ഹൈക്കോടതിയെ തെറ്റിദ്ധരിപ്പിച്ച് കർണാടക സർക്കാർ. ഷഹീൻ സ്‌കൂളിലെ വിദ്യാർത്ഥികളെ ചോദ്യം ചെയ്തിട്ടില്ലെന്നും കൗൺസിലിംഗ് ചെയ്യുകയാണ് ചെയ്തതെന്നും സർക്കാർ ഹെെക്കോടതിയെ അറിയിച്ചു. ജനുവരി 21 ന് സിഎഎക്കെതിരെ സ്‌കൂളിൽ നടന്ന നാടകവുമായി ബന്ധപ്പെട്ട് വിദ്യാർത്ഥികളെ ചോദ്യം ചെയ്തിട്ടില്ലെന്നാണ് സർക്കാരിന്റെ വാദം.
അഭിഭാഷകനായ നയന ജവാറാണ് പൊലീസിന്റെ പ്രവൃത്തിയെ ചോദ്യം ചെയ്ത് ഹൈക്കോടതിയിൽ ഹർജി സമർപ്പിച്ചത്. പ്രായപൂർത്തിയാകാത്ത വിദ്യാർത്ഥികളെ ചോദ്യം ചെയ്യുന്നതിൽ നടന്ന നിയമ ലംഘനത്തെയും അന്വേഷണ ഉദ്യോഗസ്ഥന്റെ നിയമ വിരുദ്ധ പ്രവൃത്തിയെയും ചോദ്യം ചെയ്താണ് ഹർജി സമർപ്പിച്ചത്.
സർക്കാരിനെ പ്രതിനിധീകരിച്ച് അഡ്വക്കേറ്റ് ജനറൽ പ്രഭുലിംഗ് നവദ്ഗിയാണ് ഹാജരായത്. വിദ്യാർത്ഥികൾ നടത്തിയ നാടകത്തെ കുറിച്ച് അന്വേഷിക്കുക മാത്രമാണ് പൊലീസ് ചെയ്തതെന്നും പത്ര വാർത്തകളെ മാത്രം അടിസ്ഥാനമാക്കിയാണ് അപേക്ഷകൻ ഹർജി സമർപ്പിച്ചതെന്നും അതിനാൽ കേസ് തള്ളണമെന്നും സർക്കാർ അഭിഭാഷകൻ കോടതിയിൽ പറഞ്ഞു.
ജുവനൈൽ ജസ്റ്റിസ് നിയമ പ്രകാരമുള്ള എല്ലാ നടപടിക്രമങ്ങളും പാലിച്ചാണ് വിദ്യാർത്ഥികളെ ചോദ്യം ചെയ്തതെന്നും ജുവനൈൽ ജസ്റ്റിസ് ആക്ടിന് അനുസൃതമായി സ്പെഷ്യൽ ജുവനൈൽ പൊലീസ് യൂണിറ്റിന്റെയും ജില്ലാ ശിശു സംരക്ഷണ ഉദ്യോഗസ്ഥന്റെയും സാന്നിധ്യത്തിൽ അന്വേഷണ ഉദ്യോഗസ്ഥർ വിദ്യാർത്ഥികൾക്ക് കൗൺസിലിംഗ് നൽകുകയായിരുന്നുവെന്ന് സർക്കാർ ഹൈക്കോടതിയെ അറിയിച്ചു. എന്നാൽ വിദ്യാർത്ഥികളെ കൗൺസിലിംഗ് ചെയ്യാൻ പൊലീസ് ഉദ്യോഗസ്ഥർക്ക് സർക്കാർ പരിശീലനം നൽകിയിട്ടുണ്ടോ എന്ന് ചീഫ് ജസ്റ്റിസ് അഭയ് ശ്രീനിവാസ് ഓക സംസ്ഥാനത്തോട് ചോദിച്ചു.
പ്രഥാനാധ്യാപികയ്ക്കും വിദ്യാർത്ഥിയുടെ അമ്മയ്ക്കുമെതിരെ രാജ്യദ്രോഹക്കുറ്റം ചുമത്തിയതിനും വിദ്യാർത്ഥികളെ ആവർത്തിച്ച് ചോദ്യം ചെയ്തതിനും പൊലീസിനെയും സർക്കാരിനെയും വിമർശിച്ച് നിരവധി രാഷ്ട്രീയ നേതാക്കൾ രംഗത്ത് വന്നിരുന്നു. ജുവനൈൽ ജസ്റ്റിസ് ആക്റ്റ് മാനദണ്ഡങ്ങൾ ലംഘിച്ചുവെന്നാരോപിച്ച് സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മിഷൻ ജില്ലാ പൊലീസിനെ സമീപിക്കുകയും കുട്ടികളെ ചോദ്യം ചെയ്യുന്നത് നിർത്താൻ ആവശ്യപ്പെടുകയും ചെയ്തിരുന്നു. പൊലീസ് അന്വേഷണം കാരണം നിരവധി വിദ്യാർത്ഥികൾ സ്കൂളിൽ പോകുന്നത് നിർത്തിയെന്ന് കാണിച്ച് ശിശുക്ഷേമ സമിതിയും പൊലീസിന് നോട്ടീസ് നൽകിയിരുന്നു.
ENGLISH SUMMARY: Government of Karnataka misled the High Court
YOU MAY ALSO LIKE THIS VIDEO
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.