Web Desk

ആലപ്പുഴ

January 18, 2021, 9:58 pm

സർക്കാരിന്റെ ഇടപെടൽ താങ്ങാകുന്നത് 204 കുടുംബങ്ങൾക്ക്

Janayugom Online

സംസ്ഥാന സർക്കാരിന്റെ നേതൃത്വത്തിൽ മത്സ്യത്തൊഴിലാളികൾക്കായി നിർമ്മിക്കുന്ന ഫ്ലാറ്റ് സമുച്ചയത്തിന്റെ നിർമ്മാണ പ്രവൃത്തികൾക്ക് ആലപ്പുഴ ജില്ലയിൽ തുടക്കമായി.

സംസ്ഥാനത്ത് നിർമ്മിക്കുന്ന ഈ ഏറ്റവും വലിയ ഫ്ലാറ്റ് സമുച്ചയത്തിൽ സർക്കാരിന്റെ കരുതൽ ലഭിക്കുന്നത് 204 കുടുംബങ്ങൾക്ക്. തോട്ടപ്പള്ളി മണ്ണുംപുറം കോളനിയിലാണ് ഭവന സമുച്ചയമൊരുങ്ങുന്നത്. ഇതിനായി റവന്യൂ വകുപ്പിന്റെ ഉടമസ്ഥതയിലുള്ള 3.48 ഏക്കർ സ്ഥലമാണ് ഫിഷറീസ് വകുപ്പ് ഏറ്റെടുത്ത് നിർമ്മാണ പ്രവൃത്തികൾ ആരംഭിച്ചത്.

കടൽക്ഷോഭത്തിൽ വീടും സ്ഥലവും നഷ്ടപ്പെട്ട അമ്പലപ്പുഴ, പുറക്കാട്, തോട്ടപ്പള്ളി മത്സ്യ ഗ്രാമങ്ങളിലെ മത്സ്യത്തൊഴിലാളി കുടുംബങ്ങളെ പുനരധിവസിപ്പിക്കാനാണ് ഭവന സമുച്ചയം നിർമ്മിക്കുന്നത്. തിരുവനന്തപുരത്തെ മുട്ടത്തറ മാതൃകയിൽ നിർമ്മിക്കുന്ന ബഹുനില ഭവന സമുച്ചയത്തിൽ രണ്ടു കിടപ്പുമുറി, അടുക്കള, ശുചി മുറി, ലിവിങ് ഏരിയ ഉൾപ്പടെയുള്ള സൗകര്യങ്ങളാകും ഓരോ കുടുംബത്തിനും ലഭ്യമാക്കുക. ഒപ്പം സമുച്ചയത്തിന് ചുറ്റുമായി റോഡ്, കുടിവെള്ളം, വൈദ്യുതി, വേസ്റ്റ് മാനേജ്മെന്റ് സംവിധാനങ്ങൾ എന്നിവയുമുണ്ടാകും. സമുച്ചയ നിർമ്മാണ പൂർത്തീകരണത്തിന് ശേഷം അങ്കണവാടി സൗകര്യവും ഒരുക്കും.

നിർമ്മാണ പ്രവൃത്തികൾക്കായി ഇറിഗേഷൻ, ഭൂജലവകുപ്പ്, കെഎസ്ഇബി, വാട്ടർ അതോറിറ്റി എന്നിവയുടെ അനുമതി നേരത്തെ ലഭ്യമാക്കി. കെട്ടിട നിർമ്മാണത്തിനുള്ള അഞ്ചു ഘട്ടത്തിലെ ആദ്യ ഘട്ട പൈലിങ് ജോലികൾ പൂർത്തിയാക്കി. 28 ദിവസം നീണ്ട സാങ്കേതിക പരിശോധനകളും വിജയകരമായി പൂർത്തീകരിച്ചതായി തീരദേശ വികസന കോർപ്പറേഷൻ അസിസ്റ്റന്റ് എൻജിനീയർ അറിയിച്ചു.

ENGLISH SUMMARY:Government inter­ven­tion sup­ports 204 families
YOU MAY ALSO LIKE THIS VIDEO