെടുകയാണ്. ഇതിനിടയിലും നടക്കുന്ന സ്വർണത്തിനായുള്ള കിടമത്സരങ്ങൾ രോഗാതുരമായ ഒരു സാമൂഹിക അവസ്ഥയെയാണ് പ്രതിഫലിപ്പിക്കുന്നത്.