October 1, 2022 Saturday

Related news

September 27, 2022
September 26, 2022
September 25, 2022
September 24, 2022
September 23, 2022
September 22, 2022
September 22, 2022
September 22, 2022
September 19, 2022
September 18, 2022

സ്വർണക്കടത്ത് കേസുകൾ: പട്ടികയിൽ മുന്നൂറിലധികം പേരുകൾ

Janayugom Webdesk
തിരുവനന്തപുരം:
July 13, 2020 10:24 pm

കേരളത്തിലെ അന്താരാഷ്ട്ര വിമാനത്താവളങ്ങളിൽ സമീപകാലങ്ങളിൽ നടന്ന സ്വർണക്കടത്ത് കേസുകളിൽ സംസ്ഥാന പൊലീസ് ഇന്റലിജൻസ് ശേഖരിച്ച വിവരങ്ങൾ എൻഐഎയ്ക്ക് കൈമാറി. മുന്നൂറിലധികം പേരുകളിലേക്ക് നീളുന്ന പട്ടികയാണ് കൈമാറിയിട്ടുള്ളത്. കേസിലെ പ്രതി സ്വപ്ന സുരേഷിന്റെ ഫോൺ വിളികളെ സംബന്ധിച്ച പട്ടിക സ്പെഷ്യൽ ബ്രാഞ്ച് ശേഖരിച്ചതും എൻഐഎയ്ക്ക് കൈമാറും. സ്വപ്നയെ ബംഗളുരുവിലേക്ക് കടക്കാൻ ആരെങ്കിലും സഹായിച്ചിട്ടുണ്ടെങ്കിൽ അവരെ കണ്ടെത്താൻ ഇന്റേണൽ വിജിലൻസും അന്വേഷണം ത്വരിതപ്പെടുത്തി. സ്വപ്നയെ അതിർത്തി കടക്കാൻ ആരെങ്കിലും സഹായിച്ചിട്ടുണ്ടെങ്കിൽ അവർക്കെതിരെ മുഖം നോക്കാതെയുള്ള ശക്തമായ നടപടി സ്വീകരിക്കാൻ കഴിഞ്ഞ ദിവസം മുഖ്യമന്ത്രി സംസ്ഥാന പൊലീസ് മേധാവിക്ക് നിർദ്ദേശം നൽകിയിരുന്നു.

കേസുമായി ബന്ധപ്പെട്ട് ഏതു രീതിയിലുള്ള സഹകരണം വേണമെങ്കിലും കേരള പൊലീസിന്റെ ഭാഗത്തു നിന്നു ഉണ്ടാകുമെന്നു ഡിജിപി ലോക്നാഥ് ബെഹ്റ എൻഐഎ അന്വേഷണ ചുമതലയുള്ള ഡിവൈഎസ്‌പി രാധാകൃഷ്ണപിള്ളയെ അറിയിച്ചിട്ടുണ്ട്. അന്വേഷണ സംഘത്തിലെ മൂന്ന് പേരടങ്ങുന്ന എൻഐഎ സംഘം തലസ്ഥാനത്ത് ക്യാമ്പ് ചെയ്ത്, സെൻട്രൽ ഇന്റലിജന്‍സുമായി ചേർന്നുള്ള അന്വേഷണം നടത്തിവരികയാണ്. ഇവരോടൊപ്പം ആശയവിനിമയം നടത്തുന്നത് കസ്റ്റംസിലെ ഉന്നത ഉദ്യോഗസ്ഥർ മാത്രമാണ്. കേസിലെ പ്രതികളായ സരിത്ത്, സ്വപ്ന സുരേഷ്, സന്ദീപ് നായർ എന്നിവർക്ക് മുൻ ഐടി സെക്രട്ടറി എം ശിവശങ്കരന് ഏതെങ്കിലും തരത്തിലുള്ള ബന്ധം ഉണ്ടോയെന്നും അന്വേഷിച്ചുവരികയാണ്. ഇതിൽ ഏതെങ്കിലും തെളിവുകൾ ലഭിച്ചാൽ ശിവശങ്കരനെ ചോദ്യം ചെയ്തേക്കും.

കേന്ദ്ര വിദേശകാര്യ മന്ത്രാലയത്തിന്റെ അനുമതിക്കുശേഷം യുഎഇ കോൺസിലേറ്റിലെ ചില ഉദ്യോഗസ്ഥരെയും ചോദ്യം ചെയ്യുമെന്നും അറിയുന്നു. കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിന്റെ നിർദ്ദേശപ്രകാരം തിരുവനന്തപുരത്തെ കസ്റ്റംസ്, എൻഐഎ ഓഫീസുകൾക്ക് സുരക്ഷ വർധിപ്പിച്ചു. ഇവിടങ്ങളിൽ കൂടുതൽ സിആർപിഎഫ് ഉദ്യോഗസ്ഥരെ നിയോഗിച്ചു. എൻഐഎയും കസ്റ്റംസും സംയുക്തമായി വിവിധ സ്ഥലങ്ങളിൽ കൂടുതൽ പരിശോധനകൾ നടത്താനാണ് തീരുമാനം. കഴിഞ്ഞ ദിവസങ്ങളിൽ തിരുവനന്തപുരത്തു നിന്നും കസ്റ്റംസും, എൻഐഎ സംഘവും ശേഖരിച്ച വിലപ്പെട്ട തെളിവുകളും, പ്രതികളുടെ വീടുകളിൽ നിന്നും ശേഖരിച്ച മറ്റു രേഖകളുമടക്കം സീൽചെയ്ത് എറണാകുളത്തെ എൻഐഎ ആസ്ഥാനത്തേക്ക് കൊണ്ടുപോയി. 2009 മുതൽ സന്ദീപ് നായർ ഉപയോഗിച്ചിരുന്ന മഹാരാഷ്ട്ര രജിസ്ട്രേഷനുള്ള ബെൻസ് കാറും ഇതിൽ ഉൾപ്പെടും.

ENGLISH SUMMARY: Gold smug­gling cas­es: More than 300 names on the list

YOU MAY ALSO LIKE THSI VIDEO

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.