Friday
19 Jul 2019

കയ്യേറ്റവും അനധികൃത കൈവശവും ഒഴിപ്പിച്ച് 3,815 ഏക്കര്‍ ഭൂമി സര്‍ക്കാര്‍ ഏറ്റെടുത്തു

By: Web Desk | Monday 18 February 2019 10:31 PM IST


തിരുവനന്തപുരം: എല്‍ഡിഎഫ് സര്‍ക്കാര്‍ അധികാരമേറ്റെടുത്ത ശേഷം വിവിധ ഭൂനിയമങ്ങളുടെ അടിസ്ഥാനത്തില്‍ കയ്യേറ്റവും അനധികൃത കൈവശവും ഒഴിപ്പിച്ചും മിച്ചഭൂമിയായും 3,815 ഏക്കര്‍ ഭൂമി സര്‍ക്കാര്‍ ഏറ്റെടുത്തതായി മന്ത്രി ഇ ചന്ദ്രശേഖരന്‍. സംസ്ഥാനത്താകെ 605 കേസുകളിലായി 500 ഓളം ഏക്കര്‍ സര്‍ക്കാര്‍ ഭൂമി കൈയ്യേറ്റക്കാരില്‍ നിന്നു ഒഴിപ്പിച്ചെടുത്തു. 383.70 ഏക്കര്‍ മിച്ച ഭൂമിയായും ഏറ്റെടുത്തു. 36.50 ഹെക്ടര്‍ ഭൂമി 656 പേര്‍ക്ക് വിതരണം ചെയ്തു. വിവിധ ജില്ലകളിലായി 4183.7 ഏക്കര്‍ എസ്ചീറ്റ് ഭൂമി (അനന്തരാവകാശികളില്ലാതെ അന്യം നില്‍ക്കുന്ന ഭൂമി ഏറ്റെടുക്കല്‍ നിയമപ്രകാരം) യായി സര്‍ക്കാര്‍ ഏറ്റെടുത്തു.

കൊല്ലം ജില്ലയില്‍ ഐരനിക്കാവ് വില്ലേജില്‍ ഹാരിസണ്‍ മലയാളം പ്ലാന്റേഷനില്‍ നിന്നും വാങ്ങി പ്രിയ റബ്ബര്‍ എസ്റ്റേറ്റ് ആന്‍ഡ് പ്ലാന്റേഷന്‍ കൈവശം വച്ചിരുന്ന 2096.5 ഏക്കര്‍ ഭൂമി തിരിച്ചെടുത്തു. ഹാരിസണ്‍ ഭൂമിയില്‍ സര്‍ക്കാര്‍ ഉടമസ്ഥാവകാശം സ്ഥാപിക്കുന്നതിനായി സിവില്‍ കോടതിയില്‍ കേസ് നല്‍കുന്ന നടപടികള്‍ സ്വീകരിച്ചുവരികയാണെന്നും അദ്ദേഹം പറഞ്ഞു. കൈവശക്കാര്‍ക്ക് വിതരണം ചെയ്യുന്നതിന് കേന്ദ്ര ഗവണ്‍മെന്റിന്റെയും സുപ്രീം കോടതിയുടെയും അനുമതി ലഭിച്ച വനഭൂമിയില്‍ അവശേഷിക്കുന്നവര്‍ക്ക് ഉടന്‍ പട്ടയം നല്‍കുന്നതിന് സത്വര നടപടി സ്വീകരിച്ചെന്നും മന്ത്രി പറഞ്ഞു. വന്‍കിട കൈയ്യേറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കാനും സര്‍ക്കാരിന് കഴിഞ്ഞു. അനധികൃത നിര്‍മ്മാണങ്ങള്‍ക്ക് കടിഞ്ഞാണിടാനും നീലക്കുറിഞ്ഞി മലകളുടെ സംരക്ഷണത്തിനായി നടപടികള്‍ സ്വീകരിക്കുന്നതിനും സാധിച്ചു. വില്ലേജ്, താലൂക്ക്, ആര്‍ഡിഒ ഓഫീസുകളില്‍ നിന്നും വിതരണം ചെയ്യുന്ന വിവിധ സര്‍ട്ടിഫിക്കറ്റുകള്‍ക്ക് എതിരെ അപ്പീല്‍ സമര്‍പ്പിക്കാന്‍ അവസരമില്ല എന്ന പരാതി പരിഹരിക്കുന്നതിനായുളള ഉത്തരവ് അന്തിമഘട്ടത്തിലാണ്. റവന്യൂ, സര്‍വ്വെ എന്നീ വകുപ്പുകളുടെ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിച്ച് ഭൂമി സംബന്ധമായ ഇടപാടുകളെല്ലാം ഓണ്‍ലൈനായി നടപ്പില്‍ വരുത്തുക എന്ന ലക്ഷ്യത്തോടെ കേരള ഭൂരേഖ നവീകരണമിഷന്‍ എന്ന പ്രൊജക്ട് മാനേജ്‌മെന്റ് യൂണിറ്റ് രൂപീകരിച്ച് പ്രവര്‍ത്തനം ആരംഭിച്ചു .റവന്യുവകുപ്പിനെ വിവര സാങ്കേതിക – വിനിമയ വിദ്യയുടെ സഹായത്തോടെ ആധുനികവല്‍കരിച്ചു. ആറു മാസത്തിനുളളില്‍ പൂര്‍ണ്ണതയിലേക്കെത്തും. വില്ലേജ് ഓഫീസുകള്‍ ജനസൗഹൃദമാക്കാനും പരിശോധന ശക്തിപ്പെടുത്തി വില്ലേജ് ഓഫീസുകളിലെ നടപടി ക്രമങ്ങള്‍ സുതാര്യമാക്കാനും അഴിമതി ഇല്ലാതാക്കുന്നതിനും കര്‍ശന നടപടികളും വകുപ്പ് സ്വീകരിച്ചു. സംസ്ഥാനത്ത് പുതിയ ആറ് റവന്യൂ ഡിവിഷനുകളും 2 താലൂക്കുകളും പുതുതായി രൂപീകരിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. നെല്‍വയല്‍ തണ്ണീര്‍ത്തട സംരക്ഷണ നിയമം കൂടുതല്‍ ശക്തമാക്കുന്നതിന് ഭേദഗതി ആക്റ്റ് കൊണ്ടുവന്നു.

