Web Desk

തിരുവനന്തപുരം

July 03, 2021, 9:54 pm

സ്വര്‍ണക്കടത്ത് : ക്രൈംബ്രാഞ്ച് അന്വേഷിക്കും

Janayugom Online

സ്വർണക്കടത്തുമായി ബന്ധപ്പെട്ട്‌ കേരളത്തിലുണ്ടായ എല്ലാ ആക്രമണങ്ങളും ക്രൈംബ്രാഞ്ച്‌ അന്വേഷിക്കും. ഇതിനായി ക്രൈംബ്രാഞ്ച്‌ ആസ്ഥാനത്ത്‌ സ്വമേധയാ എഫ്‌ഐആർ രജിസ്‌റ്റർ ചെയ്‌തു. കരിപ്പൂർ കേന്ദ്രീകരിച്ച്‌ കഴിഞ്ഞ ദിവസമുണ്ടായ സ്വർണക്കടത്തിന്റെ പശ്ചാത്തലത്തിൽ അടുത്തിടെ നടന്ന രജിസ്‌റ്റർ ചെയ്‌തതും അല്ലാത്തതുമായ എല്ലാ സംഭവങ്ങളും വിശദമായി അന്വേഷിക്കാനാണ് തീരുമാനം. ക്രൈംബ്രാഞ്ച്‌ മലപ്പുറം യൂണിറ്റ്‌ എസ്‌പി കെ വി സന്തോഷിനാണ്‌ അന്വേഷണ ചുമതല. ഇദ്ദേഹത്തിന്റെ നേതൃത്വത്തിൽ പ്രത്യേക സംഘം രൂപീകരിക്കും. പഴയ സ്വർണക്കടത്ത്‌ കേസുകളും പരിശോധിക്കും.

അതിൽ ഉൾപ്പെട്ടവരെകുറിച്ചും അന്വേഷിക്കും. പരാതികൾ ഇല്ലാത്ത ചില സംഭവങ്ങളിൽ ഇന്റലിജൻസ്‌ റിപ്പോർട്ടുണ്ട്‌. അത്തരം സംഭവങ്ങളും അന്വേഷണ പരിധിയിൽ വരും. കേരളത്തിൽ നടക്കുന്ന ചുരുക്കം ചില സ്വർണക്കടത്തിലും അതുമായി ബന്ധപ്പെട്ട മറ്റ് കുറ്റകൃത്യങ്ങളിലും മാത്രമാണ്‌ പരാതി ലഭിക്കുന്നത്‌. നിയമ വിരുദ്ധ പ്രവർത്തനമായതിനാലാണ്‌ ഇരുകൂട്ടരും പരാതി നൽകാത്തത്‌. എന്നാൽ ഇതിന്റെ മറവിൽ വൻ ഗുണ്ടാസംഘം സംസ്ഥാനത്ത് വളർന്നുവരുന്നതായി കണ്ടെത്തിയിരുന്നു. സ്ഥിരം ഗുണ്ടകളുടെ പട്ടിക തയ്യാറാക്കി പ്രാദേശിക പൊലീസിന്‌ കൈമാറാനും ആലോചനയുണ്ട്.

Eng­lish sum­ma­ry; Gold smug­gling: The crime branch will investigate

You may also like this video;