Janayugom Online
Niyamasabha

സര്‍ക്കാര്‍ സമയോചിതമായ ഇടപെടല്‍ നടത്തി: റവന്യു മന്ത്രി

Web Desk
Posted on June 18, 2018, 10:42 pm

തിരുവനന്തപുരം: മഴക്കെടുതിയും ഉരുള്‍പൊട്ടലും മൂലം ദുരന്തമുണ്ടായ സ്ഥലങ്ങളില്‍ വിവിധ വകുപ്പുകള്‍ ഏകോപിപ്പിച്ച് സമയോചിതമായ പ്രവര്‍ത്തനമാണ് സര്‍ക്കാര്‍ നടത്തിയതെന്ന് റവന്യുമന്ത്രി ഇ ചന്ദ്രശേഖരന്‍ നിയമസഭയെ അറിയിച്ചു. കനത്ത മഴയുണ്ടാകുമെന്ന കേന്ദ്രകാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പിനെ തുടര്‍ന്ന് എല്ലാ ജില്ലാ കളക്ടര്‍മാര്‍ക്കും ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്കും ജാഗ്രതാ നിര്‍ദ്ദേശം നല്‍കിയിരുന്നതായും മന്ത്രി വ്യക്തമാക്കി. പാറക്കല്‍ അബ്ദുള്ളയുടെ അടിയന്തരപ്രമേയ നോട്ടീസിന് മറുപടി പറയുകയായിരുന്നു അദ്ദേഹം.
ഉരുള്‍പ്പൊട്ടലുണ്ടായ ദിവസം മുതല്‍ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളെ ഉള്‍പ്പെടെ ഏകോപിപ്പിച്ചുള്ള രക്ഷാപ്രവര്‍ത്തനങ്ങള്‍ നടത്തി. ഏറ്റവും വലിയ ദുരന്തമുണ്ടായത് കോഴിക്കോടാണ്. ഇവിടെ നാല് വീടുകളിലായി 14 പേരെ കാണാതായി. ഇവരുടെ മൃതദേഹം കണ്ടെടുത്തിട്ടുണ്ട്. റവന്യു-ഗതാഗത‑തൊഴില്‍ വകുപ്പുകള്‍ ഏകോപിപ്പിച്ച് രക്ഷാപ്രവര്‍ത്തനങ്ങള്‍ നടത്തി. ദുരന്തദിവസം രാവിലെ തന്നെ ദുരന്തനിവാരണസേനയെ അറിയിക്കുകയും ചെയ്തു.എന്നാല്‍ തൃശുരില്‍ നിന്നും റോഡ് മാര്‍ഗം ഗതാഗതതടസമുണ്ടായതിനെതുടര്‍ന്ന് ഉച്ചയ്ക്ക് ശേഷമാണ് അവര്‍ക്ക് ദുരന്തസ്ഥലത്ത് എത്താനായതെന്നും മന്ത്രി വ്യക്തമാക്കി.
ഹെലികോപ്ടര്‍ ആവശ്യപ്പെട്ടാല്‍ അത് അനുവദിച്ച് കിട്ടാനുള്ള കാലതാമസം ഒഴിവാക്കാനാണ് ദുരന്തനിവാരണസേന റോഡ് മാര്‍ഗം തിരഞ്ഞെടുത്തതെന്നും മന്ത്രി പറഞ്ഞു. അവര്‍ എത്തുന്നതുവരെ പൊലീസും ഫയര്‍ഫോഴ്‌സും പ്രദേശവാസികളുമെല്ലാം ചേര്‍ന്ന് രക്ഷാപ്രവര്‍ത്തനം നടത്തിയിരുന്നു. ദുരന്തനിവാരണസേന എത്തിയശേഷം കൃത്യമായ രക്ഷാപ്രവര്‍ത്തനങ്ങളാണ് അവര്‍ നടത്തിയത്. നാല്‍പ്പത്തിയഞ്ച് അംഗ ദുരന്തനിവാരണ സേനാബറ്റാലിയനെയും ദുരന്ത പ്രതികരണ ഉപകരണങ്ങളെയും എയര്‍ലിഫ്റ്റ് ചെയ്യുന്നതിന് ചെറു ഹെലികോപ്റ്ററുകള്‍ പര്യാപ്തവുമല്ല. ഇതിനായി