ലാന്‍ഡ് ഗ്രാബിംഗ് പ്രൊഹിബിഷന്‍ ബില്‍ അഡ്വ.ജനറലിന്റെ അഭിപ്രായത്തിനായി അയച്ചിരിക്കുകയാണെന്നും മന്ത്രി പറഞ്ഞു. സംസ്ഥാനത്തെ ഓരോ പൗരനും സംസ്ഥാനം മുഴുവന്‍ ബാധകമാകുന്ന രീതിയില്‍ ആധാര്‍ അധിഷ്ഠിത യൂണിക് തണ്ടപ്പേര്‍ എന്ന ആശയം നടപ്പിലാക്കുന്നതിന് വേണ്ട നടപടികള്‍ നടന്നുവരികയാണെന്നും ഈ സംവിധാനം നടപ്പില്‍ വരുന്നതോടുകൂടി സംസ്ഥാനത്തുളള ഓരോ പൗരന്റെയും പേരില്‍ രജിസ്റ്റര്‍ ചെയ്യപ്പെട്ട വസ്തുക്കള്‍ ഒരേ തണ്ടപ്പേരില്‍ ഉള്‍ക്കൊളളിക്കാനും അതുവഴി പരിധിയില്‍ കൂടുതല്‍ ഭൂമി കൈവശം വച്ചിരിക്കുന്നവരെ കണ്ടെത്താനും കഴിയും. ഈ സംവിധാനം നടപ്പില്‍ വരുന്നതോടുകൂടി ലാന്‍ഡ് റവന്യൂ വകുപ്പില്‍ വിപ്ലവകരമായ മാറ്റങ്ങള്‍ക്ക് നാന്ദിയാകുമെന്നും മന്ത്രി പറഞ്ഞു. റവന്യൂ വകുപ്പ് മന്ത്രിയുടെ ഓഫീസില്‍ ലഭിക്കുന്ന പരാതികളും നിവേദനങ്ങളും നിലവില്‍ തപാല്‍ മാര്‍ഗ്ഗം വിവിധ ഓഫീസുകളില്‍ അയച്ചാണ് പരിഹാരം തേടുന്നത്. ഇത് വളരെയേറെ കാലതാമസത്തിന് കാരണമാകുന്നുണ്ട്. ഇത് പരിഹരിക്കുന്നതിന് അതാത് ഓഫീസുകളിലേക്ക് ഓണ്‍ലൈനായി പരാതികളും നിവേദനങ്ങളും കൈമാറുന്നതിനുളള ആര്‍എംഒ കേരള എന്ന മേല്‍വിലാസം റവന്യൂ പോര്‍ട്ടലില്‍ ഉള്‍ക്കൊളളിക്കുന്നതിനുളള നടപടികള്‍ അന്തിമഘട്ടത്തിലാണെന്നും വാര്‍ത്താസമ്മേളനത്തില്‍ മന്ത്രി പറഞ്ഞു.

Related News