സര്‍ക്കാര്‍ വിഭാവനം ചെയ്യുന്നത് ദീര്‍ഘകാല ആശ്വാസ പദ്ധതികള്‍: മുഖ്യമന്ത്രി

Web Desk
Posted on June 25, 2019, 10:10 pm

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ട് വെറും സഹായവിതരണം എന്നതിലപ്പുറം പ്രളയ, പ്രകൃതി ദുരന്താഘാതശേഷിയുള്ള പശ്ചാത്തല സൗകര്യങ്ങള്‍ ഒരുക്കാന്‍ എങ്ങനെ വിനിയോഗിക്കാമെന്ന് ക്രിയാത്മകമായി ചിന്തിച്ചിട്ടുള്ള സര്‍ക്കാരാണിതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നിയമസഭയില്‍ പറഞ്ഞു. ഒറ്റക്കെട്ടായി നില്‍ക്കേണ്ട ഘട്ടത്തില്‍ കേരളത്തിന്റെ പൊതുതാല്‍പര്യങ്ങളെ ബലി കഴിക്കുന്ന വിധമാണ് പ്രതിപക്ഷം നിലപാടെടുത്തത്. മൂന്നു ഘട്ടങ്ങളായാണു പുനര്‍നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടപ്പാക്കുന്നത്. അതിന്റെ അടിസ്ഥാനത്തിലാകും തുകയുടെ വിന്യാസവും നടക്കുക. നാശനഷ്ടമുണ്ടായ ഒരു കുടുംബത്തെയും ധനസഹായം നല്‍കുന്നതില്‍ നിന്ന് ഒഴിവാക്കില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

പ്രളയക്കെടുതികള്‍ നേരിടാന്‍ മൂന്നുവര്‍ഷമെങ്കിലും വേണ്ടിവരും. നവകേരള നിര്‍മ്മാണം പരാജയമാണെന്നു പറയുന്നവര്‍ പ്രത്യേക മനഃസ്ഥിതി ഉള്ളവരാണെന്നും, അത് അവരുടെ ദിവാസ്വപ്‌നമാണെന്നും മുഖ്യമന്ത്രി പറഞ്ഞു. നവകേരള നിര്‍മ്മാണം പരാജയപ്പെട്ടെന്നാരോപിച്ചു നിയമസഭയില്‍ പ്രതിപക്ഷം നല്‍കിയ അടിയന്തര പ്രമേയ അവതരണ നോട്ടീസിനു മറുപടി നല്‍കുകയായിരുന്നു മുഖ്യമന്ത്രി. പ്രളയത്തില്‍ സംസ്ഥാനത്തിന് 31,000 കോടിയോളം നഷ്ടമുണ്ടായി. ഇത് കാണാതിരിക്കുകയും അതില്‍ പങ്കാളികളാകാതിരിക്കുകയും പങ്കാളികളായവരെ നിരുത്സാഹപ്പെടുത്തുകയും ചെയ്തവരാണ് റീ ബില്‍ഡ് കേരള ഇനിഷിയേറ്റീവ് പരാജയപ്പെട്ടെന്ന് പകല്‍ക്കിനാവു കാണുന്നത്. ആരോപണം ഉന്നയിക്കുന്നവര്‍ കേന്ദ്ര അവഗണനക്കെതിരെ ഒരു വാക്കു പോലും പ്രതികരിച്ചിട്ടില്ല. സംസ്ഥാനത്തിന്റെ വിഭവസമാഹരണ ശ്രമങ്ങളെ തകര്‍ക്കാന്‍ ശ്രമിച്ചു. ഇതൊക്കെ ചെയ്ത ശേഷം ഇവിടെ വന്ന് വിഭവസമാഹരണത്തില്‍ പരാജയപ്പെട്ടെന്ന് ആക്ഷേപിക്കുകയാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
2019 ജനുവരി 31 വരെയുള്ള അപ്പീല്‍ കേള്‍ക്കണമെന്ന് ഹൈക്കോടതി നിര്‍ദ്ദേശിച്ചിരുന്നു. 2019 ജൂണ്‍ 30 വരെയുള്ള അപ്പീല്‍ കേള്‍ക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ട്. അടിയന്തര ദുരിതാശ്വാസമല്ല, ദീര്‍ഘകാല ആശ്വാസ പദ്ധതികളാണ് സര്‍ക്കാര്‍ വിഭാവനം ചെയ്യുന്നത്. സാലറി ചലഞ്ച് വഴി തുക സമാഹരിക്കാന്‍ ശ്രമിച്ചപ്പോള്‍ അതിനെ തടയിടാനാണു പ്രതിപക്ഷം ശ്രമിച്ചത്. എന്നാല്‍ പ്രതിപക്ഷത്തിന്റെ വിലക്കു മറികടന്നു ജീവനക്കാര്‍ 1,112 കോടി തന്നു. വിദേശത്തുപോയി അവിടുത്തെ മലയാളികളില്‍ നിന്നും സഹായം ശേഖരിക്കാന്‍ ശ്രമിച്ചപ്പോള്‍ മന്ത്രിമാരുടെ യാത്ര കേന്ദ്രം തടഞ്ഞിട്ടും പ്രതിപക്ഷം മിണ്ടിയില്ല.

പ്രളയത്തിനു ശേഷം ഉടന്‍ സഹായമായ 10,000 രൂപ ഇതിനകം 6.9 ലക്ഷം കുടുംബങ്ങള്‍ക്ക് വിതരണം ചെയ്തു. ഇതിനു പുറമെ പൂര്‍ണ്ണമായും തകര്‍ന്ന 15,324 വീടുകളില്‍ ഇന്നുവരെ 5422 വീടുകളുടെ നിര്‍മ്മാണം പൂര്‍ത്തിയായി. സ്വന്തമായി വീട് നിര്‍മ്മിക്കുവാന്‍ സന്നദ്ധരായ 10,426 പേരില്‍ 9,967 പേര്‍ക്ക് സഹായം നല്‍കി. വീട് പൂര്‍ത്തിയാകുന്ന മുറയ്ക്ക് ഗഡുക്കളായാണ് സഹായം നല്‍കുന്നത്. പൂര്‍ണ്ണമായി തകര്‍ന്ന കേസുകളെന്നു കരുതുന്നവയില്‍ അപ്പീലുകളായി ലഭിച്ച 34,768 എണ്ണത്തില്‍ 34,275 ഉം തീര്‍പ്പാക്കി. ഭാഗികമായി തകര്‍ന്നതായി ലഭിച്ച 2,54,260 കേസുകളില്‍ 2,40,738 കേസുകളും തീര്‍പ്പാക്കിക്കഴിഞ്ഞു.
അപ്പീലായി ലഭിച്ച 1,02,479 കേസുകളില്‍ 1,01,878 കേസുകളും തീര്‍പ്പാക്കിയതായും മുഖ്യമന്ത്രി പറഞ്ഞു.  വി ഡി സതീശന്‍ അവതരിപ്പിച്ച അടിയന്തര പ്രമേയത്തിന് മുഖ്യമന്ത്രിയുടെ മറുപടിയെ തുടര്‍ന്ന് സ്പീക്കര്‍ പി ശ്രീരാമകൃഷ്ണന്‍ അവതരണാനുമതി നിഷേധിച്ചു. ഇതില്‍ പ്രതിഷേധിച്ച് പ്രതിപക്ഷം സഭയില്‍ നിന്ന് ഇറങ്ങിപ്പോയി.