എംഐ16 ഇനത്തില്‍പെട്ട നാലോ- അഞ്ചോ ഹെവിലിഫ്റ്റ് ഹെലികോപ്റ്ററുകള്‍ ആവശ്യമായിവരും. ഇവ വായുസേനയോടോ നാവികസേനയോടോ ആവശ്യപ്പെടുന്നമുറയ്ക്ക് അവര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും ലഭ്യമാക്കുകയാണ് ചെയ്യുന്നത്. ഇതിനാവശ്യമായ പ്രത്യേക അനുമതി നേടുന്നതിനും ഏറ്റവും അടുത്ത സംസ്ഥാനത്ത് ലഭ്യമായ സ്ഥലത്തുനിന്ന് ഇവയ്ക്ക് പറന്നെത്തുന്നതിനും നാല് മണിക്കൂറെങ്കിലും വേണ്ടിവരും. അതേസമയം, തൃശൂരില്‍ ക്യാമ്പ് ചെയ്തിരുന്ന ഒരു ബറ്റാലിയന്‍ ജില്ലാ കളക്ടര്‍ റിപ്പോര്‍ട്ട് ചെയ്ത ഉടന്‍ തന്നെ കോഴിക്കോട്ടേക്ക് പുറപ്പെടണമെന്ന് ദുരന്തനിവാരണ അതോറിറ്റി , എന്‍ഡിആര്‍എഫ് അധികൃതരോട് ആവശ്യപ്പെട്ടിരുന്നു. സാധാരണ ഗതിയില്‍ രാവിലെ 8.30ഓടുകൂടി തൃശൂരില്‍ നിന്നും പുറപ്പെട്ട സേനയും ഉപകരണങ്ങളും മൂന്ന് മണിക്കൂര്‍ കൊണ്ട് കോഴിക്കോട് എത്തേണ്ടതാണ്. എന്നാല്‍ പൊലീസ് അകമ്പടിയോടുകൂടി ഈ വാഹനവ്യൂഹം സഞ്ചരിച്ചിട്ടും കാലാവസ്ഥയും കനത്തമഴയും ഗതാഗത കുരുക്കും കാരണം സാധാരണയില്‍ നിന്നും വൈകിയാണ് ദുരന്തമേഖലയില്‍ എത്തിച്ചേര്‍ന്നതെന്നും മന്ത്രി വ്യക്തമാക്കി.
കാലവര്‍ഷ ദുരന്തത്തില്‍ കൃഷിനാശം ഉണ്ടായവര്‍ക്കും വീട് നഷ്ടപ്പെട്ടവര്‍ക്കുമെല്ലാം പര്യാപ്തമായ നഷ്ടപരിഹാരതുക നല്‍കും. ദുരന്തനിവാരണസേനയ്ക്ക് എല്ലാ ജില്ലകളിലും കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുക എന്നത് പ്രായോഗികമല്ലാത്തിനാലാണ് സംസ്ഥാനത്തിന്റെ മധ്യത്തില്‍ പ്രവര്‍ത്തിക്കുന്നത്.
കാലവര്‍ഷക്കെടുതിയില്‍ സംസ്ഥാനത്ത് 14 ജില്ലകളിലായി 56 പേര്‍ മരിച്ചു. നാല് പേരെ കാണാതാവുകയും ചെയ്തു. 115 ക്യാമ്പുകള്‍ ദുരന്തമേഖലകളില്‍ തുറന്നിട്ടുണ്ട്. ഇത്തരം ദുരന്തസന്ദര്‍ഭങ്ങളില്‍ ഉപയോഗിക്കാന്‍ സംസ്ഥാനത്തിന് സ്വന്തമായി ഹെലികോപ്ടര്‍ വാങ്ങണെന്ന ആവശ്യം സര്‍ക്കാര്‍ തലത്തില്‍ ആലോചിച്ചേ തീരുമാനിക്കാന്‍ കഴിയൂവെന്നും അദ്ദേഹം പറഞ്ഞു. മന്ത്രിയുടെ വിശദീകരണത്തിന്റെ അടിസ്ഥാനത്തില്‍ അടിയന്തര പ്രമേയ നോട്ടീസിന് സ്പീക്കര്‍ പി ശ്രീരാമകൃഷ്ണന്‍ അവതരണാനുമതി നിഷേധിച്ചു. ഇതില്‍ പ്രതിഷേധിച്ച് പ്രതിപക്ഷം നിയമസഭയില്‍ നിന്നും ഇറങ്ങിപ്പോയി.