കെ രംഗനാഥ്

ദുബൈ

August 12, 2020, 10:05 pm

തിരുവനന്തപുരം സ്വര്‍ണക്കടത്തു കേസ് കേന്ദ്രസർക്കാർ തളര്‍ത്തുന്നു

Janayugom Online

കെ രംഗനാഥ്

ഭീകര‑ദേശദ്രോഹബന്ധമുള്ള തിരുവനന്തപുരം സ്വര്‍ണം കള്ളക്കടത്തു കേസ് അന്വേഷണം തളര്‍ത്താന്‍ കേന്ദ്രം പുതിയ തന്ത്രങ്ങള്‍ മെനയുന്നുവെന്ന് സൂചന. ഈ കേസിലെ പ്രധാന പ്രതികളില്‍ പലരും ദുബായ് താവളമാക്കി പ്രവര്‍ത്തിക്കുന്നവരാണെങ്കിലും ഇവരെക്കുറിച്ച് അന്വേഷിക്കാന്‍ പേരിന് രണ്ടംഗസംഘത്തെ യുഎഇയിലേക്ക് അയച്ചത് ഇതിനു തെളിവായി ചൂണ്ടിക്കാണിക്കപ്പെടുന്നു.

വന്‍സാമ്പത്തിക ബന്ധമുള്ള ഈ കള്ളക്കടത്തു കേസ് അന്വേഷണത്തില്‍ സിബിഐയെ കച്ചിയില്‍ തൊടീക്കാത്ത കേന്ദ്രം എന്‍ഐഎയിലെ ഒരു ഡിഎസ്‌പിയടക്കം വെറും രണ്ടുപേരെയാണ് ദുബായിലേക്ക് അയച്ചത്. ഇവര്‍ക്കാകട്ടെ ഇപ്പോള്‍ ദുബൈ പൊലീസിന്റെ കസ്റ്റഡിയിലുള്ള മൂന്നാം പ്രതി ഫരീദ് ഫൈസല്‍, അലവി, റബിന്‍സ് എന്നിവരെ ചോദ്യം ചെയ്യാന്‍ പോലുമായിട്ടില്ല. ഇത്തരം കേസുകളില്‍ ദേശദ്രോഹം, ഭീകരവാദം, ആയുധക്കടത്ത്, മയക്കുമരുന്ന് കടത്ത്, സ്വര്‍ണക്കടത്ത്, സാമ്പത്തിക കുറ്റകൃത്യങ്ങള്‍ എന്നീ മേഖലകളില്‍ പ്രത്യേകം സ്പെഷലൈസ് ചെയ്തവരെയാണ് അന്വേഷണത്തിനയയ്ക്കുക. എന്നാല്‍ ഒരു സാദാ ഡിഎസ്‌പിയടക്കം രണ്ടുപേരെ മാത്രം അന്വേഷണത്തിനയച്ചത് ഈ കേസ് ദുര്‍ബലപ്പെടുത്താന്‍ ഇതിനകം തന്നെ ആവിഷ്കരിച്ചു കഴിഞ്ഞ ഒരു പദ്ധതിയുടെ ഭാഗമാണെന്ന ആരോപണമുയര്‍ന്നു കഴിഞ്ഞു.

കുറ്റവാളികളെ പരസ്പരം കൈമാറാനുള്ള ഉടമ്പടിയില്‍ ഇന്ത്യയും യുഎഇയും ഒപ്പുവച്ചിട്ടുള്ളതിനാല്‍ കുറ്റവാളികളെ ഇന്ത്യക്ക് കൈമാറുന്നതില്‍ യുഎഇ എന്നും മാന്യമായാണ് പെരുമാറിയിട്ടുളളത്. മൂന്നു വര്‍ഷം മുമ്പ് കശ്മീരിലെ പുല്‍വാമയില്‍ സിആര്‍പിഎഫ് ക്യാമ്പ് ആക്രമിച്ച് അഞ്ച് അര്‍ദ്ധസൈനികരെ കൊലപ്പെടുത്തിയ കേസില്‍ യുഎഇലേക്ക് കടന്ന ജെയ്ഷെ മുഹമ്മദ് ഭീകരന്‍ നിസര്‍ അഹമ്മദിനെ കഴിഞ്ഞവര്‍ഷം ഏപ്രില്‍ മൂന്നിന് ഇന്ത്യയ്ക്ക് കൈമാറിയിരുന്നു. ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവല്‍ ദുബൈയിലെത്തി അന്വേഷണത്തിനു നേതൃത്വം നല്കിയതിനൊടുവിലാണ് ഈ കൊടും ഭീകരനെ കണ്ടെത്തിയത്. ഡോവല്‍ നല്കിയ സൂചനകളനുസരിച്ചായിരുന്നു നിസാര്‍ അഹമ്മദിനെ ദുബൈ പൊലീസ് അറസ്റ്റ് ചെയ്തത്. ഒരു പ്രത്യേക വിമാനത്തില്‍ ഇയാളെ ഇന്ത്യയിലേക്ക് അയച്ച ശേഷമായിരുന്നു മറ്റു നടപടിക്രമങ്ങളെല്ലാം പൂര്‍ത്തിയാക്കി അജിത് ഡോവല്‍ ഇന്ത്യയിലേക്ക് മടങ്ങിയത്.

