സ്വര്‍ണക്കടത്ത്: പഴയ കേസുപോലെ ഒതുക്കും; അറ്റാഷെയെ ആവശ്യപ്പെടാന്‍ മടിച്ച് ഇന്ത്യ

കെ രംഗനാഥ്
Posted on August 01, 2020, 9:37 pm

സ്വപ്നസുരേഷും കൂട്ടാളികളും ചേര്‍ന്ന് ഇതിനകം ആറര ടണ്ണോളം സ്വര്‍ണം കള്ളക്കടത്തു നടത്തിയെന്ന് എന്‍ഐഎ കണ്ടെത്തിയ കേസ് ഏഴുവര്‍ഷം മുമ്പ് നടന്ന മറ്റൊരു കള്ളക്കടത്തു കേസുപോലെ നയതന്ത്ര പരിരക്ഷയുടെ മറവില്‍ ഒതുക്കാന്‍ നീക്കം.
ഈ കേസില്‍ തുടക്കം മുതല്‍ സംശയത്തിന്റെ നിഴലിലായിരുന്ന തിരുവനന്തപുരം യുഎഇ കോണ്‍സുലേറ്റിലെ അറ്റാഷെ റാഷിദ് ഖാമിസ് അലി മുസാവിരി അല് ‍ഷെയ്മിലിയെ ചോദ്യം ചെയ്യാന്‍ ഇന്ത്യ ആവശ്യപ്പെട്ടില്ല.

ജനീവാ കണ്‍വന്‍ഷന്‍ പ്രകാരമുള്ള നയതന്ത്ര പരിരക്ഷയുടെ പേരില്‍ റാഷിദ് ഖാമിസിനെ ചോദ്യം ചെയ്യാതെ വന്നാല്‍ ഈ സ്വര്‍ണക്കടത്തുകേസ് കടവിലടുപ്പിക്കാന്‍ എന്‍ഐഎയ്ക്ക് നന്നേ വിയര്‍ക്കേണ്ടിവരും. ഇപ്പോള്‍ എന്‍ഐഎ കസ്റ്റഡിയിലുള്ള കള്ളക്കടത്തിന്റെ സൂത്രധാരനായ കെ ടി റമീസ് പല തവണ റാഷിദ് ഖാമിസിനെ കണ്ടിരുന്നുവെന്ന് എന്‍ഐഎക്ക് വ്യക്തമായ തെളിവുകള്‍ ലഭിച്ചിരുന്നു. ഇപ്പോള്‍ ദുബായ് പൊലീസിന്റെ കസ്റ്റഡിയിലുളള മൂന്നാം പ്രതി ഫൈസല്‍ ഫരീദിന് തന്റെ പേരില്‍ നയതന്ത്ര ബാഗേജുകള്‍ അയയ്ക്കാന്‍ റാഷിദ് ഖാമിസ് നല്കിയ കത്തിന്റെ പകര്‍പ്പ് ഇന്ത്യന്‍ സൂപ്പര്‍ ഇന്റലിജന്‍സ് ഏജന്‍സിയായ റോയ്ക്ക് ലഭിച്ച കാര്യവും ‘ജനയുഗം’ റിപ്പോര്‍ട്ട് ചെയ്തിരുന്നു.

റാഷിദ് ഖാമിസിന്റെ അറിവോടെ അദ്ദേഹത്തിന് കോഴ നല്കിയാണ് കള്ളക്കടത്ത് നടത്തിയിരുന്നതെന്ന് മൊഴി നല്കിയ സ്വപ്നയും സന്ദീപും സരിത്തും ഇപ്പോഴും തലസ്ഥാനത്തെ കോണ്‍സല്‍ ജനറല്‍ ജമാല്‍ ഹുസൈന്‍ റഹ്‌മാന്‍ അല്‍സാബിയുടെ പേരുകൂടി വലിച്ചിഴയ്ക്കുന്നത് കേസിന് ഒരു നയതന്ത്ര പരിവേഷം നല്കി രക്ഷപ്പെടാനുള്ള തന്ത്രമാണെന്ന് യുഎഇയിലെ സുരക്ഷാവിദഗ്ധര്‍ കരുതുന്നു. കേസില്‍ സഹകരിക്കുമെന്ന് യുഎഇയും വ്യക്തമാക്കിയിരുന്നുവെങ്കിലും അന്വേഷണ ഏജൻസികളുടെ അപേക്ഷ ലഭിച്ച് രണ്ടാഴ്ച പിന്നിട്ടിട്ടും യുഎഇയുമായി ഇക്കാര്യം ചര്‍ച്ച ചെയ്യാന്‍ കേന്ദ്രം ചെറുവിരല്‍ പോലും അനക്കിയില്ല. പിന്നീട് എന്‍ഐഎയുടെ കത്തും രണ്ടാമത്തെ ഓര്‍മ്മപ്പെടുത്തല്‍ കത്തും വിദേശമന്ത്രാലയത്തിനു ലഭിച്ചിട്ടും കേന്ദ്രത്തിനു മിണ്ടാട്ടമില്ലായിരുന്നു. ഓര്‍മ്മപ്പെടുത്തല്‍ കത്ത് വിദേശമന്ത്രാലയത്തിനു ലഭിച്ച ദിവസമായിരുന്നു രണ്ട് ദിവസം ഡൽഹിയിലുണ്ടായിരുന്ന അറ്റാഷെ രാജ്യം വിട്ടത്.

അറ്റാഷെയെ നയതന്ത്ര പരിരക്ഷയുടെ പേരില്‍ കുറ്റവിമുക്തനാക്കുന്നതിന് കീഴ്‌വഴക്കവും ഇന്ത്യയ്ക്ക് ചൂണ്ടിക്കാണിക്കാം. 2013 മാര്‍ച്ച് 11ന് സിംഗപ്പൂരില്‍ നിന്നും എത്തിയ ഒരു യുഎഇ നയതന്ത്ര പ്രതിനിധിയില്‍ നിന്നും ഡല്‍ഹി കസ്റ്റംസ് 37 കിലോ സ്വര്‍ണം കണ്ടെത്തി. ഇയാള്‍ നയതന്ത്ര പരിരക്ഷ അവകാശപ്പെട്ടെങ്കിലും കസ്റ്റംസ് അധികൃതര്‍ വഴങ്ങിയില്ല. ഇയാളോടൊപ്പമുണ്ടായിരുന്ന ഒരു പ്രമുഖ ബിസിനസുകാരന്‍ ഇടപെട്ടിട്ടും എല്ലാം വിഫലമായി. 12 മണിക്കൂറിലേറെ യുഎഇ എംബസിയിലെ ഉന്നതനായ ഇയാളെ തട‍ഞ്ഞുവച്ചിരുന്നു. ഒടുവില്‍ കേന്ദ്ര സര്‍ക്കാര്‍ യുഎഇയുമായി ബന്ധപ്പെട്ടപ്പോള്‍ അയാളെ സ്വര്‍ണമടങ്ങിയ നയതന്ത്ര ബാഗേജ് സഹിതം യുഎഇ അധികൃതര്‍ തിരിച്ചുവിളിക്കുകയായിരുന്നു. ഇത്തരത്തില്‍ അറ്റാഷെ റാഷിദ് ഖാമിസിന് നയന്ത്ര സംരക്ഷണം നല്കാന്‍ വേണ്ടിയാണ് അയാളെ കേന്ദ്രം ചോദ്യം ചെയ്യലിന് ആവശ്യപ്പെടാത്തതെന്ന സംശയവും ഉയരുന്നു.

 

Sub: gold smug­gling­case, India not seek­ing attache

 

You may like this video: