രണ്ടു കോടി രൂപയുടെ സ്വര്‍ണ ബിസ്‌ക്കറ്റുകളുമായി മൂന്ന് പേര്‍ പിടിയിലായി

Web Desk
Posted on April 12, 2019, 11:27 am

തിരുവനന്തപുരം : വിമാനത്താവള ജീവനക്കാരന്‍ മുഖ്യകണ്ണി; തിരുവനന്തപുരത്ത് വന്‍ സ്വര്‍ണവേട്ട. രണ്ടു കോടി രൂപയുടെ സ്വര്‍ണ ബിസ്‌ക്കറ്റുകളുമായി കാസര്‍കോട് സ്വദേശിയുള്‍പെടെ മൂന്ന് പേര്‍ പിടിയിലായി. വിമാനത്താവള ജീവനക്കാരന്റെ സഹായത്തോടെയാണ് സ്വര്‍ണം കടത്താന്‍ ശ്രമിച്ചത്കാസര്‍കോട് സ്വദേശി ഇബ്രാഹിം മന്‍സൂര്‍ (33), എറണാകുളം സ്വദേശി കണ്ണന്‍ (30), വിമാനത്താവളത്തിലെ ഗ്രൗണ്ട് ഹാന്‍ഡിലിംഗ് ഏജന്‍സിയിലെ കസ്റ്റമേഴ്‌സ് സര്‍വീസ് ഏജന്റ് ആലപ്പുഴ സ്വദേശി മുഹമ്മദ് ഷിനാസ് (33) എന്നിവരാണ് പിടിയിലായത്.

രഹസ്യവിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇന്റലിജന്‍സ് (ഡി ആര്‍ ഐ) നടത്തിയ പരിശോധനയിലാണ് സംഘം കുടുങ്ങിയത്. വ്യാഴാഴ്ച പുലര്‍ച്ചെ 2.30 ന് അബുദാബിയില്‍ നിന്നുള്ള എയര്‍ ഇന്ത്യ എക്‌സ്പ്രസില്‍ തിരുവനന്തപുരത്തെത്തിയതായിരുന്നു ഇബ്രാഹിം മന്‍സൂറും കണ്ണനും. വിമാനം ഇറങ്ങുന്ന യാത്രക്കാരെ റണ്‍വേയില്‍ നിന്ന് ടെര്‍മിനലിലേക്ക് കൊണ്ടു വരുന്ന ബസില്‍ സ്വര്‍ണം കൈമാറുന്നതിനിടയില്‍ ഇരുവരും പിടിയിലാവുകയായിരുന്നു. ഷിനാസുമായി കരാറുണ്ടാക്കിയ ശേഷമാണ് സ്വര്‍ണം കടത്താന്‍ ്ശ്രമിച്ചത്.

യാത്രക്കാരെ കൊണ്ടുവരാനായി മുഹമ്മദ് ഷിനാസ് ബസില്‍ വിമാനത്തിന് അടുത്തെത്തി. ബസ് തിരികെ ടെര്‍മിനലിലേക്ക് വരവെ സംഘം കറുത്ത ടേപ്പ് ഉപയോഗിച്ച്‌ പൊതിഞ്ഞ സ്വര്‍ണം ഷിനാസിന് കൈമാറി. സ്വര്‍ണം കടത്തുന്നതായി ലഭിച്ച രഹസ്യ വിവരത്തെ തുടര്‍ന്നു ബസിലെ ജീവനക്കാര്‍ക്ക് ഒപ്പം കൂടിയ ഡി ആര്‍ ഐ ഉദ്യോഗസ്ഥര്‍ സംഘത്തെ കൈയ്യോടെ പിടികൂടുകയായിരുന്നു. മൂന്നു വര്‍ഷമായി കസ്റ്റമേഴ്‌സ് സര്‍വീസ് ഏജന്റ് ഷിനാസ്.