നല്ലയാളുകള്‍ കറുത്ത വസ്ത്രം ധരിക്കുന്നു

വട്ടപ്പറമ്പന്‍
‘ഗുഡ് ഗൈസ് ആര് വെയ്റിങ് ബ്ലാക്ക് ക്ലോത്ത്സ്’ എന്നൊരു ഇംഗ്ലീഷ് സിനിമയുണ്ട്. പഴയ സിനിമയാണ്. ആ പേരുമായി കഥയ്ക്കോ മറ്റിതര ഘടകങ്ങള്‍ക്കോ പുലബന്ധം പോലുമില്ല. ‘അലിഗറി’ എന്ന നിലയ്ക്കായിരുന്നു ആ പേര് സ്വീകരണം.
അതുപോലെ, ഈ സമയത്ത്, ഇവിടെ, ഇപ്പോള്‍ കറുത്ത വസ്ത്രം എന്നുപറയുമ്പോള്‍ കറുത്തകോട്ട് എന്നോ, കോടതിയെന്നോ, വക്കീലെന്നോ, പിള്ളയെന്നോ, പിള്ളയെന്നുപറഞ്ഞാല് നിയമമറിയുന്ന പിള്ളയെന്നോ, അറിയാത്ത പിള്ളയ്ക്ക് ചൊറിയും എന്നോ എന്നൊന്നും വിവക്ഷയില്ല. അതുപോലെ, മനുവിന്റെ കാലത്തല്ലാത്ത കാലത്ത് ജീവിക്കുന്ന സ്ത്രീകള്‍ക്ക് അവരുടെ രാജ്യത്തെ നിയമം അനുശാസിക്കുംവിധമാണെങ്കില് അമ്പലത്തിലും പോകാം എവിടെയും പോകാം എന്നിരിക്കെ അതിനെതിരെ എഴുതി തയ്യാറാക്കിയ തിരക്കഥ പ്രകാരമുള്ള ചലച്ചിത്രത്തിന്റെ ചിത്രീകരണവേളയില്‍ അതിഥിതാരമായി സ്ത്രീനാമധാരിയായൊരു നടന് തള്ളിക്കയറി വന്നത് ശുംഭത്തരമായി എന്നുപറയാന്‍ ആരും ഉണ്ടായിരുന്നില്ല. മാത്രമല്ല സംവിധായകരെ തീര്‍ത്തും തൃപ്തിപ്പെടുത്തുകയും ചെയ്തു.
ഇടയ്ക്ക് പറയട്ടെ , ഈ സിനിമയുടെ സംവിധായകര്‍ രണ്ടുപേരാണ്. ഒരാളുടെ പേര് പറയില്ല. അടയാളം പറയാം. ഇതിലൊരു ജാഥാ സീനുണ്ട്. ഇതില്‍ അയാള്‍ കൊടിപിടിക്കില്ല, കഴുത്തില്‍ ഷാള്‍ ഇടില്ല, പൊട്ട് തൊടില്ല, കാവിനിറത്തിലായാലും ഏത് നിറത്തിലായാലും. പണ്ട്, ഇവിടെ, രാജ്യത്തിന്റെ മോചനത്തിനായി പ്രയത്നിച്ച് സ്വാതന്ത്ര്യം എന്ന ഒറ്റവികാരത്തില്‍ എല്ലാവരെയും ഒന്നിച്ചണിനിരത്തിയ മഹാമനുഷ്യന് എന്നും ചര്‍ക്കയില്‍ നൂലുംനൂറ്റും കൊണ്ടിരിക്കും. അലസരായി, അലക്കിത്തേച്ചവരായി നടക്കുന്ന അനുചരന്മാരെ പോലെയല്ല, എന്തെങ്കിലും ചെയ്തുകൊണ്ടിരിക്കും. ആ കൈകള്‍ ‘അവര്‍’ നിശ്ചലമാക്കുംവരെ പ്രവര്‍ത്തിച്ചുകൊണ്ടിരുന്നു. ഈ ചര്‍ക്കയും നൂല്‍നൂല്‍ക്കലും അതെന്തിന്റെ പ്രതീകമാണ് എന്ന് മനസ്സിലാക്കാതെ അത്തരം തുണിയില്‍ ധരിക്കുന്ന വസ്ത്രത്തിനുടമകളാണ്. തങ്ങള്‍ നടത്തുന്ന മഹായോഗങ്ങളില്‍ ‘പ്രകോപനപ്രദ’മായി ആക്രോശിക്കുവാന്‍ പ്രത്യേകം പരിശീലനം ലഭിച്ച മുന്‍മന്ത്രി തുടങ്ങിയ സംഘടനാ ഭാരവാഹിവൃന്ദമുണ്ട്. പണ്ട് ഞങ്ങളുടെ മഹാമുനിമാരായ ഭരണനേതൃസ്ഥാനങ്ങളില് ഇരുന്നവര്‍ അയോധ്യയില്‍ രാമക്ഷേത്രനിര്‍മാണത്തിന് വേണ്ടിയുള്ള ശിലാന്യാസത്തിന് പച്ചക്കൊടി കാട്ടിയവരാണ്. പുണ്യപുരാതനമായി നിലനിന്നിരുന്ന പള്ളി പൊളിച്ചടക്കാന്‍ കാവല്‍ നിന്നവരാണ്. അത് മൃദുഹിന്ദുത്വപ്രീണനമായിരുന്നുവെന്നും, ഇന്ന് തങ്ങള്‍ ചെയ്യുന്നതും അതാണത്രെ. കത്തുന്ന കഴുക്കോലെടുത്ത് തങ്ങള്‍ തലചൊറിയുകയാണെന്നും അങ്ങനെ തങ്ങളുടെ തലമുടി കരിഞ്ഞുപോകുമെന്നും പൊട്ടിത്തെറിക്കുമെന്നും വെറുതെ കുശുമ്പു പറയുന്നുണ്ട്. ചരിത്രം അന്നുതരാത്ത മാപ്പ് നാളെയും വേണ്ട എന്ന് തങ്ങള്‍ക്ക് ശഠിക്കുകയാണത്രേ.
