Web Desk

തിരുവനന്തപുരം:

July 09, 2020, 10:35 pm

സ്വർണക്കടത്ത്: കേന്ദ്ര ഏജൻസികൾ അന്വേഷണം നടത്തി കുറ്റക്കാരെ കണ്ടെത്തണം: കാനം

Janayugom Online

സ്വർണക്കടത്ത് കേസിൽ കേന്ദ്ര ഏജൻസികൾ അന്വേഷണം നടത്തി കുറ്റക്കാരെ കണ്ടെത്തണമെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ ആവശ്യപ്പെട്ടു. ഡിപ്ലോമാറ്റിക് ബാഗിലാണ് സ്വർണം വന്നത്. ഇത്തരം കാര്യങ്ങൾ അന്വേഷിക്കേണ്ടതും കുറ്റക്കാരെ കണ്ടുപിടിക്കേണ്ടതും കേന്ദ്ര ഏജൻസികളുടെ ചുമതലയാണ്. ആരാണ് കുറ്റക്കാരെന്ന് കണ്ടെത്തി കർശന നടപടികൾ സ്വീകരിക്കണം. കേന്ദ്ര അന്വേഷണ ഏജൻസികൾക്ക് എല്ലാ സഹായവും പിന്തുണയും നൽകുമെന്ന് മുഖ്യമന്ത്രി പ്രഖ്യാപിക്കുകയും കേന്ദ്രത്തെ രേഖാമൂലം അറിയിക്കുകയും ചെയ്ത സാഹചര്യത്തിൽ സംസ്ഥാന സർക്കാരിന്റെ കൂടി സഹായത്തോടെ കേന്ദ്ര ഏജൻസികൾ പഴുതുകളടച്ച അന്വേഷണം നടത്തി കുറ്റക്കാരെ മുഴുവൻ കണ്ടെത്തണമെന്ന് കാനം ആവശ്യപ്പെട്ടു.

എൽഡിഎഫ് സർക്കാരിലും മുഖ്യമന്ത്രിയിലും സിപിഐക്ക് പൂർണ്ണവിശ്വാസമുണ്ട്. പ്രിൻസിപ്പൽ സെക്രട്ടറിക്ക് കുറ്റാരോപിതയുമായി ബന്ധമുണ്ടെന്ന് ആരോപണം ഉയർന്നതിനാലാണ് അദ്ദേഹത്തിനെ ചുമതലകളിൽനിന്ന് ഒഴിവാക്കിയത്. മുഖ്യമന്ത്രിയുടെ ഓഫീസ് ഇത്തരം കാര്യങ്ങളിൽ സംശയത്തിനതീതമായിരിക്കണം. മുഖ്യമന്ത്രി തന്നെ ഇക്കാര്യത്തിൽ നിലപാട് വ്യക്തമാക്കിയിട്ടുള്ളതുമാണ്. സ്പ്രിംഗ്ളർ ഇടപാടില്‍ കാബിനറ്റിനെ ഇരുട്ടിൽ നിർത്തിക്കൊണ്ട് ഒരു കരാറുണ്ടാക്കിയതിനെപ്പറ്റി സിപിഐ അന്ന് മുഖ്യമന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തിയിരുന്നു. കരാർ റദ്ദാക്കണമെന്നും അതിന് ഉത്തരവാദിയായ ഉദ്യോഗസ്ഥനെ ആ ചുമതലയിൽ നിന്നും മാറ്റണമെന്നും ഏപ്രിൽ ഇരുപതിന് ആവശ്യപ്പെട്ടിരുന്നു. ഡേറ്റാ സുരക്ഷയുമായി ബന്ധപ്പെട്ടുള്ള ഇടതുപക്ഷത്തിന്റെ പ്രഖ്യാപിതനിലപാടിന് വിരുദ്ധമായ തീരുമാനമാണ് സ്പ്രിംഗ്ളർ വിഷയത്തിൽ ഉണ്ടായത് എന്നതിനാലാണ് സിപിഐ അത്തരമൊരു നിലപാട് കൈക്കൊണ്ടത്.

