Web Desk

തിരുവനന്തപുരം

January 07, 2021, 10:51 am

കാര്‍ഷികാശ്വാസ നടപടികളുമായി കേരള സര്‍ക്കാര്‍

Janayugom Online

കേന്ദ്ര സര്‍ക്കാരിന്‍റെ കാര്‍ഷിക കരി നിയമങ്ങള്‍ക്കെതിരെ രാജ്യത്താകമാനം സമരം ശക്തമാക്കി കര്‍ഷകര്‍ മുന്നോട്ട് പോകുന്ന സാഹചര്യത്തില്‍ കര്‍ഷകര്‍ക്ക് ആശ്വാസ പദ്ധതികളുമായി കേരള സര്‍ക്കാരിന്‍റെ നടപടികള്‍ രാജ്യത്താകമാനം മാതൃകയാകുന്നു. 2020 നവംബര്‍ 26ന് ആരംഭിച്ച കര്‍ഷക സമരം 41ദിവസം പിന്നിട്ടിരിക്കുന്നു. ഇത്തരമൊരു സാഹചര്യത്തില്‍ സുപ്രീംകോടതിആശങ്ക പ്രകടിപ്പിച്ചിരിക്കുന്നത്. രാജ്യത്തെ കർഷകർ നിലനിൽപ്പിനായി മരിച്ചുവീഴുമ്പോൾ കർഷകർക്ക്‌ ആത്‌മഹത്യ ചെയ്യേണ്ട സാഹചര്യമില്ലാത്ത സംസ്ഥാനമായി കേരളത്തെ സംസ്ഥാന സര്‍ക്കാര്‍ മാറ്റിയെടുത്തു. വിളകൾക്ക്‌ ന്യായവില ഉറപ്പാക്കൽ, സബ്‌സിഡി, കർഷകരുടെ ക്ഷേമം, ഇൻഷുറൻസ്‌ എന്നിവയിലെല്ലാം രാജ്യത്ത്‌ ഒന്നാമതാണ്‌ കേരളമെന്ന്‌ എൽഡിഎഫ്‌ സർക്കാരിന്റെ വിവിധ പദ്ധതികൾ തെളിയിക്കുന്നു. കര്‍ഷകര്‍ നാടിന്‍റെ നട്ടെല്ലാണെന്ന കാഴ്ടപ്പാടില്‍ ‌ ആദ്യമായി രാജ്യത്ത് കർഷകർക്ക്‌ ക്ഷേമ ബോർഡ്‌ നടപ്പാക്കിയ സംസ്ഥാനമാണ് കേരളം. 

കർഷക ക്ഷേമ ബോർഡ്‌ വന്നതോടെ 60 കഴിഞ്ഞ മുഴുവൻ കർഷകർക്കും 3000 മുതൽ 5000 രൂപവരെ പെൻഷൻ ഉറപ്പാക്കും. നിലവിലെ കർഷക പെൻഷൻ പദ്ധതി പുതിയ ക്ഷേമ ബോർഡിൽ ലയിപ്പിച്ച്‌ കൂടുതൽ പെൻഷൻ തുക കർഷകർക്ക്‌ നല്‍കാനുള്ള പദ്ധതി വരുന്നു. ഭക്ഷ്യ രംഗത്ത് സ്വയം പര്യാപ്തമാക്കുന്നതിനൊപ്പം, നെല്‍വലുകള്‍ സംരക്ഷിച്ച് കൃഷിയിറക്കാനുള്ള സര്‍ക്കാരിന്‍റെ നടപടികളെ കര്‍ഷകര്‍ സ്വാഗതം ചെയ്യുകയും തരിശ്ശായി കിടന്ന പാടശേഖരങ്ങളില്‍ വിത്തുവിതച്ച് നല്ല വിളവെടുക്കുവാന്‍ കഴിഞ്ഞതോടെ ഈ രംഗത്ത് വിപ്ലവകരമായ മാറ്റം വരുത്തുവാന്‍ കഴിഞ്ഞു. രാജ്യത്ത്‌ ഏറ്റവും ഉയർന്ന താങ്ങുവില നൽകി കർഷകരിൽനിന്ന്‌ നെല്ല്‌ സംഭരിക്കുന്ന സംസ്ഥാനമായി കേരളം മാറി. 

