കള്ളക്കടത്ത് സ്വർണ്ണമടങ്ങിയ നയതന്ത്ര ബാഗേജ് പരിശോധിക്കാതെ വിട്ടുകൊടുക്കാൻ കസ്റ്റംസിൽ സമ്മർദ്ദം ചെലുത്തിയതായി തിരുവനന്തപുരത്തെ ബിഎംഎസ് നേതാവ് ഹരിരാജ് ചോദ്യം ചെയ്യലിൽ സമ്മതിച്ചു. സ്വർണ്ണക്കടത്തിന്റെ ഗുഢാലോചനയിൽ പങ്കുള്ളതായി സംശയിക്കപ്പെടുന്ന ഹരിരാജിനെ ഇന്നലെ കസ്റ്റംസിന്റെ കൊച്ചി ആസ്ഥാനത്ത് അഞ്ചു മണിക്കൂറാണ് ചോദ്യം ചെയ്തത്.
തിരുവനന്തപുരം വിമാനത്താവളത്തിലെ കസ്റ്റംസ് ക്ലിയറിംഗ് ഏജന്റ്സ് അസോസിയേഷൻ നേതാവാണ് ബിജെപി നേതാക്കളുമായി ഉറ്റബന്ധമുള്ള ഹരിരാജ്. കേസന്വേഷണത്തിന്റെ ആദ്യഘട്ടത്തിൽ തന്നെ ഇയാളുടെ പങ്ക് പുറത്തുവന്നിരുന്നെങ്കിലും ബിജെപി ഉന്നതരുടെ സ്വാധീനത്താൽ പ്രതിപ്പട്ടികയിലോ സാക്ഷിപ്പട്ടികയിലോ പെടാതെ രക്ഷപ്പെടുകയായിരുന്നു.
വാട്സ്ആപ്പ് സന്ദേശം വഴിയാണ് കസ്റ്റംസ് ഉദ്യോഗസ്ഥരോട് ബാഗേജ് ക്ലിയർ ചെയ്യാൻ ആവശ്യപ്പെട്ടത്. ബാഗേജ് കസ്റ്റംസ് പിടിച്ചെടുത്തതിന് പിന്നാലെയായിരുന്നു ഇത്. ബാഗേജ് വിട്ടുകൊടുക്കാനായില്ലെങ്കിൽ തുറക്കരുതെന്നും അത് യുഎഇയിലേക്ക് തിരിച്ചയക്കണമെന്നും ആവശ്യപ്പെട്ടു. ക്ലിയറിങ് ഏജന്റ് ആവശ്യപ്പെട്ട പ്രകാരമാണ് ഇതെന്ന് ഹരിരാജ് കസ്റ്റംസിനോട് ആവർത്തിച്ചു. ഇയാളുടെ കൊച്ചിയിലെയും തിരുവനന്തപുരത്തെയും വസതികൾ കസ്റ്റംസ് നേരത്തെ പരിശോധിച്ചിരുന്നു.
ഹരിരാജിന്റെ ഭീഷണിക്ക് വഴങ്ങാതെ കോൺസുലേറ്റിന്റെ അനുമതിയോടെ കസ്റ്റംസ് ബാഗേജ് തുറന്ന് പരിശോധിച്ചപ്പോഴാണ് 30 കിലോ സ്വർണം കണ്ടെടുത്തത്.
സ്വർണക്കടത്തിൽ ഇയാൾക്ക് പങ്കുണ്ടോയെന്ന് കസ്റ്റംസ് പരിശോധിക്കും. സ്വർണക്കടത്തിലെ മുഖ്യ പ്രതികളായ സ്വപ്നയെയും സരിത്തിനെയും പരിചയമുണ്ടെങ്കിലും അവരുടെ ഇടപാടുകളിൽ പങ്കില്ലെന്നാണ് ഹരിരാജ് ചോദ്യം ചെയ്യലിൽ പ്രതികരിച്ചത്. എന്നാൽ കസ്റ്റംസ് ഇത് മുഖവിലയ്ക്കെടുത്തിട്ടില്ല. ഇയാളുടെ ഫോൺവിളികളുടെ വിശദാംശങ്ങൾ വിശകലനം ചെയ്ത ശേഷം ഹരിരാജിനെ വീണ്ടും ചോദ്യം ചെയ്യലിന് വിളിക്കാനുള്ള സാധ്യതയും കസ്റ്റംസ് തള്ളിക്കളയുന്നില്ല.
തിരുവനന്തപുരം വിമാനത്താവളത്തിലെ കസ്റ്റംസ്, എമിഗ്രേഷൻ വിഭാഗങ്ങളിലെയും ഗ്രൗണ്ട് ഹാൻഡ്ലിംഗ് വിഭാഗത്തിലെയും ജീവനക്കാരുമായി ദീർഘനാളായി അടുപ്പമുള്ളയാളാണ് ഹരിരാജ്. ഈ ബന്ധത്തിന്റെ മറവിൽ മുമ്പും ഇത്തരം അനധികൃത ബാഗേജ് ക്ലിയറൻസിന് ഇയാൾ ശ്രമിച്ചിട്ടുണ്ടോ എന്നാണ് പ്രധാനമായി കസ്റ്റംസ് പരിശോധിക്കുന്നത്. ഒടുവിൽ പിടിക്കപ്പെടുന്നതിന് മുമ്പ് നിരവധി തവണ യുഎഇ കോൺസുലേറ്റിന്റെ മറവിൽ സ്വർണക്കടത്ത് നടത്തിയതായി പിടിയിലായ സ്വപ്നയടക്കമുള്ള പ്രതികൾ കസ്റ്റംസിനോടും എൻഐഎയോടും ചോദ്യം ചെയ്യലിൽ വെളിപ്പെടുത്തിയിരുന്നു. ഈ ഇടപാടുകളിലൊന്നും തനിക്ക് പങ്കില്ലെന്നാണ് ചോദ്യം ചെയ്യലിൽ ഇന്നലെ ഹരിരാജ് ആവർത്തിച്ചത്.
കസ്റ്റംസിലേക്ക് ബാഗേജിനായി ആദ്യം ബന്ധപ്പെട്ട ആളെന്ന നിലയിൽ ഹരിരാജിനെ നേരത്തെത്തന്നെ ചോദ്യം ചെയ്തിരുന്നു. എൻഐഎയുടെ വരവോടെ നാടകീയമായാണ് ഇയാളെ കേസിൽ നിന്നൊഴിവാക്കി വിട്ടത്. എന്നാൽ കസ്റ്റംസിന്റെ അന്വേഷണത്തിൽ ഇയാളുടെ പങ്ക് കേസിൽ നിർണായകമാണ്.
Sub: customs interrorgated BMS leader in Gold smuggling case
You may like this video also