സ്വർണക്കടത്തുൾപ്പെടെയുള്ള രാജ്യദ്രോഹക്കുറ്റം ചെയ്തവരിൽ സംസ്ഥാനത്തെ ഉന്നത ഉദ്യോഗസ്ഥർ ഉൾപ്പെട്ടിട്ടുണ്ടോ എന്ന് അന്വേഷണം നടത്തി കണ്ടെത്തട്ടെ. അന്വേഷണത്തിന്റെ അടിസ്ഥാനത്തിൽ ഉദ്യോഗസ്ഥർ കുറ്റക്കാരാണെന്ന് കണ്ടെത്തുകയും അവരെ സംസ്ഥാന സർക്കാർ സംരക്ഷിക്കുകയും ചെയ്യുന്നു എങ്കിൽ മാത്രമേ പ്രതിപക്ഷം ഉയർത്തുന്ന ആരോപണത്തിൽ കഴമ്പുള്ളു. ഒരു കേസുണ്ടായാൽ നിയമം നിയമത്തിന്റെ വഴിക്കാണ് പോകേണ്ടത്. അതിൽ രാഷ്ട്രീയം കലർത്തേണ്ടതില്ല. സ്വർണക്കടത്തും സോളാറും വ്യത്യസ്തമാണെന്നും കാനം പറഞ്ഞു. സർക്കാർ തലത്തിലെ നിയമനങ്ങളെല്ലാം സുതാര്യമായിത്തന്നെ നടത്തണമെന്നാണ് സിപിഐയുടെ അഭിപ്രായം. സർക്കാരിന്റെ ഗ്രാഫ് എപ്പോഴും മുകളിലേക്ക് പോകണമെന്നില്ല. ഇടയ്ക്ക് പ്രതിസന്ധികളും പ്രശ്നങ്ങളുമുണ്ടാകും. അത്തരം പ്രതിസന്ധികളെ അതിജീവിച്ച് മുന്നോട്ട് പോകാനുള്ള കരുത്തും കഴിവും ജനപിന്തുണയും എൽഡിഎഫിനും സർക്കാരിനുമുണ്ട്. തുടർഭരണമുണ്ടാകുമെന്നതിൽ സംശയമില്ല. ഇങ്ങനെ ഏതെങ്കിലും ചില കാര്യങ്ങൾ വന്നതുകൊണ്ട് മാത്രം ജനങ്ങളുടെ ധാരണ മാറും എന്നുള്ള വിശ്വാസം ശരിയല്ലെന്നും കാനം പറഞ്ഞു.

സിപിഐ പറഞ്ഞത് ചരിത്ര വസ്തുത

1965‑ലെ നിയമസഭാ തെരഞ്ഞെടുപ്പിനെപ്പറ്റി സിപിഐ പറഞ്ഞത് ചരിത്ര വസ്തുതയാണെന്ന് കാനം. 1965‑ലെ തെരഞ്ഞെടുപ്പ് ചരിത്രത്തെപ്പറ്റി പരാമർശിച്ച കോടിയേരി അത് നന്നായി മനസിലാക്കണമെന്നാണ് താൻ പറഞ്ഞത്. മുഖ്യമന്ത്രി അതിന് വാർത്താ സമ്മേളനത്തിൽ മറുപടി പറയേണ്ടതില്ലായിരുന്നു. അദ്ദേഹം പഴയ പാർട്ടി സെക്രട്ടറിയെന്ന രീതിയിലോ പിബി അംഗമോ ആയിട്ടാണ് ആ പ്രതികരണം നടത്തിയതെന്ന് കരുതുന്നുവെന്നും കാനം പറഞ്ഞു. 1965‑ലെ തെരഞ്ഞെടുപ്പ് സംബന്ധിച്ച ഇഎംഎസിന്റെ ലേഖനമാണ് മുഖ്യമന്ത്രി പറഞ്ഞതിനുള്ള മറുപടിയെന്ന് കാനം പറഞ്ഞു.

