20 April 2024, Saturday

വിരൽത്തുമ്പിലുണ്ട് സർക്കാർ ഓഫീസുകൾ; വിവരങ്ങൾ അറിയാം, വിലയിരുത്താം

Janayugom Webdesk
ആലപ്പുഴ
October 4, 2021 7:42 pm

സർക്കാർ വകുപ്പുകളുടെ സേവനങ്ങളെക്കുറിച്ച് അറിയാനും ഓഫീസുകളിൽ ഫോണിൽ ബന്ധപ്പെടാനും ഇനി ഗൂഗിളിൽ തിരയേണ്ടതില്ല. പെരുമാറ്റത്തിലും സേവനത്തിലും മികവു പുലർത്തുന്ന ഉദ്യോഗസ്ഥരെ നാലു പേർ അറിയുംവിധം അഭിനന്ദിക്കാനോ ഏതെങ്കിലും ഓഫീസിൽ ദുരനുഭവം നേരിട്ടാൽ മേലധികാരികളെ അറിയിക്കാനോ വഴിയെന്തെന്ന് ആലോചിക്കേണ്ടതുമില്ല. ഇതിനെല്ലാമുള്ള സാധ്യതകളാണ് ‘എന്റെ ജില്ല’ മൊബൈൽ ആപ്ലിക്കേഷൻ പൊതുജനങ്ങൾക്കു മുന്നിൽ തുറക്കുന്നത്. സംസ്ഥാനത്തെ എല്ലാ ജില്ലകളിലെയും സർക്കാർ ഓഫീസുകളുടെ ലൊക്കേഷൻ കണ്ടെത്താനും ഫോണിലും ഇ‑മെയിലിലും ബന്ധപ്പെടാനും പ്രവർത്തനം വിലയിരുത്താനും പരാതി നൽകാനുമുള്ള സൗകര്യമാണ് നാഷണൽ ഇൻഫർമാറ്റിക്സ് സെന്റർ വികസിപ്പിച്ച ഈ ആപ്ലിക്കേഷനിലുള്ളത്.

ഗൂഗിൾ പ്ലേ സ്റ്റോറിൽ നിന്ന് ഡൗൺലോഡ് ചെയ്യാൻ കഴിയുന്ന ആപ്ലിക്കേഷനിൽ പ്രവേശിച്ചാലുടൻ ജില്ല തിരഞ്ഞെടുത്ത് മുന്നോട്ടു പോകാം. തുടർന്നു വരുന്ന പേജിൽ വകുപ്പ് അല്ലെങ്കിൽ സ്ഥാപനം തിരഞ്ഞെടുക്കുമ്പോൾ വകുപ്പിനു കീഴിലുള്ള ഓഫീസുകളുടെ പട്ടിക തെളിയും. ഇവിടെ ആവശ്യമുള്ള ഓഫീസിന്റെ പേരിൽ ക്ലിക്ക് ചെയ്യാം. ഉദാഹരണത്തിന് ആലപ്പുഴ ജില്ലയുടെ പ്രധാന പേജിൽ ആദ്യം കാണുന്ന റവന്യൂ വകുപ്പ് തിരഞ്ഞെടുത്താൽ കളക്ടറേറ്റ് മുതൽ വില്ലേജ് ഓഫീസ് വരെയുള്ള റവന്യൂ കാര്യാലയങ്ങളുടെ പട്ടിക കാണാം.

ഒരു ഓഫീസ് തിരഞ്ഞെടുത്താൽ അവിടെ ലഭിക്കുന്ന സേവനങ്ങളുടെ പട്ടികയും വിവിധ ഓപ്ഷനുകളും തെളിയും. മേക്ക് എ കോൾ എന്ന ഓപ്ഷൻ തിരഞ്ഞെടുത്താൽ ആ ഓഫീസിലെ ഫോൺ നമ്പരുകൾ കാണാം. ആപ്ലിക്കേഷനിൽ നിന്ന് നേരിട്ട് കോൾ ചെയ്യാം. ലൊക്കേറ്റ് ഓൺ മാപ്പ് എന്ന ഓപ്ഷൻ തിരഞ്ഞെടുത്താൽ ഓഫീസ് എവിടെയെന്ന് ഗൂഗിൾ മാപ്പിൽ കണ്ടെത്താം. റൈറ്റ് എ റിവ്യൂ എന്ന ഓപ്ഷനിൽ ഫോൺ നമ്പർ നൽകി രജിസ്റ്റർ ചെയ്ത് ഓഫീസിന്റെ പ്രവർത്തനം വിലയിരുത്താം. ഇവിടെ ഓഫീസുമായി ബന്ധപ്പെട്ട അനുഭവം എഴുതുകയും സ്റ്റാർ റേറ്റിംഗ് നൽകുകയും ചെയ്യാം.

