സ്വര്‍ണ വില സര്‍വകാല റെക്കോര്‍ഡില്‍

Web Desk
Posted on August 07, 2019, 1:39 pm

തിരുവനന്തപുരം: സ്വര്‍ണ വില സര്‍വകാല റെക്കോര്‍ഡില്‍. ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന വിലയാണ് സ്വര്‍ണത്തിന് ഇന്ന് കേരളത്തില്‍ രേഖപ്പെടുത്തിയത്. പവന് 27,200 രൂപയും ഗ്രാമിന് 3,400 രൂപയുമാണ് ഇന്നത്തെ വില. ഗ്രാമിന് 50 രൂപയും പവന് 400 രൂപയുമാണ് വര്‍ധിച്ചത്. ഗ്രാമിന് 3,350 രൂപയും പവന് 26,800 രൂപയുമായിരുന്നു ഇന്നലത്തെ നിരക്ക്.

ആഗോള വിപണിയില്‍ ട്രോയ് ഔണ്‍സ് സ്വര്‍ണ്ണത്തിന് 1,485.01 ഡോളറാണ് ഇന്നത്തെ നിരക്ക്. 12.27 ഡോളറിന്റെ വര്‍ധനയാണ് സ്വര്‍ണവിലയിലുണ്ടായത്. കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ 20 ശതമാനത്തിന്റെ വര്‍ധനയാണ് സ്വര്‍ണ്ണവിലയില്‍ ഉണ്ടായിരിക്കുന്നത്.

രണ്ടാം മോഡി സര്‍ക്കാരിന്റെ ആദ്യ ബജറ്റില്‍ സ്വര്‍ണത്തിന്റെ ഇറക്കുമതി തീരുവ 2.5 ശതമാനം ഉയര്‍ത്തി 12.5 ശതമാനമാക്കിയിരുന്നു. ഇതേത്തുടര്‍ന്നാണ് സ്വര്‍ണവില കുത്തനെ ഉയര്‍ന്നത്. നേരത്തെ 10 ശതമാനമായിരുന്നു സ്വര്‍ണത്തിന്റെ ഇറക്കുമതി തീരുവ. അമേരിക്കയും ചൈനയും തമ്മിലുള്ള വ്യാപാരയുദ്ധം തുടരുന്നതും രൂപയുടെ മൂല്യത്തകര്‍ച്ചയും ഇന്ത്യയില്‍ സ്വര്‍ണ്ണവില ഉയരാന്‍ ഇടയാക്കിയിട്ടുണ്ട്.

വേള്‍ഡ് ഗോള്‍ഡ് കൗണ്‍സില്‍ പുറത്തുവിട്ട കണക്കുകള്‍ പ്രകാരം കഴിഞ്ഞ മൂന്ന് മാസത്തിനിടെ ഇന്ത്യ 213 ടണ്‍ സ്വര്‍ണ്ണം ഇറക്കുമതി ചെയ്തിട്ടുണ്ട്. ഇറക്കുമതിയില്‍ കഴിഞ്ഞ വര്‍ഷത്തേക്കാള്‍ 13 ശതമാനം വര്‍ധന രേഖപ്പെടുത്തിയിട്ടുണ്ട്. കേരളത്തില്‍ അടുത്ത രണ്ടാഴ്ചയ്ക്കുള്ളില്‍ ഓണം, വിവാഹ സീസണുകള്‍ തുടങ്ങുന്നതിനാല്‍ വില വീണ്ടും ഉയരാന്‍ സാധ്യതയുണ്ട്.