അതിഥിതാരം പറഞ്ഞ ഡയലോഗ് ശരിക്ക് അങ്ങുവടക്ക് കേട്ടുകാണുമോ ആവോ. ഡയലോഗ് വിരുതന്മാര്ക്ക് ‘എംപി പട്ടം’ കിട്ടിയ അനുഭവമുണ്ട്. അന്നുതട്ടിവിട്ട ഡയലോഗ് ഇന്നാണെങ്കില്‍ ഇങ്ങനെ തിരുത്താമായിരുന്നു. ആ ‘അവളുമാര്’ എന്നതിനുപകരം ഏത് ‘ദേശാംഗിനി’യായാലും, ‘തൃപ്തിയാവോളം’ രണ്ടായികീറി അവിടേക്കും ഇവിടേക്കും പാര്‍സല്‍ ചെയ്യാമായിരുന്നു. ശനിശിഗ്നാപൂര് ഫെയിം വരുന്ന വരവൊന്നുനോക്കൂ!
ഇത്രയും കഴിഞ്ഞപ്പോള്‍ ചാനല്‍ അവതാരകനായ വാസുവണ്ണന്, ഇന്നലത്തെ ചര്‍ച്ചയില്‍ പങ്കെടുത്ത് സംസാരിച്ചവരുടെ വായില്‍നിന്ന് മേശമേല്‍ ഇറ്റുവീണ തുപ്പല് തുള്ളികള്‍ തുടച്ചുകളഞ്ഞ് മൈക്ക് കയ്യിലെടുത്തു.
ശബരിമലയില്‍ എന്താണ് സംഭവിച്ചത് ? സംഭവിച്ചുകൊണ്ടിരിക്കുന്നത്? പമ്പാനദിയിലൂടെ ഒഴുകുന്ന വെള്ളത്തിന്റെ ഒഴുക്കിന് പ്രളയാനന്തരം എന്തെങ്കിലും വ്യതിയാനമുണ്ടോ? (കുന്തം. ഇതുകേള്ക്കാനാണോ ഞങ്ങള്‍ ഇരിക്കുന്നത്? പ്രേക്ഷകര്‍ മുറുമുറുത്തു) ചര്‍ച്ചയില്‍ പങ്കെടുത്ത് സംസാരിക്കുന്ന നേതാക്കള്‍ക്കും ഇടയ്ക്ക് കയറിവന്ന് മുഷിപ്പിക്കുന്ന മറ്റെല്ലാവര്‍ക്കും സ്വാഗതം. പ്രേക്ഷകരേ, ജനാധിപത്യത്തിന്റെ നാലാംനെടുംതൂണായ ഞങ്ങളുംകൂടി ഇല്ലാതിരുന്നെങ്കില്‍, അല്പജ്ഞാനികളായ ഇവര്‍ എന്തൊക്കെയാണ് ചെയ്യുന്നത് എന്ന് നാട്ടുകാര്‍ എങ്ങനെ അറിയും?. അതുകൊണ്ട് ജനാധിപത്യത്തിന്റെ കാവലാളുകളായ ഞങ്ങള്‍ പറയും, പറയിപ്പിക്കും. ജനാധിപത്യത്തെ സംരക്ഷിക്കും.
തുടങ്ങാം. തുടങ്ങുന്നതിനുമുന്പേ മൂന്ന് ചോദ്യങ്ങള്‍. പ്രേക്ഷകരോട് ഇടയ്ക്ക് കയറി പറയട്ടെ. നിങ്ങള്‍ കാണുന്നില്ലേ നാടുനീളെ വര്‍ണശബളമായ ജാഥയും മുദ്രാവാക്യങ്ങളും നാമജപവും പുകിലുമൊക്കെ. സുകുമാരാദി, തന്ത്രിയാദി, രാജകുടുംബാംഗാദി, നവീന പിളളയാദി, ഖദര്ധാരിയാദി യായവരെയെല്ലാം? പണ്ട്. അമ്പത്തിയൊമ്പതില്‍ കണ്ട ഒരു ജാഥയുടെ പ്രതീതിയുണ്ടോ ഇതിന് ? പഴമക്കാര്‍ക്കറിയാം. ഇന്ത്യയില്‍ പക്ഷേ ആചന്ദ്രതാരം ഉണ്ടാവും ഈ ജനാധിപത്യവും മാധ്യമ സ്വാതന്ത്ര്യവും. ഞങ്ങള്‍ പ്രതീക്ഷാഭരിതരാണ്. അതുകൊണ്ടുതന്നെ നിര്‍ഭയരുമാണ്.
