കെ രംഗനാഥ്

തിരുവനന്തപുരം

October 13, 2021, 9:47 pm

സ്വര്‍ണക്കള്ളക്കടത്ത്: തൊഴില്‍ രഹിതരെ ഉപയോഗിച്ച് മാഫിയ: പരിക്കുകള്‍ക്ക് ചികിത്സ, പിടിക്കപ്പെട്ടാല്‍ ജാമ്യം എന്നിവ വാഗ്ദാനങ്ങള്‍

ജനയുഗത്തോട് വെളിപ്പെടുത്തല്‍ നടത്തി കസ്റ്റംസ്
Janayugom Online

കൊറോണക്കാലത്ത് തൊഴില്‍രഹിതരായ പ്രവാസികളെ കള്ളക്കടത്തു മാഫിയകള്‍ സ്വര്‍ണക്കടത്തിന് ഉപയോഗിക്കുന്ന പ്രവണത വര്‍ധിച്ചുവരുന്നതായി കസ്റ്റംസിന്റെ എയര്‍ ഇന്റലിജന്‍സ് വിഭാഗം കണ്ടെത്തി.

കഴിഞ്ഞ ഒരു വര്‍ഷത്തിനുള്ളില്‍ സ്വര്‍ണക്കടത്തിനു പിടിയിലായവരില്‍ 93 ശതമാനവും ഗള്‍ഫ് നാടുകളില്‍ തൊഴിലില്ലാതായവരെന്നും എയര്‍ ഇന്റലിജന്‍സ് കണക്കെടുക്കുന്നു. കൊറോണക്കാലത്തും സ്വര്‍ണക്കള്ളക്കടത്ത് അനുസ്യൂതം വര്‍ധിക്കുന്നതിന്റെ കാരണങ്ങള്‍ വിലയിരുത്തിയപ്പോഴാണ് ഈ വിവരങ്ങള്‍ പുറത്തുവന്നതെന്ന് കസ്റ്റംസ് ഇന്റലിജന്‍സ് കേന്ദ്രങ്ങള്‍ ‘ജനയുഗ’ത്തോടു വെളിപ്പെടുത്തി.

സംസ്ഥാനത്ത് കഴിഞ്ഞ ഒരു വര്‍ഷത്തിനുള്ളില്‍ സ്വര്‍ണക്കടത്തിനു പിടിയിലായ 836 പേരില്‍ 93 ശതമാനവും തൊഴില്‍ നഷ്ടപ്പെട്ട പ്രവാസികളായിരുന്നുവെന്നാണ് വെളിപ്പെടുത്തല്‍. മിക്കവാറും എല്ലാ പേരും തന്നെ പ്രവാസ ലോകത്ത് തൊഴിലില്ലാതായ സാധാരണ തൊഴിലാളികള്‍. വലയിലായവരില്‍ ഈ കാലയളവില്‍ 189 സ്ത്രീകളുമുണ്ടായിരുന്നു. ഇവരില്‍ 171 പേരും ഗള്‍ഫില്‍ വീട്ടുജോലിക്കാരായി പണിയെടുക്കവെ തൊഴില്‍ നഷ്ടപ്പെട്ട സാമാന്യ വിദ്യാഭ്യാസം പോലുമില്ലാത്തവരായിരുന്നു. ഒരു കിലോ സ്വര്‍ണം കടത്തിയാല്‍ പ്രതിഫലമായി 30,000 മുതല്‍ 50,000 രൂപവരെയാണ് ഇവര്‍ക്ക് മാഫിയകള്‍ വാഗ്ദാനം ചെയ്യുന്നത്. പിടിക്കപ്പെട്ടാല്‍ ജാമ്യത്തിലിറക്കാമെന്നും കേസ് നടത്തിക്കൊള്ളാമെന്നുമെല്ലാം പ്രലോഭനങ്ങളുണ്ടാവും. പക്ഷേ കള്ളപ്പൊന്നിനൊപ്പം വലയില്‍ കുടുങ്ങുന്നവരെ ഈ റാക്കറ്റുകള്‍ തിരിഞ്ഞു നോക്കാറേയില്ലെന്നും കസ്റ്റംസ് കേന്ദ്രങ്ങള്‍ വെളിപ്പെടുത്തുന്നു.

