January 26, 2023 Thursday

അതിജീവനത്തിന്റെ നല്ല പാഠങ്ങൾ

വി പി ഉണ്ണികൃഷ്‍ണൻ
മറുവാക്ക്
April 17, 2020 3:10 am

ഇനി മെയ് മൂന്നുവരെ നാം ഭാരതീയർ വീടുകൾക്കുള്ളിൽ തന്നെ കഴിഞ്ഞുകൂടണം. അതിനുശേഷം എന്തെന്നത് പ്രവചനാതീതവും. മാർച്ച് 22-ാം തീയതി രാവിലെ ഏഴ് മുതൽ രാത്രി ഒൻപത് മണിവരെ അനുഷ്ഠിച്ച ജനതാ കർഫ്യൂ കൂട്ടിച്ചേർത്താൽ മെയ് മൂന്നാകുമ്പോൾ 41 ദിനരാത്രങ്ങൾ നാം വീടുകൾക്കുള്ളിൽ ഒരർത്ഥത്തിൽ കുടുംബാംഗങ്ങൾക്കൊപ്പം ഏകാന്തവാസത്തിൽ ജീവിക്കും.

മാർച്ച് 24ന് ലോക്ഡൗൺ തുടങ്ങുന്നതിന് മുമ്പ് മറ്റിടങ്ങളിൽ പെട്ടുപോയവർ മെയ് മൂന്നുവരെ അവിടങ്ങളിൽ തന്നെ ബന്ധുമിത്രാദികളുടെ സാമീപ്യം പോലുമില്ലാതെ ഏകരായി കഴിഞ്ഞുകൂടും. ജയിൽ വാസം അനുഭവിച്ചിട്ടുള്ളവർ പോലും തീർത്തും വ്യതിരിക്തമായ ഇത്തരമൊരു ജീവിതാവസ്ഥയെ അഭിമുഖീകരിച്ചിട്ടുണ്ടാവില്ല. അവർക്കൊപ്പം നൂറുകണക്കിന് സഹവാസികളുണ്ടാവും. ജീവിതത്തിൽ മറ്റൊരിക്കലും അനുഭവവേദ്യമായിട്ടില്ലാത്ത ഈ ജീവിതാവസ്ഥ ഒരു ബന്ധനാവസ്ഥയല്ലെന്ന് നാം തിരിച്ചറിയുന്നുണ്ട്. നാടിന്റെയും ജീവന്റെയും സംരക്ഷണത്തിനായി, തന്റെ ജീവനുതുല്യമോ അതിലേറെയോ അപരന്റെ ജീവനും പ്രാധാന്യമുണ്ടെന്ന വിവേകത്തോടെ പെരുമാറുകയും പ്രവർത്തിക്കുകയും ചെയ്യേണ്ട അനിവാര്യത ഏവർക്കും ബോധ്യപ്പെടുകയാണ്. പുതിയ ചിന്താസരണികളും ബോധ്യങ്ങളും തിരിച്ചറിവുകളും സ്നേഹ സൗഹൃദങ്ങളുടെ വീണ്ടെടുക്കലുകളും വൈരവിദ്വേഷങ്ങളുടെയും പാപകൃത്യങ്ങളുടെയും സങ്കുചിത ഇടങ്ങളുടെയും തിരസ്കാരത്തിനായുള്ള ഗുണപാഠങ്ങളും ഈ അഭൂതപൂർവമായ ജീവിതാവസ്ഥ ഓരോ മാനവനെയും പഠിപ്പിക്കുന്നു.

