September 28, 2022 Wednesday

Related news

September 23, 2022
September 6, 2022
September 5, 2022
August 30, 2022
August 17, 2022
July 28, 2022
June 28, 2022
June 28, 2022
June 27, 2022
June 16, 2022

സർക്കാരിന്റെ ലക്ഷ്യം സർവതല സ്പർശിയായ വികസനം: മുഖ്യമന്ത്രി പിണറായി വിജയൻ

സ്വന്തം ലേഖകൻ
കോഴിക്കോട്
December 27, 2020 5:15 pm

സാമൂഹിക നീതിയിലധിഷ്ഠിതമായ സർവതല സ്പർശിയായ വികസനം ലക്ഷ്യമിട്ടാണ് ഇടതുപക്ഷ സർക്കാർ പദ്ധതികൾ ആവിഷ്ക്കരിച്ച് നടപ്പാക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ഭാവികേരളത്തെ സംബന്ധിച്ച കാഴ്ചപ്പാട് രൂപീകരിക്കുന്നതിന് സമൂഹത്തിന്റെ വിവിധ മേഖലകളിലുള്ളവരുമായി സംവദിക്കുന്ന കേരള പര്യടനത്തിന്റെ ഭാഗമായി കോഴിക്കോട് കാരപ്പറമ്പ് സ്കൂളിൽ സംഘടിപ്പിച്ച ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദേഹം. എല്ലാ തട്ടിലും വികസന സ്പർശമേൽക്കണം. ഒരു വിഭാഗത്തിനും വികസനം ലഭ്യമാവാതിരിക്കരുത്. ഇതിനുള്ള ശ്രമങ്ങളാണ് സർക്കാർ നടത്തികൊണ്ടിരിക്കുന്നത്. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിന് മുൻപ് ഇടതുപക്ഷ ജനാധിപത്യമുന്നണി പ്രകടന പത്രിക തയ്യാറാക്കുന്നതിന് മുന്നോടിയായി എല്ലാ ജില്ലകളിലും യോഗം നടത്തിയിരുന്നു. ഈ അവസരങ്ങളിൽ ലഭിച്ച നിർദേശങ്ങൾ പരിഗണിച്ചാണ് പ്രകടന പത്രിക തയ്യാറാക്കിയത്.

സർക്കാർ അധികാരത്തിൽ വന്നതിന് ശേഷം പ്രകടനപത്രികയിലെ ഓരോ കാര്യങ്ങളും നടപ്പിലാക്കി. ഓരോ വർഷവും ഇതുസംബന്ധിച്ച് പ്രോഗ്രസ് റിപ്പോർട്ട് അവതരിപ്പിച്ചു. ജനങ്ങൾക്ക് കാര്യങ്ങൾ വിലയിരുത്താൻ ഇതു സഹായകമായി. പ്രകടന പത്രികയിൽ പറഞ്ഞ 30 ഇനങ്ങൾ മാത്രമാണ് നടപ്പിലാക്കാൻ ശേഷിക്കുന്നത്. 570 കാര്യങ്ങൾ നടപ്പിലായി. നാലുവർഷം തികയുമ്പോൾ പ്രകടന പത്രികയിലെ മുഴുവൻ കാര്യങ്ങൾ പ്രാവർത്തികമാക്കാനായിരുന്നു ലക്ഷ്യമിട്ടത്. നിരവധി പ്രതിസന്ധികൾക്കിടയിലും പ്രഖ്യാപിച്ച വാഗ്ദാനങ്ങൾ നടപ്പിലാക്കാൻ സർക്കാരിന് കഴിഞ്ഞു. പ്രകടന പത്രികയിൽ പറഞ്ഞവയ്ക്ക് പുറമേ നാടിന് അവശ്യമായ നൂറുകണക്കിന് കാര്യങ്ങളും നടപ്പിലാക്കുകയുണ്ടായി. ലോകം ശ്രദ്ധിക്കുന്ന തരത്തിലുള്ളതായിരുന്നു പ്രതിസന്ധി ഘട്ടങ്ങളിൽ കേരളം നടത്തിയ പ്രതിരോധവും മുന്നേറ്റവും. ഓഖിയും നിപയും പ്രളയവും കാലവർഷക്കെടുതികളുമുണ്ടായി. ലോകമാകെ വിറപ്പിച്ച കോവിഡിനേയും നേരിടേണ്ടി വന്നു. വലിയ ഇടവേളകളില്ലാതെയാണ് ഓരോ ദുരന്തങ്ങളേയും നേരിടേണ്ടി വന്നത്. മഹാപ്രളയം നാടിനെ ഏറെ തകർത്തപ്പോൾ അതിനു മുന്നിൽ നിസ്സഹായതയോടെ നിൽക്കുകയല്ല ചെയ്തത്. പ്രതിസന്ധികളെ നേരിടാനും അതിജീവിക്കാനും കഴിഞ്ഞു. ജനങ്ങളുടെ ഒരുമയാണ് കരുത്തായി മാറിയത്. സർവതല വികസനത്തിന്റെ ഭാഗമായാണ് സർക്കാർ നാലുമിഷനുകൾ മുന്നോട്ടുവച്ചത്. നാടിനെ മാലിന്യമുക്തമാക്കാനും നദികൾ പുനരുജ്ജീവിപ്പിക്കാനും നാട്ടുകാർ തന്നെ മുന്നോട്ടുവന്നു. കാർഷിക മേഖലയിലെ ഇടപെടലിന്റെ ഭാഗമായി 2016 ൽ ഏഴുലക്ഷം ടൺ പച്ചക്കറി ഉൽപാദനം ഉണ്ടായിരുന്നത് ഇപ്പോൾ 15 ലക്ഷം ടണ്ണായി ഉയർന്നു. ഓരോ വീട്ടുകാരും പച്ചക്കറി ഉൽപാദിപ്പിക്കുന്ന സംസ്കാരം വളർന്നുവന്നു. പാവങ്ങളിൽ പാവങ്ങൾക്ക് പോലും ലോകോത്തര നിലവാരത്തിലുള്ള വിദ്യാഭ്യാസം ലഭ്യമാക്കാൻ പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിലൂടെ സാധിച്ചു.