ഭവിഷ്യത്തുകള്‍ അറിയാതെയാണ് തൊഴില്‍രഹിത പ്രവാസികള്‍ ഇപ്രകാരം കാരിയര്‍മാരാകുന്നത്. ആന്തരികാവയവങ്ങളില്‍ സ്വര്‍ണം കടത്തുന്നത് മൂലമുണ്ടാവുന്ന മുറിവുകള്‍ ചികിത്സിച്ചു ഭേദപ്പെടുത്താന്‍ വലിയൊരു തുകതന്നെ വേണ്ടിവരും. ഇത്തരം കേസുകളില്‍ പിടിക്കപ്പെടുന്നവരുടെ പാസ്പോര്‍ട്ട് കരിമ്പട്ടികയില്‍പ്പെടുത്തുന്നതിനാല്‍ വിദേശയാത്രയും വിലക്കും. തൊഴില്‍ നഷ്ടപ്പെട്ട് വരുന്നവര്‍ക്ക് പുതിയ വിസയില്‍ ഒരു തൊഴില്‍ നേടി പ്രവാസി ലോകത്തേക്ക് മടങ്ങാനുള്ള വാതിലാണ് ഇതുവഴി കൊട്ടിയടയ്ക്കപ്പെടുന്നതെന്നും അവരറിയുന്നില്ല. തൊഴില്‍ നഷ്ടപ്പെട്ട നിരാശയില്‍ താല്ക്കാലിക ലാഭം മോഹിച്ച് ഇത്തരം കെണികളില്‍ അകപ്പെടുന്നവര്‍ക്ക് സംസ്ഥാനത്തെ സര്‍ക്കാരുമായി ബന്ധപ്പെട്ട മേഖലകളിലൊന്നും തൊഴില്‍ ലഭിക്കുകയുമില്ല.

വ്യാജ പാസ്പോര്‍ട്ടുപയോഗിച്ച് വിദേശത്തു കടക്കുന്നവരെ ബ്ലു കോര്‍ണര്‍ നോട്ടീസ് പ്രകാരം രാജ്യത്തേക്ക് തിരിച്ചുകൊണ്ടുവരാനും കഴിയും. കഴിഞ്ഞ ഒരു വര്‍ഷത്തിനുള്ളില്‍ സംസ്ഥാനത്ത് 29 പേരെയാണ് ബ്ലു കോര്‍ണര്‍ നോട്ടീസ് പുറപ്പെടുവിച്ചു തിരിച്ചു കൊണ്ടുവന്നിട്ടുണ്ട്. ഇന്ത്യയിലെ ആഭ്യന്തര ആവശ്യത്തിനുള്ള സ്വര്‍ണത്തില്‍ 17 ശതമാനം വരെ കള്ളക്കടത്തു പൊന്നാണെന്നാണ് ഔ­ദ്യോഗിക കണക്കെങ്കിലും അത് 31 ശതമാനം വരെയാണെന്നാണ് അനൗദ്യോഗിക കണക്കുകൾ. ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ കള്ളക്കടത്തു സ്വര്‍ണം എത്തുന്നത് കരിപ്പൂര്‍, നെടുമ്പാശേരി, മുംബൈ, ഡല്‍ഹി, ചെന്നൈ വിമാനത്താവളങ്ങള്‍ വഴിയാണ്. മാധ്യമങ്ങളും സര്‍ക്കാര്‍ ഏജന്‍സികളും നിരപരാധികളായ തൊഴില്‍രഹിത പ്രവാസികളെ കള്ളക്കടത്തുകാരായി ഉപയോഗിക്കുന്നതിനെതിരേ വ്യാപകമായ ബോധവല്‍ക്കരണ ശ്രമം നടത്തണമെന്നാണ് കസ്റ്റംസ് എയര്‍ ഇന്റലിജന്‍സ് വക്താവിന്റെ അഭ്യര്‍ത്ഥന.

 

Eng­lish Sum­ma­ry: Gold smug­gling: Mafia using unem­ployed: Promis­es of treat­ment for injuries and bail if caught

You may like this video also