മുമ്പൊരിക്കലും കണ്ടിട്ടില്ലാത്ത ഒരു വിഷുദിനം കടന്നുപോയി. വിളവെടുപ്പിന്റെ മഹോത്സവമാണ് വിഷുക്കാലം. പാടങ്ങളിൽ പലതും അപ്രത്യക്ഷമായെങ്കിലും ഗ്രാമീണതയുടെമേൽ നഗരവാസന കയ്യേറ്റം നടത്തിയെങ്കിലും മലയാളി ഗ്രാമത്തെയും തങ്ങളുടെ സംസ്കൃതിയുടെ ഭാഗമായ കൃഷിയെയും സ്വയം ഓർമ്മപ്പെടുത്തുന്ന ദിനമാണത്. പതിവുപോലെ കൊടും ചൂടിലും കണിക്കൊന്നകൾ പൂത്തുലഞ്ഞ് മഞ്ഞക്കൂടാരം സൃഷ്ടിച്ചു. കണിവെള്ളരികളും മാങ്ങയും ചക്കയും നെൽമണികളും മറ്റു ഫലാദികളും വിളഞ്ഞ് സമൃദ്ധിവിളിച്ചോതി. പക്ഷേ ലേകമെങ്ങുമുള്ള മലയാളികൾ ആഘോഷാരവങ്ങളില്ലാതെ, ദീപപ്രഭാ പൂരങ്ങളില്ലാതെ, കതിനാവെടികളില്ലാതെ ഇത്തവണ വിഷുവിനെ വരവേൽക്കേണ്ടിവന്നു. മലയാള മണ്ണിൽ പാടങ്ങളിൽ കർഷകരുടെ കൊയ്ത്തു പാട്ടുകൾ സംഘഗാനങ്ങളായി ഉയർന്നില്ല. ‘വിത്തും കൈക്കോട്ടും’ കൂട്ടത്തോടെ മുഴങ്ങിയില്ല. കാരണം ഈ വിഷുക്കാലം സംഘം ചേരാൻ പാടില്ലാത്ത കാലമാണല്ലോ.

കഴിഞ്ഞ വിഷുദിനത്തിൽ ഈ മേടമാസ വിഷു ഇങ്ങനെയാവുമെന്ന് ആരു കണ്ടു? ‘കാലമിനിയുമുരുളും/വിഷുവരും വർഷം വരും/തിരുവോണം വരും/പിന്നെയോരോ തളിരിനും/പൂവരും കായ് വരും/അപ്പോൾ ആരെന്നും/എന്തെന്നും ആർക്കറിയാം’ എന്ന് എൻ എൻ കക്കാട്’ സഫലമീയാത്ര എന്ന കവിതയിൽ കുറിച്ചത് എത്ര ശരിയാണ്. വരും കൊല്ലം ആരെന്നും എന്തെന്നും ആർക്കും പ്രവചിക്കുവാനാവുകയില്ലെന്ന് ഇക്കാല വിഷു നമ്മെ വീണ്ടും പഠിപ്പിക്കുകയാണ്. മറ്റു പലതിലുമെന്ന പോലെ കേരളം കൊറോണ പ്രതിരോധത്തിലും മാതൃകാസ്ഥാനമായി ലോകത്തിനു മുന്നിൽ വേറിട്ടുനിൽക്കുകയാണ്. ഇന്ത്യയിൽ ആദ്യം കൊറോണ സ്ഥിരീകരിച്ചത് ജനുവരി 30ന് തൃശൂർ ജില്ലയിലാണ്. ചൈനയിലെ വുഹാനിൽ നിന്ന് നാട്ടിലെത്തിയ വിദ്യാർത്ഥിയായിരുന്നു ആദ്യത്തെ കൊറോണ സ്ഥിരീകരിക്കപ്പെട്ട വ്യക്തി. തൊട്ടുപിന്നാലെ ആലപ്പുഴ ജില്ലയിലും ഒരാൾക്ക് സ്ഥിരീകരിക്കപ്പെട്ടു. അതീവ ജാഗ്രതയോടെയും ആത്മസമർപ്പണത്തോടെയുമുള്ള കേരളത്തിന്റെ രോഗ പ്രതിരോധ‑പരിഹാര ഇടപെടലുകളിലൂടെ അതിനെ അതിജീവിക്കുവാൻ കഴിഞ്ഞു. പിന്നാലെ കോവിഡ് കേരളത്തിൽ വീണ്ടുമെത്തിയപ്പോൾ ‘ഭീതി വേണ്ട, ജാഗ്രതമതി’ എന്ന സന്ദേശത്തിലൂടെ കേരളം നടത്തിയ ജനകീയ ഇടപെടലുകളും ഇച്ഛാശക്തിയോടെയുള്ള സർക്കാർ നടപടികളും ആശ്വാസകരവും ശുഭാപ്തി വിശ്വാസം പകരുന്നതുമായ ഫലങ്ങളാണ് സമ്മാനിക്കുന്നത്.

