Web Desk

ടോക്യോ

August 04, 2021, 10:58 pm

ഗോള്‍ഡന്‍ ഡേ: ഇടിക്കൂട്ടില്‍ വെങ്കലം, രവി ദഹിയ കലാശപ്പോരില്‍

നീരജ് ചോപ്ര ഫൈനലില്‍, വനിതാ ഹോക്കിയില്‍ പരാജയം-ഇനി വെങ്കല മെഡല്‍ മത്സരം
Janayugom Online

ടോക്യോ ഒളിമ്പിക്സില്‍ ഇന്ത്യയുടെ സുവര്‍ണദിനം. ഇടിക്കൂട്ടില്‍ ഇന്ത്യക്ക് വെങ്കലം സ്വന്തമായി. ഗുസ്തിയില്‍ രവി കുമാര്‍ ദഹിയ മെഡലുറപ്പിച്ച് ഫൈനലില്‍ കടന്നു. പുരുഷ ജാവലിന്‍ ത്രോയില്‍ നീരജ് ചോപ്രയും പ്രതീക്ഷയായി ഫൈനല്‍ റൗണ്ടിലേക്ക് യോഗ്യത നേടി. അതേസമയം വനിതാ ഹോക്കിയില്‍ ഇന്ത്യ അര്‍ജന്റീനക്കെതിരെ സെമിഫൈനലില്‍ വീണു.

വനിതാ ബോക്സിങ് 69 കിലോഗ്രാം വിഭാഗത്തില്‍ ഇന്ത്യയുടെ ലവ്‌ലിന ബോര്‍ഗോഹെയ്നാണ് ഇന്ത്യക്ക് മെഡല്‍ സമ്മാനിച്ചത്. നിര്‍ണായകമായ സെമി ഫൈനലില്‍ ലോക ഒന്നാം നമ്പര്‍ താരമായ തുര്‍ക്കിയുടെ ബുസെനാസ് സുര്‍മെലെനിയോട് തോല്‍വി വഴങ്ങിയതോടെ ലവ്‌ലിന വെങ്കല മെഡലില്‍ ഒതുങ്ങി. സ്‌കോര്‍: 5–0.

57 കിലോ ഫ്രീസ്റ്റൈല്‍ ഗുസ്തിയിലെ സെമി ഫൈനലില്‍ കസാക്കിസ്ഥാന്റെ നൂറിസ്ലാം സനയെവയെ തകര്‍ത്താണ് രവി കുമാര്‍ ദഹിയ ഫൈനലില്‍ കടന്നത്. ഇന്ന് നടക്കുന്ന കലാശപ്പോരാട്ടത്തിൽ രണ്ടു തവണ ലോക ചാമ്പ്യനായ റഷ്യൻ താരം സാവുർ ഉഗ്വേവാണ് രവികുമാറിന്റെ എതിരാളി.

മത്സരം അവസാന മിനിറ്റിലേക്ക് കടക്കുമ്പോള്‍ ഏറെ പിന്നിലായ രവികുമാര്‍ എതിരാളിയെ പിന്‍ ചെയ്താണ് വിജയം നേടിയത്. സ്കോര്‍ നിലയില്‍ 7–9 ന് രവി പിന്നിലായിരുന്നുവെങ്കിലും ഈ നീക്കത്തിലൂടെ വിജയം നേടുവാന്‍ ഇന്ത്യന്‍ താരത്തിനായി. നേരത്തെ കൊളംബിയയുടെ ഓസ്‌കര്‍ അര്‍ബനോയെ 13–2 എന്ന സ്കോറിന് തകര്‍ത്ത് ക്വാര്‍ട്ടറിലെത്തിയ രവികുമാര്‍ ബള്‍ഗേറിയയുടെ ജോര്‍ജി വാംഗളോവിനെ 14–4 എന്ന സ്‌കോറിന് മറികടന്ന് സെമി ബര്‍ത്ത് ഉറപ്പിക്കുകയായിരുന്നു.

ജാവലിന്‍ ത്രോയില്‍ ആദ്യ ശ്രമത്തില്‍ തന്നെ 86.65 മീറ്റര്‍ കണ്ടെത്തിയാണ് നീരജ് ഫൈനല്‍ ഉറപ്പാക്കിയത്. നീരജ് ചോപ്രയുടെ ആദ്യ ഒളിമ്പിക്സാണിത്.

വനിതാ ഹോക്കിയില്‍ ഇന്ത്യ അര്‍ജന്റീനയോട് പൊരുതിയാണ് വീണത്. ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്കാണ് അര്‍ജന്റീന ഇന്ത്യയെ പരാജയപ്പെടുത്തിയത്. അര്‍ജന്റീനയ്ക്കായി ടീം നായിക നോയല്‍ ബാരിയോനു രണ്ടു ഗോള്‍ നേടി. ഗുര്‍ജിത്ത് കൗറാണ് ഇന്ത്യയുടെ ഗോള്‍ സ്‌കോറര്‍. ഇന്ത്യക്ക് ഇനി വെങ്കല മെഡലിനായി മത്സരിക്കാം.

Eng­lish Sum­ma­ry: Gold­en day for India,

You may like this video also