സ്വർണക്കടത്ത് : ഒരാൾ കൂടി അറസ്റ്റിൽ

ഇതുവരെ പിടിയിലായത് 16 പേർ
സ്വന്തം ലേഖകൻ

കൊച്ചി

Posted on July 22, 2020, 10:33 pm

സ്വന്തം ലേഖകൻ

സ്വർണം കടത്തിന് പണം നിക്ഷേപിച്ച ഒരാൾകൂടി കസ്റ്റംസിന്റെ പിടിയിലായി. മലപ്പുറം മഞ്ചേരി പുളിക്കുത്ത് ഹംസത് അബ്ദു സലാമിനെയാണ് ചൊവ്വാഴ്ച അറസ്റ്റ് ചെയ്തത്. സാമ്പത്തിക കുറ്റങ്ങൾ പരിഗണിക്കുന്ന കോടതി ഇയാളെ 14 ദിവസേത്തക്ക് റിമാൻഡ് ചെയ്തു. ഇതോടെ കേസിൽ അറസ്റ്റിലാകുന്നവരുടെ എണ്ണം 16 ആയി.
2000 ൽ കരിപ്പൂർ, നെടുമ്പാശേരി വിമാനത്താവളങ്ങൾ വഴി സ്വർണം കടത്തിയതിന് ഇയാൾക്കെതിരെ കേസുണ്ടായിരുന്നു. ചൊവ്വാഴ്ച കസ്റ്റംസ് ഓഫീസിൽ വിളിച്ചു വരുത്തി ചോദ്യം ചെയ്ത ശേഷമാണ് ഹംസതിന്റെ അറസ്റ്റ് രേഖപ്പെടുത്തിയത്. സ്വർണ കടത്തിലും ഗൂഢാലോചനയിലും ഇയാൾക്ക് പങ്കുണ്ടെന്നാണ് കസ്റ്റംസ് കണ്ടെത്തൽ.

കേസിലെ ഒന്നാം പ്രതി തിരുവനന്തപുരം സ്വദേശി പി എസ് സരിത്ത്, രണ്ടാം പ്രതി സ്വപ്ന സുരേഷ്, നാലാം പ്രതി സന്ദീപ് നായർ, മലപ്പുറം സ്വദേശികളായ കെ ടി റെമീസ്, മുഹമ്മദ് ഷാഫി, ഹംജദ് അലി, മുഹമ്മദ് അൻവർ, സെയ്ത് അലവി, ടി എം സംജു, പി എം അബ്ദുൾ ഹമീദ്, അബൂബക്കർ പഴേടത്ത്, മൂവാറ്റുപുഴ സ്വദേശി ജലാൽ, കോഴിക്കോട് അരക്കിണറിലുള്ള ഹെസ ജ്വല്ലറി ഉടമ കൊടുവള്ളി മാനിപുരം കൈവേലിക്കൽ കെ വി മുഹമ്മദ് അബ്ദുൾ ഷെമീം(26), വട്ടക്കിണർ കോങ്കണ്ടിപറമ്പ് ജാസ്മഹലിൽ സി വി ജിഫ്സൽ(39), മലപ്പുറം കോട്ടയ്ക്കൽ കോഴിച്ചെന പട്ടത്തൊടി പി ടി അബ്ദു എന്നിവരെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു.

ഒളിവിൽ കഴിയുന്നതിനിടെ സ്വപ്നയേയും സന്ദീപ് നായരെയും ബംഗളരുവിൽ നിന്നാണ് ദേശീയ അന്വേഷണ ഏജൻസി (എൻഐഎ) പിടികൂടിയത്. നാലാം പ്രതി തൃശൂർ കയ്പമംഗലം തേപ്പറമ്പിൽ ഫൈസൽ ഫരീദിനെ(35) ദുബൈയ് പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇയാളെ നാട്ടിലെത്തിക്കാൻ നടപടി തുടങ്ങി. ദുബൈയിൽ ഫരീദിന് സ്വർണം നൽകിയവരിൽ ഒരാൾ ഹംസത് ആണെന്നാണ് അന്വേഷണ ഏജൻസി നൽകുന്ന വിവരം.
ഡിപ്ലോമാറ്റിക് കാർഗോയിലൂടെ സ്വർണം കടത്തുന്നതിനെക്കുറിച്ച് ഹംസതിന് അറിയാമായിരുന്നു. ഇങ്ങനെ വരുന്ന സ്വർണത്തിന്റെ പങ്ക് ഹംസതിന് ലഭിച്ചിരുന്നു. മുൻപും ഇത്തരം സ്വർണക്കടത്തുമായി ബന്ധപ്പെട്ട് ഹംസത് ഇടപെട്ടിരുന്നു. സ്വർണക്കടത്ത് സംഘത്തിലെ നിർണായക കണ്ണികളായ സ്വപ്ന, ഫരീദ്, സന്ദീപ് എന്നിവരുമായി ഇയാൾക്ക് അടുത്ത ബന്ധം ഉണ്ടെന്ന് കസ്റ്റംസ് ഇന്റലിജിൻസ് കണ്ടെത്തിയിട്ടുണ്ട്.

ENGLISH SUMMARY: GOLD SCAM CASE; ONE MORE ARREST

YOU MAY ALSO LIKE THIS VIDEO