രോഗവ്യാപനം കേരളത്തിൽ നല്ല തോതിൽ കുറയുകയും രോഗവിമുക്തി നേടുന്നവരുടെ എണ്ണം പ്രതിദിനം ക്രമാതീതമായി വർധിക്കുകയും ചെയ്യുന്നു. കോവിഡ് ബാധിച്ച 94 ഉം 89 ഉം വയസ് പ്രായമുള്ളവർ പോലും രോഗവിമുക്തി നേടിയത് കേരളത്തെ രാജ്യത്തിനും ലോകത്തിനും മുന്നിൽ വേറിട്ടതാക്കി. കുത്തക മുതലാളിത്ത രാഷ്ട്രങ്ങളും അവിടങ്ങളിലെ ദൃശ്യ‑ശ്രവ്യ‑അച്ചടി മാധ്യമങ്ങളും കേരളത്തെ മാതൃകയാക്കണമെന്നു ആഹ്വാനം ചെയ്യുന്നു. കോവിഡ് സ്ഥിരീകരിച്ച് രണ്ടരമാസം കേരളം പിന്നിടുമ്പോൾ രണ്ടേ രണ്ടു മരണമാണ് ഇവിടെ ഉണ്ടായത്. അവർ മറ്റ് ഗുരുതര അസുഖബാധിതരായിരുന്നെങ്കിലും ഓരോ മരണവും ദുഃഖകരമാണ്. ലോകരാജ്യങ്ങളുമായും ഇന്ത്യയിലെ ഇതര സംസ്ഥാനങ്ങളുമായും താരതമ്യം ചെയ്യുമ്പോൾ രോഗവ്യാപനം തടയുന്നതിലും മരണങ്ങളെ ചെറുക്കുന്നതിലും രോഗമുക്തി ആർജ്ജിക്കുന്നതിലും കേരളം ബഹുദൂരം മുന്നിലാണ്. മഹാമാരികൾ പലതും ലോകം കണ്ടിട്ടുണ്ട്. ചരിത്രത്തിൽ ലിഖിതമാക്കപ്പെട്ട പ്ലേഗ് 18-ാം നൂറ്റാണ്ടിലും കോളറ 19-ാം നൂറ്റാണ്ടിലും സ്പാനിഷ് ഫ്ളൂ 20-ാം നൂറ്റാണ്ടിലും ലോകത്തെ വിറങ്ങലിപ്പിച്ചു നിർത്തി. ആ കൊടുംമാരികൾ പടർന്നു പിടിക്കുന്ന കാലത്ത് അവയെ ചെറുത്തു തോൽപ്പിക്കുവാൻ മരുന്നുകളൊന്നും കണ്ടെത്തിയിരുന്നില്ല. പിന്നീട് ശാസ്ത്രം ജയിച്ചു, മരുന്നുകൾ കണ്ടെത്തി.

ആ മഹാമാരികളെ ലോകം പിഴുതെറിഞ്ഞു. 21-ാം നൂറ്റാണ്ടിൽ കൊറോണ പടർന്നു പിടിക്കുമ്പോൾ ആ മാരിയെ ചെറുക്കാൻ മാനവന്റെ കൈകളിൽ മരുന്നില്ല. പക്ഷേ കാലം ശാസ്ത്രത്തിന്റെ വിജയത്തിന് വീഥിയൊരുക്കുക തന്നെ ചെയ്യും. ശാസ്ത്രമാണ് ശാശ്വത സത്യം എന്നല്ലേ! മഹാമാരികൾ പടർന്നു പിടിക്കുമ്പോൾ കപട ദിവ്യൻമാരും ദൈവത്തിന്റെ രക്ഷക വേഷം കെട്ടിയാടുന്നവരും മതസംരക്ഷക പടയാളികളായി ചമയുന്നവരും മതത്തെയും ദൈവത്തെയും കൂട്ടുപിടിച്ച് ഇതു മാത്രമാണ് പ്രതിവിധി എന്ന് കല്പിക്കും. രോഗത്തിനും മരണത്തിനും കാരണം ദൈവകോപമാണെന്നും