വാഹനാപകടങ്ങള്‍ക്ക് കാരണം നല്ല റോഡുകളെന്ന് കര്‍ണാടക ഉപമുഖ്യമന്ത്രി

Web Desk
Posted on September 12, 2019, 2:58 pm

ബംഗളൂരു: നല്ല റോഡുകളാണ് അപകടങ്ങള്‍ക്ക് കാരണമെന്ന് കര്‍ണാടക ബിജെപി നേതാവും ഉപ മുഖ്യമന്ത്രിമാരിലൊരാളായ ഗോവിന്ദ് കര്‍ജോള്‍. മോട്ടോര്‍ വാഹന നിയമ ഭേദഗതിയുടെ ഭാഗമായി കേന്ദ്രം ഏര്‍പ്പെടുത്തിയ ഉയര്‍ന്ന പിഴത്തുക കുറക്കാനുള്ള കര്‍ണാടക സര്‍ക്കാര്‍ തീരുമാനത്തെ കുറിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.

സംസ്ഥാനത്ത് എല്ലാ വര്‍ഷവും ഏകദേശം 10000ത്തോളം റോഡപകടങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നുണ്ട്. മാധ്യമങ്ങള്‍ അതിന് മോശം റോഡുകളെയാണ് കുറ്റപ്പെടുത്തുന്നത്. ബഹുഭൂരിപക്ഷം അപകടങ്ങളും നടക്കുന്നത് ഹൈവേകളിലാണെന്നും നല്ല റോഡുകള്‍ മൂലമാണ് അപകടങ്ങള്‍ സംഭവിക്കുന്നതെന്നാണ് താന്‍ വിശ്വസിക്കുന്നതെന്നും അദ്ദേഹം മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു.

ഉയര്‍ന്ന പിഴത്തുക ഈടാക്കുന്നതിനെ താന്‍പിന്തുണക്കുന്നില്ല. മോശം റോഡുകള്‍ മാത്രമല്ല വാഹനാപകടങ്ങള്‍ക്കുകാരണെന്നും നല്ല റോഡുകളും അപകടങ്ങള്‍ക്കു കാരണമെന്നും തന്നും മന്ത്രിസഭായോഗത്തില്‍ പിഴത്തുക പുനഃപരിശോധിക്കാനുള്ള തീരുമാനമെടുക്കുമെന്നും ഗോവിന്ദ കര്‍ജോള്‍ പറഞ്ഞു. ജല, സാമൂഹ്യ ക്ഷേമവകുപ്പുകളുടെ ചുമതലയുള്ള ഉപമുഖ്യമന്ത്രിയാണ് കര്‍ജോള്‍.

ഉയര്‍ന്ന പിഴത്തുക ഏര്‍പ്പെടുത്തിയ കേന്ദ്രതീരുമാനം നടപ്പിലാക്കുന്ന കാര്യത്തില്‍ രാജ്യത്തുടനീളം ജനങ്ങളില്‍ നിന്ന് വലിയ തോതിലുള്ള പ്രതിഷേധം ഉയര്‍ന്നിരുന്നു. മോട്ടോര്‍ വാഹന ഭേദഗതി പ്രകാരമുള്ള ഉയര്‍ന്ന പിഴത്തുക നടപ്പിലാക്കില്ലെന്ന് പല സംസ്ഥാനങ്ങളും വ്യക്തമാക്കിയിരുന്നു.

മോട്ടോര്‍ വാഹന നിയമ ലംഘനങ്ങള്‍ക്ക് ചുമത്തുന്ന പിഴത്തുക സംസ്ഥാനങ്ങള്‍ക്ക് തീരുമാനിക്കാമെന്നും ഇതുസംബന്ധിച്ച ഉത്തരവ് ഉടന്‍ തന്നെ പുറപ്പെടുവിക്കുമെന്നും കേന്ദ്ര ഉപരിതല ഗതാഗത മന്ത്രി നിതിന്‍ ഗഡ്കരി കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.