സ്വർണ്ണവിലയിലെ കുതിപ്പ്; കവർച്ച തടയാൻ പൊലീസിന്റെ മുന്നറിയിപ്പ്

ഷാജി ഇടപ്പള്ളി

കൊച്ചി

Posted on August 02, 2020, 7:41 pm

സ്വർണ്ണവില കുതിച്ചുകയറുന്ന സാഹചര്യത്തിൽ കവർച്ചയ്ക്കുള്ള സാധ്യത കണക്കിലെടുത്ത് ജനങ്ങൾ ജാഗ്രത കൈവിടരുതെന്ന സന്ദേശവുമായി പൊലീസ് സജീവം.

സ്വർണ്ണ കള്ളക്കടത്ത് കേസ് അന്വേഷണം ഒരു വശത്ത് നടക്കുമ്പോൾ തന്നെ ജ്വല്ലറി കവർച്ചയും നിരവധി വീടുകളിൽ മോഷണം നടന്ന സംഭവങ്ങളും സമീപ ദിവസങ്ങളിൽ കേരളത്തിൽ വിവിധ ഇടങ്ങളിലുണ്ടായിട്ടുണ്ട്. ഇതിന്റെ പശ്ചാത്തലത്തിൽ കൂടിയാണ് പൊലീസ് ഉദ്യോഗസ്ഥർ തങ്ങളുടെ സ്റ്റേഷൻ പരിധിയിലുള്ള ജനപ്രതിനിധികളോടും പൊതുപ്രവർത്തകരോടും റെസിഡൻസ് അസോസിയേഷൻ ഭാരവാഹികളോടും രാത്രി കാലങ്ങളിൽ കൂടുതൽ മുൻ കരുതൽ വേണമെന്ന് നിർദ്ദേശിച്ചിരിക്കുന്നത്.

കോവിഡ് പശ്ചാത്തലത്തിൽ യോഗം ചേരുവാൻ കഴിയാത്തതിനാൽ വോയ്സ് മെസേജായിട്ടാണ് വിവിധ ഗ്രൂപ്പുകളിലേക്ക് ഇത്തരം മുന്നറിയിപ്പ് സന്ദേശം എത്തിക്കുന്നത്. ഒരു പവൻ സ്വർണ്ണത്തിന് വില നാൽപ്പതിനായിരത്തിന് മുകളിലായിട്ടുണ്ട്. മക്കളുടെ വിവാഹ ആവശ്യങ്ങൾക്കും മറ്റിതര ആഘോഷങ്ങൾക്കും ഇനി സ്വർണ്ണം വാങ്ങുകയെന്നത് വലിയ സാമ്പത്തിക ബാധ്യത വരുത്തുന്ന അവസ്ഥയിലേക്കാണ് കാര്യങ്ങൾ നീങ്ങുന്നത്. ഈ ചുറ്റുപാടിൽ കൈവശമുള്ള സ്വർണ്ണം നഷ്ടപ്പെടാതിരിക്കാൻ ഏറെ ജാഗ്രത വേണമെന്നും മഴക്കാലമായതിനാൽ മോഷ്ടാക്കളുടെ ശല്യം കൂടാനാണ് സാധ്യതയെന്നുമാണ് പൊലീസ് നൽകുന്ന മുന്നറിയിപ്പ്.

എറണാകുളം ചേരാനല്ലൂരിൽ ഒരു ജ്വല്ലറിയിൽ കവർച്ച നടന്ന് ഒരു കിലോ സ്വർണ്ണം മോഷണം പോയതും ദിവസങ്ങൾക്കുള്ളിൽ പ്രതിയെ പിടികൂടിയ സംഭവവും സമീപ ദിവസമാണ് ഉണ്ടായത്. അതുപോലെ വിവിധ സ്റ്റേഷൻ പരിധികളിൽ മോഷണ കേസുകളും രജിസ്റ്റർ ചെയ്യപ്പെട്ടിട്ടുണ്ട്. ജനലുകളും വാതിലുകളും ഭദ്രമായി അടച്ചു കിടക്കണമെന്നും കൈവശമുള്ള സമ്പാദ്യം സൂക്ഷിക്കണമെന്നും സന്ദേശത്തിലുണ്ട്.

കണ്ടെയ്ൻമെന്റ് സോണുകളും നിയന്ത്രണങ്ങളും നിലനിൽക്കുന്നതിനാൽ ഓരോ സ്റ്റേഷനുകളിലും ജോലിയിലുണ്ടാകുന്ന പൊലീസുകാരുടെ എണ്ണം കുറവാണ്. അതിനാൽ പൊലീസിനെ അറിയിച്ചുകൊണ്ട് പ്രദേശത്തെ റസിഡൻസ് അസോസിയേഷൻ നേതൃത്വത്തിൽ രാത്രികാലങ്ങളിൽ സ്ക്വാഡ് പ്രവർത്തനവും നടത്തണമെന്നുള്ള അഭ്യർത്ഥനയും പൊലീസിന്റെ ഭാഗത്തുനിന്നും ഉണ്ടായിട്ടുണ്ട്. പൊലീസിന്റെ ഔദ്യോഗിക തീരുമാനമായിട്ടല്ല ഇത്തരം സന്ദേശം ഗ്രൂപ്പുകളിൽ കൈമാറുന്നത്. എന്നാൽ തങ്ങളുടെ സ്റ്റേഷൻ പരിധിയിൽ കൈക്കൊള്ളുന്ന സുരക്ഷയുടെ ഭാഗമായിട്ടാണ് ചുമതലക്കാരായ ഉദ്യോഗസ്ഥർ മുൻകരുതൽ നടപടികൾ ആരംഭിച്ചിട്ടുള്ളത്.

 

Sub: gold price hike; police issued alert

you may like this video also