9 December 2024, Monday
KSFE Galaxy Chits Banner 2

Related news

December 9, 2024
December 9, 2024
December 6, 2024
December 5, 2024
December 4, 2024
December 3, 2024
December 2, 2024
December 2, 2024
December 2, 2024
December 2, 2024

മഹാരാഷ്ട്രയില്‍ സര്‍ക്കാര്‍ രൂപീകരണ ചര്‍ച്ചകള്‍ അനിശ്ചിതമായി നീളുന്നു

ഉപമുഖ്യമന്ത്രിയുമായി ബന്ധപ്പെട്ട തര്‍ക്കങ്ങള്‍ രൂക്ഷം 
Janayugom Webdesk
ന്യൂഡല്‍ഹി
November 29, 2024 4:47 pm

മഹാരാഷ്ട്രയില്‍ സര്‍ക്കാര്‍ രൂപീകരണ ചര്‍ച്ചകള്‍ അനിശ്ചിതമായി നീളുന്നു. മുഖ്യമന്ത്രി സ്ഥാനത്തില്‍ വിട്ടുവീഴ്ചയ്ക്ക് ശിവസേന സന്നദ്ധമായെങ്കിലും, ഉപമുഖ്യമന്ത്രി പദവിയുമായി ബന്ധപ്പെട്ട തര്‍ക്കങ്ങളാണ് തീരുമാനം വൈകാന്‍ കാരണമെന്നാണ് റിപ്പോര്‍ട്ട്. മുഖ്യമന്ത്രി പദവി വിട്ടുകൊടുക്കാമെന്ന് സമ്മതിച്ച ഏക്‌നാഥ് ഷിന്‍ഡെ മകന്‍ ശ്രീകാന്ത് ഷിന്‍ഡെയെ ഉപമുഖ്യമന്ത്രിയാക്കണമെന്ന നിര്‍ദേശം മുന്നോട്ടു വെച്ചതായാണ് സൂചന. എന്നാല്‍ ഇതിനോട് ബിജെപി നേതൃത്വം വിയോജിപ്പ് അറിയിച്ചു.

ശ്രീകാന്തിനെ ഉപമുഖ്യമന്ത്രിയാക്കിയാല്‍, സഖ്യം ഇതുവരെ മുന്നോട്ടുവെച്ച കുടുംബാധിപത്യ രാഷ്ട്രീയത്തിനെതിരായ പ്രചാരണം ദുര്‍ബലമാക്കപ്പെടുമെന്നാണ് ബിജെപിയുടെ വാദം. എന്നാല്‍ ശിവസേനയ്ക്ക് ലഭിച്ച ഉപമുഖ്യമന്ത്രി പദത്തില്‍ ആരായിരിക്കണമെന്ന് തീരുമാനിക്കുന്നത് പാര്‍ട്ടിയാണെന്നും, ബിജെപിക്ക് അതില്‍ യാതൊരു റോളുമില്ലെന്നുമാണ് ഷിന്‍ഡെ പറയുന്നത്. ഏക്‌നാഥ് ഷിന്‍ഡെ വിട്ടു നിന്നാല്‍ ശിവസേനയില്‍ തന്നെ നിരവധി നേതാക്കളാണ് ഉപമുഖ്യമന്ത്രി പദമോഹവുമായി കാത്തുനില്‍ക്കുന്നത്.ദേവേന്ദ്രഫഡ്‌നാവിസിനെ മുഖ്യമന്ത്രിയാക്കണമെന്നാണ് ആര്‍എസ്എസ് ആഗ്രഹിക്കുന്നത്. ഇക്കാര്യം ആര്‍എസ്എസ് പ്രധാനമന്ത്രി നരേന്ദ്രമോദിയെ അറിയിച്ചതായും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.

ഫഡ്നാവിസിനെ മുഖ്യമന്ത്രിയാക്കുകയും പിന്നീട് കേന്ദ്രത്തില്‍ ബിജെപിയുടെ മുഖമായി ഉയര്‍ത്തിക്കാട്ടാനാകുമെന്നും ആര്‍എസ്എസ് നേതാക്കള്‍ സൂചിപ്പിക്കുന്നു. അതേസമയം, മുഖ്യമന്ത്രി സ്ഥാനത്തേക്ക് ദേവേന്ദ്ര ഫഡ്‌നാവിസിന് പകരം മറ്റൊരാള്‍ അപ്രതീക്ഷിതമായി ഉയര്‍ന്നു വന്നേക്കാമെന്നും റിപ്പോര്‍ട്ടുകളുണ്ട്. ബിജെപി നേതൃത്വമാണ് അത്തരമൊരു സാധ്യത പരിശോധിക്കുന്നത്. ഫഡ്നാവിസ് ബ്രാഹ്മണ സമുദായത്തില്‍പ്പെട്ട ആളാണ്.

സംസ്ഥാന തെരഞ്ഞെടുപ്പില്‍, മറാഠാ വിഭാഗക്കാരെപ്പോലെ ഒബിസികളും ഒറ്റക്കെട്ടായി മഹായുതി സഖ്യത്തിന് വോട്ട് ചെയ്തു. അതിനാല്‍, മുഖ്യമന്ത്രി സ്ഥാനത്തേക്ക് പാര്‍ട്ടിയില്‍ അനുയോജ്യമായ ഒബിസി അല്ലെങ്കില്‍ മറാത്ത നേതാവ് ഉണ്ടോയെന്നാണ് ബിജെപി നേതൃത്വം പരിശോധിക്കുന്നത്. അതിനാലാണ് മുഖ്യമന്ത്രി പദത്തില്‍ തീരുമാനം വൈകുന്നതെന്നും പറയപ്പെടുന്നു. 

എന്‍സിപി നേതാവ് അജിത് പവാര്‍ ഉപമുഖ്യമന്ത്രി പദവി നിലനിര്‍ത്തുമെന്ന് ഉറപ്പാണ്. മുന്‍ സര്‍ക്കാരില്‍ വഹിച്ച സുപ്രധാന വകുപ്പുകള്‍ അജിത് പവാര്‍ ചോദിക്കുന്നുണ്ട്. ധനകാര്യം, കൃഷി, തുടങ്ങിയ വകുപ്പുകളാണ് പവാര്‍ ചോദിക്കുന്നത്. തന്നെ മുഖ്യമന്ത്രിയാക്കിയില്ലെങ്കില്‍ ശിവസേനയ്ക്ക് ആഭ്യന്തരവും നഗരവികസനവും വേണമെന്നാണ് ഏക്‌നാഥ് ഷിന്‍ഡെയുടെ ആവശ്യം. കഴിഞ്ഞ സര്‍ക്കാരിലുണ്ടായിരുന്ന എന്‍സിപിയുടേയും ശിവസേനയുടേയും ഭൂരിഭാഗം മന്ത്രിമാരും പുതിയ സര്‍ക്കാരില്‍ ഉണ്ടായേക്കില്ലെന്നും റിപ്പോര്‍ട്ടുകളുണ്ട്. മന്ത്രിസഭാ രൂപീകരണത്തിന് ബിജെപി, ശിവസേന, എന്‍സിപി പാര്‍ട്ടികള്‍ക്കായി 50: 30: 20 എന്ന ഫോര്‍മുലയാണ് പരിഗണിക്കുന്നത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.