Web Desk

കൊച്ചി

January 05, 2021, 4:54 pm

സ്വര്‍ണക്കടത്ത് കേസ്; എന്‍ഐഎ കുറ്റപത്രം സമര്‍പ്പിച്ചു

Janayugom Online

സ്വര്‍ണക്കടത്ത് കേസില്‍ എന്‍ഐഎ ആദ്യ കുറ്റപത്രം സമര്‍പ്പിച്ചു. സ്വപ്‌ന സുരേഷ്, സരിത്ത്, കെടി റമീസ് എന്നിവര്‍ക്കെതിരെയാണ് ആദ്യ ഘട്ട കുറ്റപത്രം. കേസിലെ രണ്ടാംപ്രതിയായ സന്ദീപ് നായര്‍ കുറ്റപത്രത്തില്‍ മാപ്പുസാക്ഷിയാണ്.
കേസ് അന്വേഷണ ഉദ്യോഗസ്ഥനായ ഡിവൈഎസ്പി. രാധാകൃഷ്ണപിള്ളയാണ് കൊച്ചിയിലെ എന്‍ഐഎ പ്രത്യേക കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചത്. സ്വര്‍ണക്കടത്ത് കേസിലെ ആദ്യ അറസ്റ്റ് നടന്ന് ആറുമാസം തികയുന്നതിനു മുന്‍പാണ് എന്‍ഐഎ ഇപ്പോള്‍ കുറ്റപത്രം സമര്‍പ്പിച്ചിരിക്കുന്നത്.

സ്വപ്‌ന സുരേഷ്, സരിത്ത്, കെടി റമീസ് തുടങ്ങി മുപ്പത്തഞ്ചോളം പേരെ പ്രതികളാക്കിയാണ് കുറ്റപത്രം സമര്‍പ്പിച്ചിട്ടുള്ളത്. ഇതില്‍ 21 പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. ഏഴുപേര്‍ ജുഡീഷ്യല്‍ കസ്റ്റഡിയിലാണുള്ളത്. അതേസമയം 12 പേര്‍ക്ക് ജാമ്യം ലഭിച്ചിട്ടുണ്ട്. സ്വര്‍ണക്കടത്തിന് പണം നല്‍കിയവര്‍ അടക്കമുളളവരാണ് ജാമ്യം ലഭിച്ച് പുറത്തുള്ളത്. സന്ദീപ് നായര്‍ നേരത്തെ കോടതിയില്‍ രഹസ്യമൊഴി നല്‍കി മാപ്പുസാക്ഷിയായിരുന്നു.

കേസില്‍ യുഎപിഎ. നിലനില്‍ക്കുമെന്നും കുറ്റപത്രം വ്യക്തമാക്കുന്നുണ്ട്. സ്വര്‍ണക്കടത്ത് കേസിലെ പ്രാരംഭ കുറ്റപത്രമാണ് ഇപ്പോള്‍ സമര്‍പ്പിച്ചിരിക്കുന്നത്. ഇനിയും കേസില്‍ പിടികൂടാനുള്ള പ്രതികള്‍ക്കെതിരേ അന്വേഷണം നടത്തി അവരെ പിടികൂടുന്ന മുറയ്ക്ക് കൂടുതല്‍ കുറ്റപത്രങ്ങളും കോടതിക്കു മുന്നിലെത്തും. കേസുമായി ബന്ധപ്പെട്ട 35 പേരില്‍ 21 പേരെ മാത്രമാണ് നിലവില്‍ അറസ്റ്റ് ചെയ്തിട്ടുള്ളത്. ബാക്കിയുള്ളവരില്‍ ചിലര്‍ വിദേശത്തുണ്ട്. ഇവരെ നാട്ടിലെത്തിച്ച് അറസ്റ്റ് രേഖപ്പെടുത്തുന്നത് ഉള്‍പ്പെടെയുള്ള നടപടികള്‍ ഇനി പൂര്‍ത്തികരിക്കാനുണ്ട്. ഈ കേസുമായി ബന്ധപ്പെട്ട് മൂവാറ്റുപുഴ സ്വദേശി റെബിന്‍സിനെ വിദേശത്തുനിന്ന് എത്തിച്ച് അറസ്റ്റ് രേഖപ്പെടുത്താന്‍ എന്‍ഐഎയ്ക്ക് കഴിഞ്ഞിരുന്നു. എന്നാല്‍ ഈ കേസുമായി ബന്ധപ്പെട്ട ചില പ്രധാന പ്രതികള്‍ ഇപ്പോളും വിദേശത്താണ്.

ENGLISH SUMMARY:Gold smug­gling case; The NIA filed the chargesheet
You may also like this video