ഒടുവിൽ ആ രാജ്യദ്രോഹി ആപ്പിന് പൂട്ട് വീണു !

Web Desk
Posted on November 21, 2019, 7:27 pm

സുരക്ഷാവീഴ്ച കണ്ടെത്തിയതിനെ തുടർന്ന് ഗൂഗിൾ പ്ലേസ്റ്റോറിൽ നിന്നും 29 ആപ്ലിക്കേഷനുകൾ നീക്കം ചെയ്തത് ഈയടുത്താണ്. ഇപ്പോഴിതാ ആൻഡ്രോയിഡ് മാർക്കറ്റിൽ നിന്നും സെർച്ച് ഭീമൻ ഒരു ആപ്പിനെക്കൂടി എടുത്തുകളഞ്ഞിരിക്കുന്നു. ദേശ വിരുദ്ധ പ്രവർത്തനങ്ങൾ നടത്തുന്നു എന്ന് ചൂണ്ടിക്കാണിച്ചാണ് ആപ്പ് നിരോധിച്ചിരിക്കുന്നത്. 2020 സിഖ് റെഫറണ്ടം” എന്ന ആപ്പിനെയാണ് ആന്റി ഇന്ത്യ എന്ന് സൂചിപ്പിച്ച് ഗൂഗിൾ നീക്കം ചെയ്തത്. ‘ICETECH’ നിർമ്മിച്ച ആപ്പിന് മുഖ്യമന്ത്രിയുടെ നിർദേശമനുസരിച്ച് ഡിജിപിയും സെൻട്രൽ സെക്യൂരിറ്റി ഏജൻസിയും ചേർന്നാണ് കടിഞ്ഞാണിട്ടത്.  പഞ്ചാബിന്റെ വിഭജനത്തിനു വേണ്ടി ഇന്ത്യയിലും വിദേശത്തും നിരോധിച്ച “സിഖ്സ് ഫോർ ജസ്റ്റിസ്” എന്ന സംഘടന ഈ ആപ്പ് ഉപയോഗിച്ച് ക്യാമ്പയിൻ ചെയ്യുന്നു എന്ന് കണ്ടെത്തിയതിനെത്തുടർന്നാണ് ഇത്തരത്തിലൊരു നീക്കം നടത്തിയിരിക്കുന്നത്. ഇപ്പോൾ ഇന്ത്യയിലെ മൊബൈൽ ഉപയോക്താക്കൾക്ക് പ്ലേസ്റ്റോറിൽ ഈ ആപ്പ് കാണാനാവില്ല. ഗൂഗിളിനോടും ഇക്കാര്യത്തിൽ ഇടപെടാൻ മുഖ്യമന്ത്രി ആവശ്യപ്പെട്ടിരുന്നു.

‘പഞ്ചാബ് റെഫറണ്ടം 2020 ഖാലിസ്ഥാൻ’ എന്നതിൽ വോട്ട് ചെയ്യാൻ പൊതുജനങ്ങളോട് ഈ ആപ്പ് ആവശ്യപ്പെട്ടിരുന്നു. ഇതിനുപുറമെ www. yes2khalistan. org എന്ന വിലാസത്തിലുള്ള ഒരു വെബ്സൈറ്റും ഇതേ ലക്ഷ്യത്തോടെ പ്രവർത്തിക്കുന്നുണ്ടായിരുന്നു. സിഖ്സ് ഫോർ ജസ്റ്റിസ് സംഘടനയെ കേന്ദ്ര സർക്കാർ ഈ വർഷം ജൂലൈയിലാണ് നിരോധിച്ചത്. ദേശവിരുദ്ധ പ്രവർത്തനം ചൂണ്ടിക്കാട്ടിയാണ് നിരോധനം ഏർപ്പെടുത്തിയത്. പഞ്ചാബിനെ പരമോന്നത രാഷ്ട്രമായി പ്രഖ്യാപിക്കണമെന്നാണ് എസ്എഫ്ജെയുടെ ആവശ്യം.

പഞ്ചാബിലെ ബ്യുറോ ഓഫ് ഇൻവെസ്റ്റിഗേഷന്റെ സൈബർ ക്രൈം സെന്റർ ആപ്പ് ഗൂഗിൾ പ്ലേ സ്റ്റോറിൽ നിന്നും നീക്കം ചെയ്യണമെന്നും വെബ്സൈറ്റ് രാജ്യത്ത് ബ്ലോക്ക് ചെയ്യണമെന്നും ആവശ്യപ്പെട്ടു. അതിനുശേഷമാണ് വിഭജനത്തെ പ്രോത്സാഹിപ്പിക്കുന്ന ആപ്പ് നിരോധിക്കണം എന്നാവശ്യപ്പെട്ട് ഇൻഫർമേഷൻ ടെക്നോളജി ആക്ട് സെക്ഷൻ 79 (3) B അടിസ്ഥാനമാക്കി ഗൂഗിളിന് ഒരു നോട്ടീസ് അയച്ചത്.

നേരത്തെ നിയമവിരുദ്ധമായ മാൽവെയറുകൾ ഉപയോക്താക്കൾ അറിയാതെ പരസ്യവിതരണത്തിനായി ഉപയോഗിക്കുന്നു എന്ന് കണ്ടെത്തിയതിനെ തുടർന്ന് 29 ആപ്പുകളെ പ്ലേസ്റ്റോറിൽ നിന്നും ഗൂഗിൾ നീക്കം ചെയ്തിരുന്നു. ഇതിൽ 24 അപ്ലിക്കേഷനുകൾ ഹിഡ്ഡ് ആഡ് (Hid­dAd) വിഭാഗത്തിൽ ഉൾപ്പെടുന്നവയാണ്. മറ്റ് അഞ്ച് ആപ്ലിക്കേഷനുകൾ ആഡ് വെയർ (Adware) വിഭാഗത്തിലും പെടുന്നു. ഒരു കോടിയിലധികം ആളുകളാണ് ഈ ആപ്ലിക്കേഷനുകൾ ഡൗൺലോഡ് ചെയ്തിട്ടുള്ളത്. ആഡ്വെയർ കണ്ടെത്തിയതിനെത്തുടർന്ന് ഡോക്യുമെന്റുകൾ സ്കാൻ ചെയ്തെടുക്കാൻ ഉപയോഗിച്ചിരുന്ന കാം സ്കാനർ എന്ന ആപ്പും പ്ലേ സ്റ്റോറിൽ നിന്നും മുൻപ് ഗൂഗിൾ മാറ്റിയിരുന്നു.