ഗുരുദാസ് ദാസ് ഗുപ്തയ്ക്ക് വിട നൽകി

Web Desk
Posted on November 02, 2019, 10:25 pm

കൊൽക്കത്ത: അന്തരിച്ച തൊഴിലാളി നേതാവ് ഗുരുദാസ് ദാസ് ഗുപ്തയുടെ മൃതദേഹം ഇന്നലെ വൈകിട്ട് നാലരയോടെ പശ്ചിമ ബംഗാളിലെ ജഗത് സിങ് പൂർ ജില്ലയിലുള്ള സ്വന്തം ഗ്രാമത്തിലെ കെയ്റോത്തല ശ്മശാനത്തിൽ സംസ്കരിച്ചു. പൂർണ ഔദ്യോഗിക ബഹുമതികളോടെയായിരുന്നു സംസ്കാരം. വൻ ജനാവലിയുടെ സാന്നിധ്യത്തിലായിരുന്നു ചടങ്ങുകൾ. സിപിഐ ജനറൽ സെക്രട്ടറി ഡി രാജ അടക്കമുള്ള നേതാക്കൾ അന്തിമോപചാരം അർപ്പിക്കാൻ എത്തിച്ചേർന്നിരുന്നു. കൊൽക്കത്തയിലെ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരുന്ന ഭൗതിക ശരീരം വെള്ളിയാഴ്ച രാവിലെയാണ് അദ്ദേഹത്തിന്റെ വസതിയിലെത്തിച്ചത്. അതിന് മുമ്പ് എഐടിയുസി ആസ്ഥാനത്തും സിപിഐ സംസ്ഥാന കൗൺസിൽ ആസ്ഥാനമായ ഭുപേശ് ഭവനിലും പൊതുദർശനത്തിന് വച്ച മൃതദേഹത്തിൽ അന്തിമോപചാരം അർപ്പിക്കാൻ ജീവിതത്തിന്റെ നാനാതുറയിലുള്ളവർ എത്തിച്ചേർന്നു. സിപിഐ കേരള സംസ്ഥാന കൗൺസിലിനെ പ്രതിനിധീകരിച്ച് റവന്യുമന്ത്രി ഇ ചന്ദ്രശേഖരൻ സംസ്കാര ചടങ്ങുകളിൽ പങ്കെടുത്തു.