March 23, 2023 Thursday

കൊറോണയിൽ ആടിയുലഞ്ഞ് സ്വർണ്ണ വിപണി; പവന് 29,920

ടി കെ അനിൽകുമാർ
ആലപ്പുഴ
March 19, 2020 9:08 pm

കൊറോണ ബാധയിൽ ആടിയുലഞ്ഞ് സ്വർണ്ണ വിപണി. ഇന്ന് രാവിലെ പവന് 29,600 ഉം ഗ്രാമിന് 3700 ഉം രേഖപ്പെടുത്തിയ വിപണി ഉച്ചയ്ക്ക് ശേഷം ഉയർന്നു. പവന് 29,920 ഉം ഗ്രാമിന് 3740 ആണ് വില. 320 രൂപയുടെ വ്യത്യാസമാണ് ഉച്ചയ്ക്ക് ശേഷം പവന് നേരിട്ടത്. ബുധനാഴ്ച 30, 080 രൂപ പവനും 3760 രൂപ ഗ്രാമിനും രേഖപ്പെടുത്തിയിരുന്നു. സ്വർണ്ണവിലയിലെ കയറ്റിറക്കങ്ങൾ നിക്ഷേപകരുടെ ആശങ്ക വർധിപ്പിക്കുന്നുണ്ട്.

കൊറോണയെ തുടർന്ന് ഓഹരികളിൽ സ്വർണ്ണം സുരക്ഷിത നിക്ഷേപമായി കണ്ടവരുടെ നെഞ്ചിടിപ്പിക്കുന്നതാണ് വിലയിലെ ചാഞ്ചാട്ടം. കോവിഡ്-19 ന്റെ പശ്ചാത്തലത്തിൽ വിവാഹ ചടങ്ങുകൾ ഉൾപ്പെടെ മാറ്റിവെച്ചത് വ്യാപാരത്തിന് ഭീഷണിയായി. അതുകൊണ്ടുതന്നെ വിലകുറഞ്ഞിട്ടും സ്വർണ്ണം വാങ്ങുവാനെത്തുന്നവരുടെ എണ്ണത്തിൽ കാര്യമായ വർധനവില്ല. മാർച്ച് ആറാം തീയതി മുതൽ ഒമ്പതാം തീയതി വരെ ഈ മാസത്തെ ഏറ്റവും ഉയർന്ന നിരക്കായിരുന്ന 32,320 രൂപയായിരുന്നു ഒരു പവന്. ഫെബ്രുവരിയിലെ ഏറ്റവും ഉയർന്ന നിരക്ക് 32,000 ആയിരുന്നു.

കൊറോണ വൈറസിന്റെ സാമ്പത്തിക ആഘാതം സ്വർണ്ണ വിപണിയെ എങ്ങനെ ബാധിക്കുമെന്ന് അറിയാൻ കഴിയില്ലെന്നാണ് സാമ്പത്തിക വിദഗ്ധരുടെ അഭിപ്രായം. ചൈനയിൽ കൊറോണ വ്യാപിച്ചതോടെയാണ് സ്വർണ്ണവില ചരിത്ര കുതിപ്പിലെത്തിയത്. ആഗോള സാമ്പത്തിക വിപണിക്ക് കൊറോണ തിരിച്ചടിയായെങ്കിലും സ്വർണ്ണവിപണിക്ക് അത് നേട്ടമായി. രാജ്യാന്തര വിപണിയിലെ ഏഴ് വർഷത്തെ ഏറ്റവും കൂടിയ വിലയാണ് കഴി‍ഞ്ഞമാസം രേഖപ്പെടുത്തിയത്. ഈ വർഷം രണ്ടരമാസം കൊണ്ട് 2400 രൂപ പവന് വർധിച്ചു. എന്നാൽ കഴിഞ്ഞ വർഷത്തെ ആകെ വർധനവ് 7760 രൂപയായിരുന്നു. 2011 ഓഗസ്റ്റിലാണ് സ്വർണ്ണവില പവന് 20,000 കടന്നത്. 2019 ഫെബ്രുവരിയിൽ 25,000 വും കടന്നു. ഈ ജനുവരി ആദ്യവാരമാണ് 30,000 കടന്നത്.

YOU MAY ALSO LIKE THIS VIDEO

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.