Web Desk

October 07, 2020, 12:09 pm

സ്വര്‍ണക്കടത്ത് കേസില്‍ മന്ത്രി ജലീലും ബിനീഷും ഇല്ല; കുറ്റപത്രം പുറത്ത്

Janayugom Online

നയതന്ത്ര ബാഗേജിൽ കേരളത്തിലേയ്ക്കു സ്വർണം കടത്തിയ കേസിൽ മന്ത്രി കെ ടി ജലീലും ശിവശങ്കറും ബിനീഷും പ്രതികളല്ലെന്ന് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്.

സ്വപ്‍ന സുരേഷ് , സന്ദീപ്, സരിത് എന്നിവരാണ് എന്‍ഫോഴ്‍സ്‍മെന്റ് സമർപ്പിച്ച പ്രാഥമിക കുറ്റപത്രത്തിൽ പ്രതിപ്പട്ടികയിലുള്ളത്. അഡീഷണല്‍ സെഷന്‍സ് കോടതിയിലാണ് കുറ്റപത്രം സമര്‍പ്പിച്ചത്. കള്ളപ്പണം വെളുപ്പിച്ചതിന് തെളിവുണ്ടെന്ന് എന്‍ഫോഴ്‍സ്‍മെന്റ് കുറ്റപത്രത്തില്‍ പറയുന്നു. ഡിജിറ്റല്‍ തെളിവുകള്‍ ലഭിച്ച ശേഷമായിരിക്കും അന്തിമ കുറ്റപത്രം സമര്‍പ്പിക്കുക.
സ്വർണക്കടത്തുകേസിൽ സ്വപ്ന അടക്കമുളള ഏഴ് പ്രതികളുടെ ജാമ്യാപേക്ഷ കൊച്ചി എൻഐഎ കോടതി ഇന്ന് പരിഗണിക്കാനിരിക്കവേയാണ് ഇഡിയുടെ തിരക്കിട്ട നീക്കം. നിലവിൽ കസ്റ്റഡിയിലുള്ള പ്രതികളുടെ ജാമ്യ ഹർജി പരിഗണിക്കാതിരിക്കണമെങ്കിൽ ഓരോരുത്തരും ചെയ്ത കുറ്റങ്ങൾ എന്തെന്നു കൃത്യമായി അറിയിക്കാനും കേസ് ഡയറി ഹാജരാക്കാനും കഴിഞ്ഞ ദിവസം എൻഐഎ കോടതി ആവശ്യപ്പെട്ടിരുന്നു.

സ്വപ്ന സുരേഷ്, സന്ദീപ് നായർ തുടങ്ങിയവർ ഉൾപ്പടെ 30 പേരെയാണ് സ്വർണക്കടത്തു കേസിൽ എൻഐഎ അറസ്റ്റ് ചെയ്തിട്ടുള്ളത്. ഇവരുടെ ജാമ്യാപേക്ഷ പരിഗണിക്കുന്നതിനിടെ കേസ് ഡയറി ഉൾപ്പടെയുള്ള വിവരങ്ങൾ കൈമാറാൻ കഴിഞ്ഞ ദിവസം കോടതി ആവശ്യപ്പെട്ടിരുന്നു.

കേസിലെ നാലാം പ്രതി സന്ദീപ് നായരുടെ രഹസ്യമൊഴി, എൻഐഎ ഇന്ന് കോടതിയിൽ ഹാജരാക്കും. ഇന്നലെ ഒൻപത് മണിക്കൂർ സമയമെടുത്താണ് സന്ദീപ് നായരുടെ രഹസ്യ മൊഴി രേഖപ്പെടുത്തിയത്. ഉച്ചകഴിഞ്ഞ് 2.30 ന് ആരംഭിച്ച മൊഴിയെടുക്കൽ രാത്രി 11.30നാണ് അവസാനിച്ചത്. സന്ദീപിന്റെ ആവശ്യപ്രകാരം ആലുവ മജിസ്ട്രേറ്റാണ് മൊഴി രേഖപ്പെടുത്തിയത്.
അതേസമയം സ്വര്‍ണക്കടത്ത് കേസില്‍ വിദേശകാര്യമന്ത്രാലയത്തിന്റെ മെല്ലെപോക്കില്‍ അന്വേഷണ ഏജന്‍സികള്‍ക്ക് പരാതി അറിയിച്ചിട്ടുണ്ട്. വിദേശകാര്യമന്ത്രാലയത്തിന്റെ മെല്ലെപോക്ക് അന്വേഷണത്തിന്റെ വേഗതയെ ബാധിക്കുന്നതായി എന്‍ഐഎ കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തെ അറിയിക്കും. ഫൈസല്‍ ഫരീദിനെയും റബിന്‍സിനെയും ഇന്ത്യയില്‍ എത്തിക്കാനുള്ള നടപടി വേഗത്തിലല്ലെന്ന് എൻഐഎ ആരോപിക്കുന്നു. ഇരുവരെയും ചോദ്യം ചെയ്യാനായെങ്കിലും മൊഴികള്‍ ഔദ്യോഗികമായി രേഖപ്പെടുത്താന്‍ സാധിക്കാത്തതിലും അന്വേഷണ ഏജന്‍സികള്‍ക്ക് അതൃപ്തിയുണ്ട്. യുഎഇ നടത്തുന്ന അന്വേഷണ വിവരങ്ങള്‍ ലഭ്യമാക്കുന്നതിലും നടപടിയില്ലെന്ന് പരാതിയുണ്ട്.

ENGLISH SUMMARY: gold scam scam; jaleel and bineesh not in charge sheet

YOU MAY ALSO LIKE THIS VIDEO