ഇ‑മെയിൽ അയയ്ക്കാനും അധിക വിവരങ്ങൾ ലഭിക്കാനുമുള്ള ഓപ്ഷനുകളും ആപ്ലിക്കേഷനിലുണ്ട്. ആപ്ലിക്കേഷനിൽ പൊതുജനങ്ങൾ നൽകുന്ന റേറ്റിംഗും രേഖപ്പെടുത്തുന്ന അഭിപ്രായങ്ങളും എല്ലാവർക്കും കാണാം. ജില്ലയുടെ പ്രധാന പേജിലും വകുപ്പുകളുടെ പേജിലും ഓഫീസുകൾ സെർച്ച് ചെയ്ത് കണ്ടെത്താനും സൗകര്യമുണ്ട്. ആപ്ലിക്കേഷനിലൂടെ പൊതുജനങ്ങൾ അറിയിക്കുന്ന അടിയന്തര ഇടപെടൽ ആവശ്യമുള്ള വിഷയങ്ങൾ ഉടൻതന്നെ അതത് വകുപ്പ് മേധാവികളുടെ ശ്രദ്ധയിൽപ്പെടുത്തുന്നതിന് പ്രത്യേക ക്രമീകരണം ഏർപ്പെടുത്തിയിട്ടുണ്ടെന്നും സർക്കാർ സേവനങ്ങളുടെ കാര്യക്ഷമതയും വേഗവും വർധിപ്പിക്കുന്നതിന് ആപ്ലിക്കേഷൻ സഹായകമാകുമെന്നും ജില്ലാ കളക്ടർ എ അലക്സാണ്ടർ പറഞ്ഞു. പ്രധാന ജില്ലാ ഓഫീസുകളും കേന്ദ്ര സർക്കാർ ഓഫീസുകളും കണ്ടെത്തുന്നതിന് പ്രത്യേക ഓപ്ഷനുകളുണ്ട്.

റവന്യൂ, പോലീസ്, റോഡ് ട്രാൻസ്പോർട്ട്, ആരോഗ്യം, തദ്ദേശസ്വയംഭരണം, കെ എസ് ഇ ബി, കൃഷി, പൊതുവിതരണം, രജിസ്ട്രേഷൻ, മൃഗസംരക്ഷണം, ഫീഷറീസ്, വിദ്യാഭ്യാസം, വ്യവസായം, അക്ഷയ, കോളേജുകൾ, ആശുപത്രികൾ, പൊതുമരാമത്ത്, ഇക്കണോമിക്സ് ആന്റ് സ്റ്റാറ്റിസ്റ്റിക്സ്, ട്രഷറി, ജലസേചനം, സാമൂഹ്യനീതി, അഗ്നിരക്ഷ, ടൂറിസം, കെഎസ്എഫ്ഇ, കോടതികൾ, ക്ഷീരവികസനം, എംപ്ലോയ്മെന്റ്, വനം, എക്സൈസ്, ജി എസ് ടി, തുറമുഖം, ജൻ ഔഷധി സ്റ്റോറുകൾ എന്നിവയാണ് ജില്ലയുടെ പ്രധാന പേജിൽ ഇപ്പോഴുള്ളത്. മൊബൈൽ ആപ്ലിക്കേഷനിൽ കൂടുതൽ സ്ഥാപനങ്ങളുടെ വിവരങ്ങൾ ചേർക്കുന്ന ജോലികൾ പുരോഗമിക്കുകയാണെന്ന് ജില്ലാ വികസന കമ്മീഷണർ കെ എസ് അഞ്ജു അറിയിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.