ഇഎംഎസിന്റെ ലേഖനം വായിച്ചുകൊണ്ടായിരുന്നു അദ്ദേഹം മറുപടി നൽകിയത്. ചിന്താ പബ്ലിക്കേഷൻ പ്രസിദ്ധീകരിച്ച ഇഎംഎസ് സമ്പൂർണ കൃതികളിൽ അത് രേഖപ്പെടുത്തിയിട്ടുണ്ട്. സഞ്ചിക 31ലും 35ലും 1965‑ലെ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഇഎംഎസിന്റെ ലേഖനം ഉൾപ്പെടുത്തിയിട്ടുണ്ട്. അന്നത്തെ തെരഞ്ഞെടുപ്പിൽ സിപിഐ(എം)നെ നയിച്ച ഇഎംഎസ് പ്രതിപാദിച്ചിട്ടുള്ളതു തന്നെയാണ് ഞാനും പറഞ്ഞത്. 1965‑ൽ സിപിഐ(എം) ഒറ്റയ്ക്കല്ല മത്സരിച്ചത്. മുസ്‌ലിം ലീഗും എസ്എസ്‌പിയുമായി ധാരണയുണ്ടാക്കിയിരുന്നുവെന്നും 29 സീറ്റുകളിലാണ് സംയുക്ത സോഷ്യലിസ്റ്റ് പാർട്ടിയുമായി ധാരണയുണ്ടായിരുന്നതെന്നും ഇഎംഎസ് തന്നെ പറഞ്ഞിട്ടുണ്ട്. മുസ്‌ലിം ലീഗുമായി ധാരണയുണ്ടാക്കിയതിനെപ്പറ്റിയും ഒന്നിലധികം ലേഖനങ്ങളിൽ പരാമർശിക്കുന്നുണ്ട്. 1965‑ലെ നിയമസഭാ തെരഞ്ഞെടുപ്പിന്റെ ഈ ചരിത്രം മുഖ്യമന്ത്രിക്ക് അറിയില്ലെന്ന് കരുതുന്നില്ല. അദ്ദേഹം മറച്ചു വയ്ക്കുകയാണ് ചെയ്തത്. സിപിഐ ചൂണ്ടിക്കാട്ടിയ രാഷ്ട്രീയത്തിന് സിപിഐ(എം) മറുപടി പറഞ്ഞതിന് ചരിത്ര വസ്തുതകൾ താൻ ഉദ്ധരിച്ചുവെന്ന് മാത്രമേയുള്ളൂവെന്നും കാനം പറഞ്ഞു. ഇത് അതൃപ്തിയും സംതൃപ്തിയും പ്രതിഷേധവും അറിയിക്കേണ്ട കാര്യമല്ലെന്നും ഇതെല്ലാം രാഷ്ട്രീയമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

“ഈ ഐക്യവും ധാരണകളും എന്തിനുവേണ്ടിയാണ്? കോൺഗ്രസിനെ അമ്പേ തോൽപ്പിച്ച് ഇടതുപക്ഷ ചായ്‌വുള്ള ഒരു ഗവൺമെന്റ് രൂപീകരിക്കാൻ. ഞങ്ങളുടെ ഈ ഉദ്ദേശം തന്നെയാണ് ചന്ദ്രശേഖരൻ മാതൃഭൂമിയിൽ എഴുതിയ ലേഖനത്തിലൂടെ പ്രകടമാക്കിയിരിക്കുന്നത്. മുസ്‌ലിംലീഗും ഞങ്ങളുമായി ചില തെരഞ്ഞെടുപ്പു ധാരണകൾ ഉണ്ടാക്കിയിട്ടുണ്ട്- സ്വതന്ത്ര സ്ഥാനാർഥികളെ നിർത്താനും അവരെ സഹായിക്കാനും. കാസർകോട്, കണ്ണൂർ, കോഴിക്കോട്-2, ഗുരുവായൂർ, മട്ടാഞ്ചേരി ഇവിടെയൊക്കെ ഈ ധാരണകളുടെ അടിസ്ഥാനത്തിലാണ് പ്രവർത്തിക്കുന്നത്. ലീഗിനോട് സംഘടനാപരമായിത്തന്നെ ബന്ധമുള്ളവർക്കും ഞങ്ങൾ പിന്തുണ നൽകുന്നു. ഇങ്ങനെ 133 നിയോജകമണ്ഡലങ്ങളിൽ പത്തിരുപത് മണ്ഡലങ്ങളെ സംബന്ധിച്ചിടത്തോളം ഞങ്ങൾ ധാരണയിൽ എത്തിച്ചേർന്നിട്ടുണ്ട്. വിമോചനസമരം നടത്തുകയും അതിന് നേതൃത്വം നൽ കുകയും ചെയ്തിരുന്നവർ രൂപീകരിച്ചിട്ടുള്ള കർഷകത്തൊഴിലാളി പാർട്ടി, മലനാട് കർഷക യൂണിയൻ എന്നിവരുമായും ഞങ്ങൾ യോജിച്ച് പ്രവർത്തിക്കുന്നു. വിമോചനസമരം നടത്തിയവർക്ക് അവരുടെ സ്വന്തം അനുഭവങ്ങളിൽനിന്നും ചിലത് മനസിലായി.”

ENGLISH SUMMARY: Gold smug­gling: Cen­tral agen­cies should inves­ti­gate, find cul­prits: Kanam

YOU MAY ALSO LIKE THIS VIDEO