12 വര്‍ഷമായി ഇഴഞ്ഞും ഓടിയും വേണ്ടപ്പെട്ടവരെ വിസ്തരിച്ചും, ശേഷം ഒരു വിധി വന്നിരിക്കുന്നു. ഇന്ത്യന്‍ ഭരണഘടനയില്‍ അച്ചുനിരത്തിയ നിയമങ്ങളും ചട്ടങ്ങളും വ്യാഖ്യാനിച്ച് ഒടുവില്‍ വന്ന വിധി. ഈ വിധിയെ മാനിക്കാന്‍ ഇന്ത്യ ഭരിക്കുന്ന കക്ഷിയും കോണ്‍ഗ്രസ് തുടങ്ങിയ രാഷ്ട്രീയ പാര്‍ട്ടികളും ജാതി മത സംഘടനകളും ബാധ്യസ്ഥരാണ്.
വിധി വന്ന ഉടന്‍ എല്ലാവരും ഒകെ. ശേഷം, ‘ഫസ്റ്റ് ഒബെ ദെന്‍ കംപ്ലയിന്റ്’. എന്താണതിലെ ചേതോവികാരം? എല്ലാ കക്ഷികളുടെയും പ്രതിനിധികള്‍ വന്നിട്ടുണ്ട്. അവര്‍ പറയുന്നത് കേള്‍ക്കാം.
ആദ്യമായി കോണ്‍ഗ്രസ്സിനോടാണ് ചോദ്യം. ‘സെക്യുലര്‍ ഇന്ത്യ’ എന്ന കാഴ്ചപ്പാടില്‍ ചിന്തിക്കുന്ന, വിശ്വസിക്കുന്ന നെഹ്റുവിന്റെ ചിന്തയില്‍ ഉണരുന്ന പാര്‍ട്ടിയല്ലേ നിങ്ങളുടേത്. ഇന്ത്യന്‍ ഭരണഘടനയനുസരിച്ചുളള വിധിയില്‍ സ്ത്രീസമത്വമില്ലേ?. മതേതരത്വമില്ലേ?
നിങ്ങള്‍ക്കൊരു ഉത്തരവാദിത്വമുണ്ട്, ഇന്ത്യന്‍ ജനതയോട്. നിങ്ങള്‍ മൊത്തമായും ചില്ലറയായും ഇന്ത്യയുടെ പരമോന്നത നീതിപീഠത്തിന്റെ വിധിയില്‍ വിശ്വസിക്കുന്നവരാണ്. നാളെ ഭരണം കയ്യാളേണ്ടവരാണെന്ന് നിങ്ങളല്ല, ജനം കരുതുന്നുണ്ട്. ഇന്ത്യയിലെ പുരോഗമന ജനാധിപത്യപ്രസ്ഥാനങ്ങളുടെ അതേ ചിന്തയില്‍ ചരിക്കേണ്ട നിങ്ങള്‍ എന്താണിങ്ങനെ? നിങ്ങള്‍ ഈ ഹിന്ദുവോട്ടില്‍ കണ്ണുംവച്ച് ഇങ്ങനെ ചെയ്യുന്നത് വഞ്ചനാപരമെന്നും മറ്റും എതിരാളികളും പുരോഗമനവിശ്വാസികളും പറഞ്ഞാല്‍ അവരെ നിങ്ങള്‍ എന്ത് പറയും?
നിങ്ങള്‍ക്ക് പറ്റുന്ന ഇത്തരം മണ്ടത്തരങ്ങളുടെ ഉദാഹരണമായി ഒരു നാട്ടുനടപ്പ് വര്‍ത്തമാനം പറയാം. പണ്ട് എന്തെങ്കിലും അബദ്ധം ആരെങ്കിലും ചെയ്താല്‍ ഇങ്ങനെയൊരു എക്സ്ക്യൂസ് നാട്ടിന്‍പുറത്ത് പറയും. ‘ഒരബദ്ധം ഏത് പോലീസുകാരനും പറ്റും’ എന്ന്.
നിങ്ങള്‍ കോണ്‍ഗ്രസുകാര്‍ക്ക് മുമ്പൊരിക്കല്‍ ഒരബദ്ധം പറ്റി. ഇനിയും വേണോ വേറൊരു അബദ്ധം. പണ്ട് പറഞ്ഞതും ചൊല്ലുണ്ടായതും ഇനി ആളുകള്‍ ഇങ്ങനെ തിരുത്തിപ്പറയും- ‘ഒരബദ്ധം ഏത് കോണ്‍ഗ്രസുകാരനും പറ്റും’ എന്ന്.