സ്വര്‍ണ കടത്ത് കേസില്‍ ബാലഭാസ്കറിന്‍റെ മാനേജരെ പിടികൂടി

Web Desk
Posted on May 29, 2019, 3:38 pm

തിരുവനന്തപുരം : സ്വര്‍ണം പോകുന്നത് മലപ്പുറത്തിന്,  വിമാനത്താവളത്തിലെ സ്വര്‍ണ കടത്ത് കേസില്‍ ഇടനിലക്കാരനെ പിടികൂടി. ഇടനിലക്കാരനായ ഇടപ്പഴഞ്ഞി സ്വദേശി പ്രകാശ് തമ്ബിയാണ് പിടിയിലായത്. ഡിആര്‍ഐ ആണ് ഇയാളെ അറസ്റ്റ് ചെയ്തത്. 25 കിലോ സ്വര്‍ണം ഇയാള്‍ വിദേശത്ത് നിന്നും കൊണ്ടു വന്നിട്ടുണ്ടെന്ന് ഡിആര്‍ഐ പറഞ്ഞു. വാഹനാപകടത്തില്‍ മരിച്ച വയലിനിസ്റ്റ് ബാലഭാസ്കറിന്‍റെ സഹായിയായിരുന്ന ആളാണ് പ്രകാശ്.

അഭിഭാഷകനായ ബിജു മനോഹര്‍ കൈമാറുന്ന സ്വര്‍ണം കള്ളക്കടത്ത് സംഘത്തിലെ മലപ്പുറം സ്വദേശി ഹക്കീമിന് എത്തിക്കുന്നത് പ്രകാശാണ്. നിരവധി തവണ ദുബായിലേക്ക് യാത്ര ചെയ്തിട്ടുണ്ട് പ്രകാശ്. സ്ത്രീകള്‍ കള്ളക്കടത്ത് നടത്തുമ്ബോള്‍ സ്വര്‍ണം കൈമാറുന്നത് പ്രകാശിനാണ്.

ഒളിവിലായിരുന്ന ഇയാളെ കോടതിയില്‍ ഹാജരാക്കുകയും റിമാന്‍റ് ചെയ്യുകയും ചെയ്തു. പ്രകാശ് തമ്ബി  ബാലഭാസ്കറിന്‍റെ പ്രോഗ്രാം മാനേജറായിരുന്നു. ഡിആര്‍ഐ അന്വേഷിക്കുന്ന മറ്റൊരു ഇടനിലക്കാരന്‍ വിഷ്ണു, ബാലഭാസ്ക്കറിന്‍റെ ഫിനാന്‍സ് മാനേജറായിരുന്നു.

ഒളിവില്‍ പോയ അഭിഭാഷകന്‍ ബിജു മനോഹര്‍, മുഖ്യ പങ്കാളിയായ വിഷ്ണു, ഇവരില്‍ നിന്ന് സ്വര്‍ണം വാങ്ങി വില്‍ക്കുന്ന ജ്വല്ലറി ഡയറക്ടര്‍ മുഹമ്മദാലി, മാനേജര്‍ മലപ്പുറം സ്വദേശി ഹക്കീം എന്നിവരെ കണ്ടെത്താന്‍ അന്വേഷണം ശക്തമാക്കി. വിഷ്ണുവിന്റെ സഹായി പ്രകാശന്‍ നാലുതവണ സ്വര്‍ണം കടത്തിയെന്ന‌് കണ്ടെത്തിയിട്ടുണ്ട‌്. തലസ്ഥാനത്ത് സ്വര്‍ണ വ്യാപാരം നടത്തുന്ന മലപ്പുറം സ്വദേശി ഹക്കിം ബിജുവിന്റെ പക്കല്‍ നിന്ന് 25 കിലോ സ്വര്‍ണം വാങ്ങിയിട്ടുണ്ടെന്നും സൂചന ലഭിച്ചു.

പണം മൂന്‍കൂറായി ഹക്കിം, ബിജു മനോഹറിന് നല്‍കിയിരുന്നു. ഇത് സംഘത്തിലെ സെറീനക്കും സുനില്‍കുമാറിനും കൈമാറി. ഇരുവരും ഇതുമായി ദുബായിലേക്ക് പോയി. 13 ന് രാവിലെ എത്തുമ്ബോഴാണ് ഇവരുടെ പക്കല്‍ നിന്ന് 25 കിലോ തൂക്കമുളള എട്ടുകോടി രൂപയുടെ സ്വര്‍ണക്കട്ടകള്‍ പിടിച്ചെടുത്തത്. സ്വര്‍ണക്കടത്തിന‌് കൂട്ടുനിന്ന രണ്ട‌് കസ‌്റ്റംസ‌് ഇന്‍സ‌്പെക്ടര്‍മാര്‍ക്കെതിരേ കൂടുതല്‍ തെളിവുകള്‍ ശേഖരിക്കാനും ആരംഭിച്ചു. നീരിക്ഷണത്തിലുള്ള ഇരുവരേയും ഉടന്‍ അറസ‌്റ്റ‌് ചെയ‌്തേക്കും.