മതനിന്ദയാണെന്നും പുരപ്പുറത്തു കയറി നിന്ന് വിളിച്ചു പറയുന്നു. രോഗ ഹേതുക്കൾക്ക് ‘ദൈവീക’വും മതപരവുമായ പരിഹാര ക്രിയകൾ നിർദ്ദേശിക്കും. കേരളത്തിൽ വസൂരി പടർന്നു പിടിച്ചവർ ഭഗവതീ വിദ്വേഷം എന്നു കണ്ടെത്തി ഇത്തരം വിശാരദൻമാർ. കാക്കനാടന്റെ ‘വസൂരി’ എന്ന നോവൽ ആ കദനകാലത്തെ വരച്ചിട്ടിട്ടുണ്ട്. പിന്നീട് വസൂരിക്കും മരുന്ന് കണ്ടെത്തി ‘പാവം ഭഗവതി‘യുടെ തലയിൽ കെട്ടിവച്ച പാപഭാരം കാലയവനികയ്ക്കുള്ളിൽ മറഞ്ഞു. കൊറോണ മാനവരാശിക്ക് നൽകിയ മഹാദുരന്തങ്ങൾക്കും കഷ്ടനഷ്ടങ്ങൾക്കുമൊപ്പം മറ്റു ചില വലിയ പാഠങ്ങളും പകർന്നു നൽകി. അതിലൊന്ന് മതങ്ങളുടെയും ദൈവങ്ങളുടെയും അപ്രസക്തി തെളിയിക്കപ്പെട്ടുവെന്നതാണ്. ‘ദൈവം ഒരു വ്യക്തിയാണെന്ന് ഞാൻ കണക്കാക്കുന്നില്ല. ദൈവമാണ് സത്യമെന്നല്ല, സത്യമാണ് ദൈവം എന്നാണ് ഗാന്ധിജി പറഞ്ഞത് എന്നത് ശ്രദ്ധേയമാണ്. ‘മ‍ൃഗങ്ങൾ തങ്ങളുടെ ജാതിമതാദികൾ ചർച്ച ചെയ്യാറില്ല… അതുകൊണ്ടാവാം ഒരു പശു മറ്റൊരു പശുവിനെ പെട്രോളൊഴിച്ച് കത്തിക്കാത്തത്, നായ നായയെ കടിച്ചുതിന്നാത്തത്, കാക്ക കാക്കയെ വധിക്കാത്തത്’ എന്ന് മാധവിക്കുട്ടി സരസമായി ജാതിമതാദികളുടെ ക്രൂദ്ധതയെ അപഹസിച്ചിട്ടുണ്ട്. ഇന്ന് ആരാധനാലയങ്ങൾ അടഞ്ഞുകിടക്കുന്നു. വാസ്തവത്തിൽ എല്ലാ മതങ്ങളിലുംപെട്ട ഈശ്വരാദികൾക്ക് സ്വസ്ഥതയും ശാന്തതയും ലഭിച്ചിരിക്കുകയാണ്. ദൈവസംരക്ഷകരുടെയും മതാചാരാനുഷ്ഠാനങ്ങളുടെ കാവൽക്കാരുടെയും ശല്യങ്ങളിൽ നിന്ന് അത്യപൂർവ സന്ദർഭങ്ങളിലേ ദൈവങ്ങൾക്ക് രക്ഷ കിട്ടിയിട്ടുള്ളു. കാലില്ലാത്തവർക്ക് കാലും കാഴ്ചയില്ലാത്തവർക്ക് കാഴ്ചയും ഒച്ചയില്ലാത്തവർക്ക് ഒച്ചയും നൽകുന്ന കപടദിവ്യൻമാരും ആകാശത്തു നിന്ന് ഭസ്മമെടുക്കുകയും വായിൽ നിന്ന് ശിവലിംഗമെടുക്കുകയും ചെയ്യുന്ന, പൂണ്യതീർത്ഥം നൽകിയും ഒത്തുചൊല്ലിയും ആലിംഗനം ചെയ്തും പാപമുക്തി നൽകുന്ന ആൾ ദൈവങ്ങളും തൽക്കാലത്തേക്കെങ്കിലും ഒളിവിലാണ്.

