പാരലല്‍ കോളേജ് വിദ്യാര്‍ത്ഥികളോടുള്ള അവഗണന സര്‍ക്കാര്‍ അവസാനിപ്പിക്കണം എഐഎസ്എഫ് 

Web Desk
Posted on July 29, 2019, 7:33 pm

കൊയിലാണ്ടി: പാരലല്‍ കോളജ് വിദ്യാര്‍ഥികളോടുള്ള അവഗണന സര്‍ക്കാര്‍ അവസാനിപ്പിക്കണമന്നും സ്വാശ്രയ വിദ്യാഭ്യാസ മേഖലയ്ക്ക് സഹായകരമാവുന്ന തരത്തിലുള്ള ഇടതുപക്ഷ സര്‍ക്കാരിന്റെ പരോക്ഷ ഇടപെടല്‍ അവസാനിപ്പിക്കാന്‍ തയ്യാറാവണമെന്നും എഐഎസ്എഫ് കോഴിക്കോട് ജില്ലാ സമ്മേളനം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.

നിലവില്‍ പാരലല്‍ കോളജ് വിദ്യാര്‍ഥികള്‍ക്കും സര്‍ക്കാര്‍, സ്വാശ്രയ കോളജ് വിദ്യാര്‍ഥികള്‍ക്കും രണ്ടുഘട്ടമായാണ് പരീക്ഷ നടത്തുന്നത്. ഇത് പാരലല്‍ കോളജ് വിദ്യാര്‍ഥികളോടു കാണിക്കുന്ന കടുത്ത അനീതിയാണ്. മൂല്യനിർണ്ണയ സമയത്തുള്‍പ്പെടെ ഇത് വിദ്യാര്‍ഥികള്‍ക്ക് പ്രതിസന്ധി സൃഷ്ടിക്കുന്നുണ്ട്. രജിസ്‌ട്രേഷന്‍ ഫീസില്‍ ഉള്‍പ്പെടെയുള്ള യൂണിവേഴ്‌സിറ്റിയുടെ അമിതമായ ഫീസ് വര്‍ദ്ധനവ് പ്രത്യക്ഷത്തില്‍ തന്നെ സ്വാശ്രയ ലോബിയെ സഹായിക്കുന്നതാണ്.

ഇത് പരിഹരിക്കാന്‍ സര്‍ക്കാര്‍ തയ്യാറാവണം. ഓപ്പണ്‍ യൂണിവേഴ്‌സിറ്റി ആരംഭിച്ചതിനു ശേഷവും കേരളത്തിലെ യൂണിവേഴ്‌സിറ്റികളില്‍ നിലവിലെ സ്ഥിതി തുടര്‍ന്നു കൊണ്ട് ആവശ്യമുള്ള വിദ്യാര്‍ഥികള്‍ക്ക് നിലവിലുള്ള യൂണിവേഴ്‌സിറ്റികളിലും കൂടി രജിസ്റ്റര്‍ ചെയ്യാനുള്ള അവസരമുണ്ടാക്കണമെന്നും എഐഎസ്എഫ് കോഴിക്കോട് ജില്ലാ സമ്മേളനം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.