കേന്ദ്രത്തിന്റെ സംഭരണവില 18.15 രൂപയായിരിക്കെ കേരളം ഒമ്പതുരൂപകൂടി നൽകി 27.48 രൂപയ്‌ക്കാണ്‌ നെല്ല്‌ സംഭരിക്കുന്നത്‌. നെൽവയലുകൾ സംരക്ഷിക്കുന്ന കർഷകർക്ക്‌ ആദ്യമായി 2000 രൂപ റോയൽറ്റി പ്രഖ്യാപിച്ചതും വിതരണം ചെയ്തതും കേരളത്തിലാണ്‌. അതുപോലെ കർഷക കടാശ്വാസ കമീഷൻ എന്ന സർക്കാർ സംവിധാനം നിലവിലുള്ള രാജ്യത്തെ ഏക സംസ്ഥാനം കേരളമാണ്‌. വായ്‌പ തിരിച്ചടയ്‌ക്കാൻ നിർവഹമില്ലാത്ത കുടുംബങ്ങൾക്ക്‌ അത്താണിയാണ്‌ കേരളത്തിലെ കർഷക കടാശ്വാസ കമീഷൻ. കമ്മീഷന്‍റെ ഇടപെടല്‍ മൂലം സംസ്ഥാനത്ത് കർഷക ആത്‌മഹത്യ തടയുന്നതിനു കഴിഞ്ഞു. 

നാണ്യവിളയായ റബറിന്‍റെ കാര്യത്തില്‍ കേന്ദ്ര സര്‍ക്കാര്‍ എടുക്കുന്ന നടപടികള്‍ കേരളത്തിലെ റബര്‍ കര്‍ഷകരുടെ കടയ്ക്കല്‍ കത്തിവെയ്ക്കുന്നതാണ്. റബർ ഇറക്കുമതി സംസ്ഥാത്തെ റബർ കർഷകർക്ക്‌ ഏറെ പ്രതിസന്ധി സൃഷിച്ചപ്പോള്‍ പ്രൊഡക്‌ഷൻ ഇൻസന്റീവ്‌ നൽകി ഒരു കിലോ റബറിന്‌ കുറഞ്ഞത്‌ 150 രൂപ ഉറപ്പാക്കുവാന്‍ സംസ്ഥാനത്തിന് കഴിഞ്ഞു. പച്ചക്കറി കര്‍ഷകര്‍ക്ക് ആശ്വാസകരമായ നടപടികളാണ് സംസ്ഥാന സര്‍ക്കാര്‍ എടുത്തിരിക്കുന്നത്. അവരുടെ ഉത്പന്നങ്ങള്‍ക്ക് ന്യായ വില ഉറപ്പാക്കിയതിന്‍റെ ഭാഗമായി 16 ഇനം പച്ചക്കറികള്‍ക്ക് തറ വില നിശ്ചയിച്ചിരിക്കുന്നു. 

പ്രധാനമന്ത്രിയുടെ ഫസൽബീമ യോജന പ്രീമിയം തുകയുടെ 50 ശതമാനം വഹിക്കുന്നത്‌ സംസ്ഥാന സർക്കാരാണ്‌. ഇതിലെ ഗുണഭോക്താക്കൾക്കായി 26 ഇനം കാർഷിക വിളയ്‌ക്ക്‌ സംസ്ഥാന വിള ഇൻഷുറൻസ്‌ പദ്ധതിയും നടപ്പാക്കുന്നു. രണ്ട്‌ പദ്ധതിയിലും ചേരാനും രണ്ടിന്റെയും ആനുകൂല്യം വാങ്ങാനും കർഷകർക്ക്‌ സംസ്ഥാന സർക്കാർ അനുമതി നൽകിയിരക്കുന്നു. നിരവധി പ്രതിസന്ധികളിലൂടെ സംസ്ഥാന സര്‍ക്കാര്‍ കടന്നു പോകുമ്പോഴും കർഷക പെൻഷനായി ഇതുവരെ 1830 കോടി രൂപ നൽകി. മോദി സര്‍ക്കാര്‍ ആറായിരം രൂപ വീതം പ്രതിവർഷം കർഷകർക്ക്‌ നൽകുന്നതായി കൊട്ടിഘോഷിക്കോമ്പോഴാണ് കേരളം കർഷകർക്കായി ഇത്രയും തുക നല്‍കിയിരിക്കുന്നത്.

eng­lish summary:Government of Ker­ala with agri­cul­tur­al relief measures
you may also like this video