ചാണകം പൂശിയും ഗോമൂത്രം കുടിച്ചും കൊറോണ, വൈറസിനെ ഓടിക്കാമെന്ന് കണ്ടെത്തിയ ‘മഹാപ്രതിഭ’കളും കൊറോണയെ കൊല്ലാൻ ക്ഷിപ്രവേഗതയിൽ മരുന്നു കണ്ടെത്തിക്കളഞ്ഞ നാട്ടുവൈദ്യ ദിവ്യൻമാരും ഒരു ചുമ വരുമ്പോൾ തന്നെ അലോപ്പതി ആശുപത്രികളിലേക്ക് പായുന്നു. ദിവ്യഗണങ്ങളും ആൾദൈവങ്ങളും കണ്ണിമ ചിമ്മാതെ നോക്കിയിട്ടും കണ്ടുകിട്ടാത്ത കൊടിയ രോഗാണുവിനെ ഭയന്ന് അദ്ഭുതസിദ്ധികളൊക്കെ പെട്ടിയിൽ വച്ച് പൂട്ടി ക്വാറന്റൈൻ അനുഷ്ഠിക്കുകയാണ്. അത്രയും ആശ്വാസം സമൂഹത്തിന് ലഭിക്കുന്നു. ഇന്ന് കൊറോണ പ്രതിരോധത്തിലും അതിജീവനത്തിലും സവിശേഷമായ നിലയിൽ കേരളം മുന്നേറുന്നത് പതിറ്റാണ്ടുകൾ കൊണ്ട് നാം ആർജ്ജിച്ചെടുത്ത നേട്ടങ്ങളുടെ അടിത്തറയിൽ നിന്നുകൊണ്ടാണ്. ലോകം വാഴ്ത്തിയ കേരള മോഡലിനെ നിന്ദിച്ചവരുടെയും വിമർശിച്ചവരുടെയും പിൻമുറക്കാർ ഇന്നുമുണ്ട്. പണ്ടുണ്ടായിരുന്ന രാജഭരണമായിരുന്നെങ്കിൽ എത്ര നന്നായിരുന്നു എന്ന് പുലമ്പുന്ന അൽപമാനസങ്ങൾ അപൂർവമായെങ്കിലും ഇന്നുമുണ്ട്. മാരി വന്നുപെട്ടാൽ ജീവനോടെ പച്ച തെങ്ങോലയിൽ കെട്ടി ശ്മശാനത്തിൽ വലിച്ചെറിയപ്പെട്ടിരുന്ന ഒരു കെട്ടകാലം ഇവിടെയുണ്ടായിരുന്നുവെന്നത് രാജഭരണ സ്തുതിപാഠകർ സൗകര്യപൂർവം വിസ്മരിക്കും. ഇന്നു കാണുന്ന നേട്ടങ്ങളാകെ കേരളം ആർജ്ജിച്ചത് രാജഭരണകാലത്താണെന്നും കൊറോണക്കാലത്ത് കേരളം നടത്തുന്ന അതിജീവനം ആരു ഭരിച്ചാലും നടക്കുമായിരുന്നുവെന്ന് തട്ടിമൂളിക്കുന്നവരും അപൂർവങ്ങളിൽ അപൂർവമായെങ്കിലും ഉണ്ട്. അത്തരമൊരു വാദപ്രതിവാദത്തിന്റെയും വിജയപരാജയ നിർണയത്തിന്റെയും വിജയതൊപ്പി ആരുടെ തലയിൽ എന്ന കണ്ടത്തലിന്റെയും ഘട്ടമല്ല ഇത്. ആരോഗ്യ, വിദ്യാഭ്യാസ, വ്യവസായ, കാർഷിക മേഖലകളിലടക്കം കേരളത്തിന്റെ ഇന്നത്തെ ഉയർച്ചയിലേക്ക് നയിച്ച ഭരണനിർവഹണം കമ്മ്യൂണിസ്റ്റ് സർക്കാരുകളുടെ ദീർഘവീക്ഷണത്തിലുദിച്ചതാണെന്ന വസ്തുത മറച്ചുവയ്ക്കാനാവുന്നതല്ല.

