Web Desk

കൊച്ചി

October 21, 2020, 10:27 pm

സ്വർണക്കടത്ത്: പുതിയവഴികൾ തേടിയത് റമീസെന്ന് മൊഴി

Janayugom Online

സ്വർണക്കള്ളക്കടത്ത് കേസ് പ്രതി സന്ദീപ് നായർ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന് നൽകിയ മൊഴിയുടെ വിശദാംശങ്ങൾ പുറത്ത്. സ്വർണക്കടത്തിന്റെ വഴികൾ സന്ദീപ് ഇഡിയ്ക്കുമുൻപിൽ വിശദീകരിച്ചു. സ്വർണക്കടത്തിനായി പുതിയവഴികൾ ആരാഞ്ഞത് റമീസാണ്. കോൺസലേറ്റിൽ ജോലി ചെയ്യുന്ന സരിത്തിനെ തനിക്ക് നേരത്തേ അറിയാം. സരിത്തിനെക്കുറിച്ച് റമീസിനോട് താൻ സൂചിപ്പിച്ചിരുന്നെന്നും സരിത്ത് വഴിയാണ് സ്വപ്ന സുരേഷിനെ പരിചയപ്പെട്ടതെന്നും സന്ദീപ് എൻഫോഴ്സ്മെന്റിനോട് പറഞ്ഞു. 

നയതന്ത്ര ബാഗേജ് വഴി സ്വർണം കടത്തിയാൽ പിടിക്കപ്പെടില്ല എന്ന് പറഞ്ഞത് സ്വപ്നയാണ്. നയതന്ത്രബാഗേജിലൂടെ സ്വർണം കടത്താൻ സ്വപ്ന സുരേഷ് ഒരു കിലോയ്ക്ക് കമ്മീഷനായി 1000 യുഎസ് ഡോളർ ആവശ്യപ്പെട്ടെന്നും സന്ദീപ് നായർ വെളിപ്പെടുത്തി. സന്ദീപ് നായർ സ്വന്തം കൈപ്പടയിൽ എഴുതി നൽകിയ മൊഴിയാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്. തിരുവനന്തപുരം താൽവാക്കേഴ്സ് ജിമ്മിന്റെ പാർക്കിൽ വച്ചായിരുന്നു സ്വർണക്കടത്തിനുള്ള ഗൂഢാലോചനയെന്നും സന്ദീപ് പറഞ്ഞു. രണ്ടു തവണ സ്വർണക്കടത്തിന് ട്രയൽ നടത്തി. കുറഞ്ഞത് 10 കിലോ സ്വർണമെങ്കിലും അയയ്ക്കാൻ സ്വപ്ന പറഞ്ഞെന്നും സന്ദീപിന്റെ മൊഴിയിലുണ്ട്. 

സ്വപ്നയ്ക്കെതിരായ ക്രിമിനൽ കേസ് ശിവശങ്കറിന് അറിയാമായിരുന്നു. എയർ ഇന്ത്യ സാറ്റ്സിനെതിരായ ക്രിമിനൽ കേസിനെക്കുറിച്ച് അറിവുണ്ടായിട്ട് തന്നെയാണ് സ്വപ്നയുടെ സ്പേസ് പാർക്കിലെ നിയമനം നടന്നതെന്നും എൻഫോഴ്സ്മെന്റിന് മുന്നിലുള്ള മൊഴിയിലുണ്ട്. ലൈഫ് മിഷനിൽ അഞ്ച് ശതമാനം കമ്മീഷൻ വാഗ്ദാനം ചെയ്തത് സന്തോഷ് ഈപ്പനാണെന്നും സന്ദീപ് ഇഡിയോട് പറഞ്ഞു. നയതന്ത്ര ഉദ്യോഗസ്ഥർക്കായി നിത്യേന സാധനങ്ങൾ വരുന്നുണ്ടെന്നും, അത് വഴി സ്വർണം കൊണ്ടുവന്നാൽ പരിശോധനയുണ്ടാകില്ലെന്നും സ്വപ്ന പറഞ്ഞു. ഇങ്ങനെയുള്ള സാധനങ്ങൾ വലിയ പരിശോധനയില്ലാതെയാണ് കൊണ്ടുവരുന്നതെന്നും അവർ പറഞ്ഞു.

കിലോയ്ക്ക് 45,000 രൂപ എന്നതായിരുന്നു റമീസ് പറഞ്ഞ കമ്മീഷൻ തുക. കോൺസൽ ജനറൽ കൂടി അറിഞ്ഞുകൊണ്ടാണ് സ്വർണം കടത്തുന്നതെന്നും അദ്ദേഹത്തിന് പണം നൽകണമെന്നും സ്വപ്ന ആവശ്യപ്പെട്ടു. കോൺസൽ ജനറലിന് ജർമനിയിൽ ബിസിനസ്സിനും ദുബായിൽ വീട് നിർമ്മിക്കാനും പണം വേണമെന്നും സ്വപ്ന വ്യക്തമാക്കി.

ENGLISH SUMMARY:gold smug­gling lat­est updates on rameez statement
You may also like this video