തിരുവനന്തപുരത്തെ സ്വര്‍ണ്ണ കടത്തിന് പിന്നില്‍ ജ്വല്ലറി ഉടമ: മലപ്പുറത്ത് വ്യാപക റെയ്‌ഡ്

Web Desk
Posted on May 20, 2019, 12:49 pm

തിരുവനന്തപുരം: വിമാനത്താവളത്തില്‍ പിടികൂടിയ 25 കിലോ സ്വര്‍ണം കൊണ്ടുവന്നതു തിരുവനന്തപുരത്തു ജ്വല്ലറി നടത്തുന്ന മലപ്പുറം സ്വദേശിയായ ഹക്കീമിനു വേണ്ടിയെന്ന് റവന്യു ഇന്റലിജന്‍സ്. അഭിഭാഷകനായ ബിജു മനോഹരന്റെ സംഘത്തെ ഉപയോഗിച്ചു ഹക്കീം പലതവണ സ്വര്‍ണം കടത്തിയതായും വിവരം ലഭിച്ചിട്ടുണ്ട്.  കിഴക്കേകോട്ടയില്‍ ഹോള്‍സെയില്‍ സ്വര്‍ണക്കട നടത്തുന്ന ഹക്കീമിനു വേണ്ടി തിരുവനന്തപുരത്തും മലപ്പുറത്തും കോഴിക്കോട്ടും തിരച്ചില്‍ ഊര്‍ജിതമാക്കി.

മലപ്പുറം കൊണ്ടോട്ടി സ്വദേശിയാണു ഹക്കീം. ഹക്കീമിനു പിന്നില്‍ സ്വര്‍ണക്കടത്തിന്റെ മറ്റു വലിയ കണ്ണികളുണ്ടോ എന്നും അന്വേഷിക്കുന്നുണ്ട്. ജ്വല്ലറി മറയാക്കി ഹക്കീം സ്വര്‍ണം മറിച്ചുവില്‍ക്കുകയാണെന്ന സൂചനയും ലഭിച്ചിട്ടുണ്ട്. തിരുവനന്തപുരം കൂടാതെ കാസര്‍കോട്, കോഴിക്കോട്, കൊണ്ടോട്ടി, തൃശൂര്‍, ദുബായ് എന്നിവിടങ്ങളിലും ഈ സ്ഥാപനത്തിനു ശാഖകളുണ്ട്. ഹക്കീമിന്റെ പിതൃസഹോദരന്റെ പേരിലുള്ളതാണ് തിരുവനന്തപുരത്തെ സ്ഥാപനം. ഇവരുടെ എല്ലാ കടകളിലും റവന്യു ഇന്റലിജന്‍സ് പരിശോധന നടത്തിയെങ്കിലും എല്ലാം അടച്ചിട്ട നിലയിലായിരുന്നു.

കടത്തിക്കൊണ്ടു വരുന്ന സ്വര്‍ണ ബിസ്‌കറ്റുകള്‍ ഉരുക്കിയാണു വന്‍കിടക്കാര്‍ക്കു വിറ്റിരുന്നതെന്നാണു സൂചന. ഇവരുടെ ദുബായിലുള്ള സ്ഥാപനത്തെക്കുറിച്ചും അന്വേഷിക്കുന്നുണ്ട്. ഇവര്‍ക്കു വേണ്ടി സ്വര്‍ണം കടത്തുന്ന സംഘത്തില്‍ സ്ത്രീകളടക്കം ഇരുപതോളം പേരുണ്ടെന്നാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തല്‍.  പല സമയങ്ങളിലായി 40 സ്ത്രീകളെ സ്വര്‍ണം കടത്തുന്നതിനായി  ഉപയോഗിച്ചിട്ടുണ്ട്.  തിരുവനന്തപുരം വിമാനത്താവളത്തില്‍ സ്വര്‍ണവുമായി പിടിയിലായ കഴക്കൂട്ടം സ്വദേശി സെറീന ഷാജിയെയും തിരുമല സ്വദേശി സുനില്‍ കുമാറിനെയും നിയോഗിച്ചത് അഭിഭാഷകനായ ബിജുവാണെന്നു കണ്ടെത്തിയിരുന്നു. ഇയാളുടെ കൂട്ടാളികളായ ജിത്തു, വിഷ്ണു എന്നിവരെയും പിടികൂടാനായിട്ടില്ല. കസ്റ്റംസ് ഉദ്യോഗസ്ഥരെ വീണ്ടും ചോദ്യം ചെയ്തു.

എട്ടേകാല്‍ കോടി രൂപ വിലമതിക്കുന്ന 25 കിലോ സ്വര്‍ണമാണു ദുബായില്‍ നിന്നു കടത്തുന്നതിനിടെ തിരുവനന്തപുരം വിമാനത്താവളത്തില്‍ പിടികൂടിയത്. വിമാനത്താവളത്തിലെ ഏറ്റവും വലിയ സ്വര്‍ണക്കടത്തായിരുന്നു ഇത്. കസ്റ്റംസ് ഉദ്യോഗസ്ഥര്‍ക്കും ഇതില്‍ പങ്കുണ്ടെന്ന സംശയം ബലപ്പെടുകയാണ്. സൂപ്രണ്ട് ഉള്‍പ്പെടെ 3 ഉദ്യോഗസ്ഥരെ റവന്യു ഇന്റലിജന്‍സ് വിഭാഗം വീണ്ടും ചോദ്യം ചെയ്തു. ഇതു രണ്ടാം തവണയാണ് ഇവരെ ചോദ്യം ചെയ്യുന്നത്.