ആ യാഥാർത്ഥ്യം കാലം ചരിത്ര താളുകളിൽ കൊത്തിവച്ചിട്ടുണ്ട്. രണ്ടു മഹാപ്രളയങ്ങളെ, ഓഖിയെ, നിപയെ ഈ നാലുവർഷത്തിനിടയിൽ അദ്ഭുതകരമായ നിലയിൽ കേരളം അതിജീവിച്ചു. കോവിഡിനെയും അതിജീവിക്കുവാൻ ഡോക്ടർമാർ, നഴ്സുമാർ, ഇതര ആരോഗ്യ പ്രവർത്തകർ, യുവജന വിദ്യാർത്ഥി സംഘടനാ പ്രവർത്തകരുൾപ്പെടെ ലക്ഷക്കണക്കിന് സന്നദ്ധ പ്രവർത്തകർ, വിശ്രമലേശമന്യേ അക്ഷീണം പരിശ്രമിക്കുന്നു. കോവിഡ് പ്രതിരോധത്തിനായി സർക്കാർ കൈക്കൊള്ളുന്ന നയസമീപനങ്ങൾ നടപ്പിൽ വരുത്തുന്നതിനും സഹായ ഹസ്തങ്ങൾ എത്തിക്കുന്നതിലും വനിതകൾ ഉൾപ്പെടയുള്ള പൊലീസ് സേനയും വഹിക്കുന്ന പങ്ക് മാതൃകാപരമാണ്. അവർക്കൊപ്പം നാടാകെയുണ്ട്. ഈ മഹാമാരിയെയും നാം അതിജീവിക്കും. അതിന് നാം ഒരൊറ്റ നിരയായി, ഒരൊറ്റ മനസായി ഇപ്പോഴുള്ളതുപോലെ അണിനിരക്കണം. കേരളത്തിന്റെ പൊതുവിദ്യാഭ്യാസ രംഗത്തെയും ആരോഗ്യ മേഖലയെയും വികലമായ നയങ്ങളിലൂടെ ക്ഷീണിപ്പിച്ച ഇന്നത്തെ പ്രതിപക്ഷം ഈ ആസുരഘട്ടത്തിലും ഇതിനിടയിലും രാഷ്ട്രീയ നേട്ടം കൊയ്യാനാകുമോ എന്ന കുടില ചിന്ത അപൂർവവേളകളിലെങ്കിലും പ്രകടിപ്പിക്കുകയാണ്. ലാഭ‑നഷ്ട ചതുരക്കള്ളികളിൽ വച്ച് പൊതു വിദ്യാലയങ്ങൾ അടച്ചുപൂട്ടുകയും സ്വകാര്യ മേഖല തഴച്ചുവളരാൻ സഹായിക്കുകയും പൊതു ആരോഗ്യമേഖലയെ കയ്യൊഴിയുകയും ചെയ്ത ഇക്കൂട്ടർ മുമ്പും പ്രതിസന്ധി ഘട്ടങ്ങളിൽ മുഖം തിരിഞ്ഞുനിന്ന ചരിത്രമുണ്ട്. അതിന്റെ തിരിച്ചടികൾ ഏറ്റുവാങ്ങേണ്ടിയും വന്നിട്ടുണ്ട്. രമേശ് ചെന്നിത്തലയും മുല്ലപ്പള്ളി രാമചന്ദ്രനും ഭരണാധികാരികളുടെ ജാതി തിരയുന്ന നവമാധ്യമ പോരാളികളും പ്രസ്താവനകൾ നടത്തുമ്പോൾ ഇത് ആലോചിക്കേണ്ടതാണ്. നാം ഈ മഹാമാരിയെയും അതിജീവിക്കുക തന്നെ ചെയ്യും. മഹാകവി കാളിദാസൻ മേഘസന്ദേശത്തിൽ കുറിച്ച വരികൾ നമുക്ക് പ്രചോദനമാണ്. ‘അരികിലത്യന്ത സൗഖ്യവും/ നീങ്ങിടാത്തഴലുമാർക്കുണ്ട് കൈവന്ന തൂഴിയിൽ/ ഒന്നുയർന്നിടും, പിന്നൊന്നു താഴ്ന്നിടും/സ്ഥിതികൾ ചക്രകറക്കം കണക്കിനേ’ എന്നാണ് കവി എഴുതിയത്. തിരുനെല്ലൂരിന്റെ മനോഹര മലയാള വിവർത്തനത്തിന്റെ വരികളാണ് ഉദ്ധരിച്ചത്. മാറിടാത്ത ദുഃഖങ്ങൾ ഒന്നുമില്ലാത്ത ലോകതത്വമനുസരിച്ച് ഈ കൊടും വ്യാധിയെയും നാം അതിജീവിക്കും. അതിജീവനപരമ്പരകൾ പലതു സൃഷ്ടിച്ച് ലോകത്തിന് മാതൃകയായ കേരളം ഒരിക്കൽ കൂടി അവിസ്മരണീയമായ അതിജീവനത്തിന്റെ കേരള മാതൃക സൃഷ്ടിച്ച് ലോകത്തിന് മാതൃകയാവുമെന്ന ശുഭാപ്തി വിശ്വാസത്തോടെ മുന്നോട്ടു പോകാം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.