പശ്ചാത്തല മേഖലയിലും അക്കാദമിക് രംഗത്തും ഗുണനിലവാരമുയർന്നു. വിദ്യാർഥികളുടെ കൊഴിഞ്ഞുപോക്ക് അവസാനിച്ചു. അഞ്ചുലക്ഷത്തിലേറെ കുട്ടികളാണ് പുതുതായി സ്കൂളുകളിലെത്തിയത്. ആരോഗ്യരംഗത്ത് പ്രാഥമികാരോഗ്യകേന്ദ്രങ്ങൾ മുതൽ മെഡിക്കൽ കോളജുകൾ വരേ അഭിവൃദ്ധി പെട്ടു. കോവിഡിനു മുന്നിൽ സമ്പന്ന രാഷ്ട്രങ്ങൾ പോലും വിറങ്ങലിച്ചു നിന്നപ്പോൾ കേരളം മികച്ച രീതിയിൽ നേരിട്ടു. വീടെന്ന സ്വപ്നം സാക്ഷാത്ക്കരിക്കാനാകാതെ മണ്ണടിഞ്ഞുപോകുന്ന അവസ്ഥയ്ക്ക് ലൈഫ് മിഷനിലൂടെ മാറ്റമുണ്ടാക്കാനായി. രണ്ടര ലക്ഷം വീടുകളാണ് പൂർത്തിയായത്. 10 ലക്ഷം ആളുകൾക്ക് ഇതിലൂടെ സ്വന്തമായി പാർപ്പിടമുണ്ടായി. സംസ്ഥാനത്ത് വ്യവസായ സൗഹൃദ അന്തരീക്ഷം കൊണ്ടുവരാൻ സർക്കാരിന് സാധിച്ചു. ഇന്ത്യയിലെ ഏറ്റവും മികച്ച സ്റ്റാർട്ടപ്പ് സംവിധാനം കേരളത്തിലാണുള്ളത്. പരിസ്ഥിതി സംരക്ഷണത്തിന് സർക്കാർ മുന്തിയ പരിഗണന നൽകുന്നു. പരിസ്ഥിതിക്ക് ആഘാതമുണ്ടാക്കുന്ന വ്യവസായങ്ങൾ അനുവദിക്കില്ല. തീർത്തും അഴിമതി രഹിതമായ സംവിധാനമാണ് നിലവിലുള്ളത്. പ്രകൃതി ദുരന്തങ്ങൾ ഉണ്ടായിരുന്നില്ലെങ്കിൽ പച്ചക്കറി, മുട്ട, പാൽ എന്നിവയിൽ കേരളത്തിന് ഇതിനകം തന്നെ സ്വയം പര്യാപ്തമാകാൻ സാധിക്കുമായിരുന്നു. തരിശുരഹിത ജില്ല എന്ന ലക്ഷ്യത്തിലേക്ക് നാം മുന്നേറുകയാണ്. തരിശായി കിടക്കുന്ന മുഴുവൻ പ്രദേശങ്ങളും കൃഷിക്ക് ഉപയോഗപ്പെടുത്തുകയാണ് ലക്ഷ്യമെന്നും മുഖ്യമന്ത്രി പറഞ്ഞു. ചടങ്ങിൽ ഗതാഗത വകുപ്പ് മന്ത്രി എ. കെ ശശീന്ദ്രൻ അധ്യക്ഷത വഹിച്ചു. തൊഴിൽ വകുപ്പ് മന്ത്രി ടി. പി രാമകൃഷ്ണൻ, റവന്യു വകുപ്പ് മന്ത്രി ഇ. ചന്ദ്രശേഖരൻ, എളമരം കരിം എം. പി, എം. എൽ. എ മാരായ സി. കെ നാണു, പി. ടി. എ റഹിം, ഇ. കെ വിജയൻ, കെ. ദാസൻ, വി. കെ. സി മമ്മദ് കോയ, കാരട്ട് റസാക്ക്, പ്ലാനിങ് ബോർഡ് വൈസ് ചെയർമാൻ ഡോ. വി. കെ രാമചന്ദ്രൻ എന്നിവർ സന്നിഹിതരായി. എ. പ്രദീപ് കുമാർ എം. എൽ. എ സ്വാഗതവും പി. മോഹനൻ മാസ്റ്റർ നന്ദിയും പറഞ്ഞു.

Eng­lish Sum­ma­ry: government-aiming-all-sector-development-cm-says

You may like this video also

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.