Web Desk

പാരിസ്

June 09, 2021, 6:43 pm

ഡിജിറ്റല്‍ പരസ്യ മര്യാദ ലംഘനം; ഗൂഗിളിന് 1950 കോടി രൂപ പിഴ

Janayugom Online

ഡിജിറ്റല്‍ പരസ്യ മേഖലയിലെ വിപണി മര്യാദകള്‍ ലംഘിച്ചതിന് ഗൂഗിള്‍ 26.8 കോടി ഡോളര്‍ (ഏകദേശം 1950 കോടി രൂപ) പിഴ നല്‍കണമെന്ന് ഫ്രഞ്ച് കോംപെറ്റീഷന്‍ അതോറിറ്റി. ഡിജിറ്റല്‍ പരസ്യ രംഗത്തുള്ള ആധിപത്യം ഗൂഗിള്‍ ദുരുപയോഗം ചെയ്‌തെന്ന് ചൂണ്ടിക്കാട്ടി 2019ല്‍ റൂപര്‍ട് മര്‍ഡോക്കിന്റെ കീഴിലുള്ള ന്യൂസ് കോര്‍പ്, ഫ്രഞ്ച് പത്രമായ ലെ ഫിഗാരോ, ബെല്‍ജിയന്‍ മാധ്യമ സ്ഥാപനമായ റൊസല്‍ എന്നിവ നല്‍കിയ പരാതിയിലാണ് ഉത്തരവ്. കേസില്‍ നിന്ന് ലെ ഫിഗാരോ കഴിഞ്ഞ നവംബറില്‍ പിന്മാറിയെങ്കിലും ന്യൂസ് കോര്‍പ്, റൊസല്‍ എന്നിവ മുന്നോട്ട് പോയി.

ഗൂഗിള്‍ സ്വന്തം പരസ്യ പ്ലാറ്റ്‌ഫോമുകള്‍ക്ക് ആനുപാതികമല്ലാത്ത മുന്‍ഗണന നല്‍കിയെന്ന് അതോറിറ്റി കണ്ടെത്തി. ഇത് വഴി മറ്റ് പരസ്യ പ്ലാറ്റ്‌ഫോമുകളുടെയും അവയുടെ പരസ്യം വെബ്സൈറ്റുകളിലും മൊബൈല്‍ അപ്പുകളില്‍ നല്‍കുന്ന മാധ്യമ സ്ഥാപനങ്ങളുടെയും സാധ്യത അടയ്ക്കുന്നു എന്നാണ് കണ്ടെത്തല്‍. മറ്റ് പ്ലാറ്റ്‌ഫോമുകളിലെ റേറ്റ് അനുസരിച്ച്‌ ഗൂഗിളിന്റെ പരസ്യ പ്ലാറ്റ്‌ഫോമുകള്‍ കമ്മീഷനില്‍ വ്യത്യാസം വരുത്തുന്നുണ്ടായിരുന്നു എന്നും കോംപെറ്റീഷന്‍ അതോറിറ്റി കണ്ടെത്തി. ഉത്തരവില്‍ ഗൂഗിള്‍ തര്‍ക്കം ഉന്നയിച്ചിട്ടില്ല. ഉത്തരവിനനുസരിച്ച്‌ പ്രവര്‍ത്തനരീതിയില്‍ മാറ്റം വരുത്തുമെന്നാണ് ഗൂഗിളിന്റെ പ്രതികരണം.

2019 ഡിസംബറില്‍ ഫ്രാന്‍‌സില്‍ സമാനാമായ കേസില്‍ ഗൂഗിളിന് 150 മില്യണ്‍ യൂറോ പിഴ ചുമത്തിയിരുന്നു. 2018ല്‍ വിപണി മര്യാദകള്‍ ലംഘിച്ചതിന് ഗൂഗിള്‍ 34,500 കോടി രൂപ വരെ പിഴ നല്‍കണമെന്ന് യൂറോപ്യന്‍ കമ്മിഷന്‍ നിര്‍ദേശിച്ചിരുന്നു. ഗൂഗിള്‍ അവരുടെ ആന്‍ഡ്രോയ്‌ഡ്‌ ഓപ്പറേറ്റിംഗ് സിസ്റ്റത്തിന്റെ വന്‍ സ്വാധീനം ഉപയോഗിച്ച്‌ മറ്റ് കമ്ബനികളുടെ സാധ്യതകള്‍ അടയ്ക്കുകയാണെന്ന് അന്ന് കമ്മിഷന്‍ വിലയിരുത്തി.

ഗൂഗിളും ഫേസ്ബുക്കും മാധ്യമവാര്‍ത്തകള്‍ സെര്‍ച്ച്‌ ന്യൂസ് ഫീഡുകള്‍ക്കൊപ്പം നല്‍കി കോടിക്കണക്കിന് ഡോളര്‍ പരസ്യ വരുമാനം നേടുന്നത് സംബന്ധിച്ച്‌ ഓസ്‌ട്രേലിയയില്‍ അടക്കം നിയമ യുദ്ധങ്ങള്‍ അടുത്തിടെ നടന്നു. ഓസ്‌ട്രേലിയന്‍ മാധ്യമങ്ങളില്‍ നിന്നുള്ള വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനും പങ്കുവയ്ക്കുന്നതിനും പ്രതിഫലം നല്‍കണമെന്ന നിയമത്തിന് ഗൂഗിളും ഫേസ്ബുക്കും ഒടുവില്‍ വഴങ്ങേണ്ടി വന്നു.

You may also like this video: