കൊച്ചി: കേരളത്തിലെ നഗരങ്ങളിലേതടക്കമുള്ള യാത്രക്കാര്‍ക്കും പൊതു ജനങ്ങള്‍ക്കും കൂടുതല്‍ സൗകര്യ പ്രദമായ സേവനങ്ങള്‍ അവതരിപ്പിച്ച് ഗൂഗിള്‍ മാപ്സ്.
ഇരുചക്ര വാഹനങ്ങളില്‍ യാത്ര ചെയ്യുന്നവര്‍ക്കായുള്ള സേവനങ്ങള്‍, പ്ലസ് കോഡുകള്‍, മാപിലെ പ്രാദേശിക ഭാഷ. അതാതു പ്രദേശത്തെ സ്ഥലങ്ങള്‍ പ്രയോജനപ്പെടുത്താനുള്ള സൗകര്യങ്ങള്‍, തത്സമയ ലൊക്കേഷന്‍ പങ്കു വെക്കാനുള്ള സൗകര്യം, വിവിധ സ്ഥലങ്ങളില്‍ നിര്‍ത്തി യാത്ര ചെയ്യാനുള്ള അവസരം, തത്സമയ ഗതാഗത വിവരങ്ങളും മുന്നറിയിപ്പുകളും അറിയാനുള്ള സംവിധാനം, ഫീച്ചര്‍ ഫോണുകളിലെ മാപ്, ലോക്കല്‍ ഗൈഡുകള്‍ തുടങ്ങിയ സേവനങ്ങളാണ് സഞ്ചാരം കൂടുതല്‍ സുഗമവും സൗകര്യപ്രദവുമാക്കുന്നതിന് ഗൂഗിള്‍ മാപ് ഒരുക്കുന്നതെന്ന് ഗൂഗിള്‍ മാപ്സ് ഫോര്‍ ഇന്ത്യയുടെ സീനിയര്‍ പ്രോഗ്രാം മാനേജര്‍ അനല്‍ ഘോഷും ഗൂഗിള്‍ മാപ്സിന്റെ സോഫ്റ്റ് വെയര്‍ എഞ്ചിനീയര്‍ ജോണ്‍ പയ്യാപ്പിള്ളില് ജോണും കൊച്ചിയില്‍ അറിയിച്ചു.
ലോകത്തിലെ ഏറ്റവും വലിയ ഇരുചക്ര വാഹന വിപണിയെന്ന നിലയില്‍ കാര്‍, ബസ്, ട്രക്ക് യാത്രക്കാര്‍ക്ക് ലഭ്യമല്ലാത്ത എളുപ്പത്തിലുള്ള വഴികളാണ് മാപ്സില്‍ ഇന്ത്യക്കാരായ ഇരുചക്ര വാഹനക്കാര്‍ക്കായി നല്‍കിയിട്ടുള്ളത്. ഗതാഗതം സംബന്ധിച്ചും എത്തിച്ചേരുന്ന സമയം സംബന്ധിച്ചും പ്രത്യേകമായ വിവരങ്ങള്‍ ഇതുവഴി ലഭിക്കും. ഗൂഗിള്‍ മാപ്സില്‍ സ്റ്റാര്‍ട്ടിങ് പോയിന്റ് തെരഞ്ഞെടുത്ത ശേഷം ഗെറ്റ് ഡെസ്റ്റിനേഷന്‍ ബട്ടണ്‍ അമര്‍ത്തി ടു വീലര്‍ ഓപ്ഷന് തെരഞ്ഞെടുക്കാനാവും. നിര്‍ദിഷ്ട കേന്ദ്രത്തിലേക്ക് എറ്റവും കുറഞ്ഞ സമയത്തില്‍ എത്താനുള്ള വഴിയാണ് ഗൂഗിള്‍ മാപ് വഴി ലഭ്യമാവുക. ഇരു ചക്ര വാഹനങ്ങള്‍ക്കായുള്ള സൗകര്യം കൊച്ചി, കോഴിക്കോട്, തിരുവനന്തപുരം, പാലക്കാട് തുടങ്ങിയ നഗരങ്ങള്‍ അടക്കം കേരളത്തില്‍ വിപുലമായി ഉപയോഗിച്ചു വരുന്നുണ്ടെന്നും ഇരുവരും ചൂണ്ടിക്കാട്ടി.
ഗതാഗത മുന്നറിയിപ്പുകള്‍, എവിടെ തിരിയണം, കൂടുതല്‍ മെച്ചപ്പെട്ട ഏതെങ്കിലും റൂട്ടുകളുണ്ടോ തുടങ്ങിയ വിവരങ്ങള്‍ മലയാളം വോയ്സ് നാവിഗേഷനിലും ഇനി കേള്‍ക്കാനാവും. മലയാളത്തിന് പുറമേ ആറു ഇന്ത്യന്‍ ഭാഷകളും പുതുതായി ഉള്‍പ്പെടുത്തിയിട്ടുണ്ട്. പുതുതായി സ്ഥലങ്ങളും ചിത്രങ്ങള്‍ ഉള്‍പ്പെടുത്തി ലോക്കല്‍ ഗൈഡ് ആവാനുള്ള സംവിധാനവും ഗൂഗിള്‍ മാപിലുണ്ട്. കേരളത്തില്‍ കൊച്ചി, കോഴിക്കോട്, തിരുവനന്തപുരം എന്നിവിടങ്ങളിലായി ആയിരക്കണക്കിനു ലോക്കല്‍ ഗൈഡുകളാണ് ഗൂഗിള്‍ മാപ്പിനുള്ളത്.