അഗസ്റ്റാ വെസ്റ്റ്‌ലാന്‍ഡ് വിവിഐപി ഹെലികോപ്റ്റര്‍ കോഴ ഇടപാടില്‍ അന്ന് വ്യോമസേനാ മേധാവിയായിരുന്ന എയര്‍ ചീഫ് മാര്‍ഷല്‍ എസ്‌ പി ത്യാഗിയ്ക്കൊപ്പം പ്രതിയായിരുന്ന ബ്രിട്ടീഷുകാരന്‍ ക്രിസ്റ്റ്യന്‍ ജെയിംസ് മിഷേല്‍ ദുബായിലെ ഒളിത്താവളത്തിലെത്തിയിരുന്നു. അന്ന് ഡോവലും അന്ന് സിബിഐയുടെ താല്ക്കാലിക ഡയറക്ടറുമായിരുന്ന എം നാഗേശ്വര്‍റാവുവും സ്പെഷ്യല്‍ ഡയറക്ടര്‍ രാകേഷ് അസ്താനയും ദുബൈയില്‍ തങ്ങിയാണ് മിഷേലിനെ അറസ്റ്റ് ചെയ്യിച്ചത്. അയാള്‍ ദുബൈ കോടതികളില്‍ നിയമയുദ്ധം നടത്തുമ്പോള്‍ ഇന്ത്യയുടെ ഭാഗത്തു നിന്നുള്ള വാദങ്ങള്‍ നിരത്താന്‍ രാകേഷ് അസ്താന ഇവിടെത്തന്നെ തങ്ങുകയായിരുന്നു. ഈ കേസിന്റെ തുടക്കത്തില്‍ അന്ന് കേന്ദ്ര വിദേശകാര്യ മന്ത്രിയായിരുന്ന സുഷമാസ്വരാജ് വരെ മിഷേലിനെ മടക്കിക്കൊണ്ടുവരുന്നതു സംബന്ധിച്ച് യുഎഇ യുമായി ചര്‍ച്ചകള്‍ നടത്തിയിരുന്നു. 2018 ഡിസംബറില്‍ മിഷേലിനെ ഇന്ത്യയ്ക്ക് കൈമാറി. അയാളിപ്പോള്‍ തിഹാര്‍ ജയിലിലാണ്.

ഈ രണ്ടു കേസുകളിലും ദേശീയ സുരക്ഷാ ഉപദേഷ്ടാവ് ഇടപെട്ടിരുന്നുവെങ്കില്‍ രാജ്യദ്രോഹബന്ധവും ഭീകരബന്ധവുമുള്ള ഇപ്പോഴത്തെ സ്വര്‍ണം കള്ളക്കടത്തു കേസില്‍ ഒരു ഡിഎസ്‌പിയെ മാത്രം ദുബൈയില്‍ അ­ന്വേഷത്തിനയച്ചത് ദുരൂഹമാവുന്നു. സ്വർണ കള്ളക്കടത്ത് കേസന്വേഷണം അജിത് ഡോവലിന്റെ മേല്‍നോട്ടത്തിലാണ് നടക്കുന്നതെന്ന് തുടക്കത്തില്‍ വാര്‍ത്തകളുണ്ടായിരുന്നു. പ്ര‌തികളെ എന്‍ഐഎ ചോദ്യം ചെയ്യുന്നത് ഓണ്‍ലൈനിലൂടെ വീക്ഷിച്ച ഡോവല്‍ കേസന്വേഷണത്തില്‍ നിന്നു പൊടുന്നനേ ഉള്‍വലിഞ്ഞതാണ് സംശയങ്ങള്‍ക്കിടനല്കുന്നത്.

Eng­lish sum­ma­ry: Gold scam case fol­lowup story

You may also like this video: