സ്വർണ വില കയറുന്നു വിൽപ്പനയുടെ കാര്യത്തിൽ ഇടിവ്

Web Desk

കൊച്ചി

Posted on July 31, 2020, 4:46 pm

റെക്കോർഡ് ഭേദിച്ച് സ്വർണവില. തുടർച്ചയായ ഒമ്പതാം ദിവസം വില ഉയർന്ന് പവന് 40, 000 രൂപയിലെത്തി. സാധാരണക്കാരന് അപ്രാപ്യമാവുമ്പോഴും നിക്ഷേപം എന്ന നിലയിൽ സ്വർണം ഏറ്റവും മികച്ച ഉൽപ്പന്നമായി നിലനിൽക്കുന്നു. കോവിഡ് വ്യാപനംമൂലമുള്ള ആഗോള സാമ്പത്തിക പ്രതിസന്ധി, ഭൗമ‑രാഷ്ട്രീയ സംഘർഷങ്ങൾ തുടങ്ങിയവയാണ് വിലവർധനവിന് പിന്നിൽ. ഡോളർ വിനിമയ നിരക്കിലുണ്ടായ ഇടിവാണ് ആഗോള വിപണിയിൽ സ്വർണവിലയിൽ പെട്ടെന്നുണ്ടായ വർധനയ്ക്കുപിന്നിൽ. കോവിഡ് വ്യാപനംമൂലം വിവിധ രാജ്യങ്ങളിലെ കേന്ദ്ര ബാങ്കുകൾ ഉത്തേജനപാക്കേജുകൾ വീണ്ടും പ്രഖ്യാപിക്കുമെന്ന പ്രതീക്ഷയും സ്വർണത്തിന്റെ ഡിമാൻഡ് കൂട്ടി. ഇതോടെ ഗ്രാമിന് വില 5,000 രൂപയുമായി. വെള്ളിയാഴ്ച പവന് 280 രൂപയും വ്യാഴാഴ്ച 320 രൂപയും വർധിച്ചിരുന്നു. അന്താരാഷ്ട്ര വിപണിയിൽ ഒരു ട്രോയ് ഔൺസ് (31.1 ഗ്രാം) തനിത്തങ്കത്തിന്റെ വില സ്ഥിരതയാർജിച്ചു. 1,958.99 ഡോളർ നിലവാരത്തിലാണ് വ്യാപാരം പുരോഗമിക്കുന്നത്.

കൊവിഡ് വ്യാപനത്തെതുടർന്ന് ആഗോള സാമ്പത്തിക പ്രതിസന്ധിയെ തുടർന്ന് സുരക്ഷിത നിക്ഷേപമെന്ന നിലയിൽ സ്വർണത്തിൽ നിക്ഷേപം വർധിച്ചതാണ് വിലയെ കുതിപ്പിന് കാരണം. വെള്ളിവിലയിലും വർധനവ് രേഖപ്പെടുത്തി. കിലോഗ്രാമീന് 865 രൂപ വർധിച്ച് 63,355 രൂപയാണ് വില. സർവകാല റെക്കോർഡ് ഭേദിച്ച് സ്വർണ വില മുന്നേറുമ്പോഴും രാജ്യത്തെ സ്വർണ ഡിമാൻഡ് കുറയുന്നു. ഏപ്രിൽ മുതൽ ജൂൺ വരെയുള്ള കാലയളവിൽ 70 ശതമാനം ഇടിവാണ് ഉണ്ടായത്. മൂല്യത്തിന്റെ കാര്യത്തിൽ 57 ശതമാനം ഇടിവും ഉണ്ടായതായി വേൾഡ് ഗോൾഡ് കൗൺസിൽ റിപ്പോർട്ടിൽ പറയുന്നു. ഏപ്രിൽ‑ജൂൺ കാലയളവിൽ 63.7 ടൺ സ്വർണമാണ് രാജ്യത്ത് വിറ്റു പോയത്. അതേസമയം കഴിഞ്ഞ വർഷം ഇതേ കാലയളവിൽ 213.2 ടൺ സ്വർണവിൽപ്പന നടന്നിരുന്നു.

മൂല്യത്തിന്റെ അടിസ്ഥാനത്തിലാണെങ്കിൽ കഴിഞ്ഞ വർഷം ഏപ്രിൽ‑ജൂൺ കാലയളവിൽ 62420 കോടി രൂപയുടെ വിൽപ്പന നടന്നപ്പോൾ ഈ വർഷം നടന്നത് 26000 കോടി രൂപയുടെ വിൽപ്പന മാത്രം. സ്വർണാഭരണ വിൽപ്പനയുടെ കാര്യത്തിലും ഇടിവ് സംഭവിച്ചിട്ടുണ്ട്. 42 ടൺ സ്വർണാഭരണങ്ങളാണ് ഈ വർഷം വിറ്റുപോയത്. കഴിഞ്ഞ വർഷം ഇതേ കാലയളവിൽ അത് 168.6 ടണ്ണായിരുന്നു. 74 ശതമാനം കുറവ്. 18350 കോടി രൂപയുടെ വിൽപ്പനയാണ് കഴിഞ്ഞ മൂന്നു മാസത്തിൽ നടന്നത്. കഴിഞ്ഞ വർഷം ഇതേകാലയളവിലെ 49380 കോടി രൂപയെ അപേക്ഷിച്ച് 63 ശതമാനത്തിന്റെ കുറവ്.

അമേരിക്കയും ചൈനയും തമ്മിലുള്ള സാമ്പത്തീക രംഗത്തുണ്ടായ അഭിപ്രായ വ്യത്യാസങ്ങൾ രൂക്ഷമായതോടെ ആഗോളരംഗത്തുണ്ടായ സാമ്പത്തീക മാന്ദ്യം സ്വർണം നല്ല നിക്ഷേപം എന്ന നിലയിലേയ്ക്ക് ഉയരാൻ ഇടയായിട്ടുണ്ടെന്ന് സാമ്പത്തീക വിദഗ്ദ്ധർ അഭിപ്രായപ്പെടുന്നു. എന്നാൽ നിക്ഷേപം എന്ന രീതിയിൽ പൂർണമായും സ്വർണത്തെ ആശ്രയിക്കുന്നത് ശരിയല്ലെന്ന അഭിപ്രായം ഉയരുന്നു. ഒരു ലക്ഷം രൂപ നൽകിയാൽ ഒരു മാല വാങ്ങാൻ കഴിയാത്ത അവസ്ഥയാണ് സാധാരണക്കാരനെ വലയ്ക്കുന്നത്. എന്നാൽ സ്വർണം നേട്ടം നൽകുന്ന നിക്ഷേപമാണെന്ന കാര്യത്തിൽ സാമ്പത്തീക വിദഗ്ദ്ധർ ഇപ്പോഴും ഉറച്ചു നിൽക്കുകയാണ്.
you may also like this video