സർക്കാരിന്റെ കരുതൽ 88 ലക്ഷം കുടുംബങ്ങളിലേക്ക്

Web Desk

തിരുവനന്തപുരം

Posted on September 23, 2020, 9:43 pm

കോവിഡ് പ്രതിസന്ധിക്കിടയിലും സംസ്ഥാനത്ത് ഭക്ഷ്യവിതരണമേഖലയിൽ സർക്കാരിന്റെ കരുതൽ തുടരുന്നു. ലോക്ഡൗൺ കാലത്ത് ആരംഭിച്ച അതിജീവനക്കിറ്റ് 85 ലക്ഷം കുടുംബങ്ങൾക്ക് താങ്ങായെങ്കിൽ സർക്കാരിന്റെ നൂറ് ദിന കർമ്മപദ്ധതിയോടനുബന്ധിച്ച് നാല് മാസത്തേക്ക് കൂടി തുടരുന്ന ഭക്ഷ്യക്കിറ്റ് 88 ലക്ഷം കുടുംബങ്ങളിലേക്കാണെത്തുന്നത്. ഒരു കിലോഗ്രാം പഞ്ചസാര, ഒരുകിലോ ആട്ട, ഉപ്പ്, 750 ഗ്രാം കടല, 750 ഗ്രാം ചെറുപയർ, 250 ഗ്രാം സാമ്പാർ പരിപ്പ്, അര ലിറ്റർ വെളിച്ചെണ്ണ, 100 ഗ്രാം മുളക്പൊടി എന്നിവയാണ് ഭക്ഷ്യക്കിറ്റിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.

ഡിസംബർ വരെയുള്ള നാല് മാസങ്ങളിൽ എല്ലാ കുടുംബങ്ങൾക്കും സൗജന്യ ഭക്ഷ്യക്കിറ്റ് ലഭ്യമാകും. എഎവൈ കാർഡുടമകൾക്ക് ഇന്ന് മുതൽ 28 വരെയും 29,30 തിയതികളിൽ മുൻഗണനാ വിഭാഗങ്ങളിലുള്ളവർക്കും കിറ്റ് വിതരണം ചെയ്യും. കാർഡ് നമ്പർ അവസാനിക്കുന്ന അക്കത്തെ അടിസ്ഥാനമാക്കി റേഷൻകടകളിൽ ക്രമീകരണം ഏർപ്പെടുത്തിയിട്ടുണ്ട്. ഇതോടൊപ്പം സപ്ലൈകോയുടെ ശ്യംഖലകൾ സംസ്ഥാനത്തെ എല്ലാ പഞ്ചായത്തുകളിലും എത്തിക്കാനുള്ള ശ്രമങ്ങളും നടന്നു വരികയാണ്. ഓൺലൈൻ വിതരണവും സപ്ലൈകോ ആരംഭിച്ചിട്ടുണ്ട്. കോവിഡ് അതിജീവനക്കിറ്റിൽ 17 ഇനം അവശ്യസാധനങ്ങളാണ് ഉൾപ്പെട്ടിരുന്നത്. 756 കോടി രൂപയാണ് സർക്കാർ ഇതിനായി സപ്ലൈകോയ്ക്ക് നൽകിയത്.

കാർഡുടമകൾക്ക് പുറമെ അഗതി മന്ദിരങ്ങൾ, ആശ്രമങ്ങൾ തുടങ്ങിയ വിവിധ ക്ഷേമ സ്ഥാപനങ്ങളിലുള്ള അന്തേവാസികൾക്ക് അതിജീവനക്കിറ്റുകൾ വിതരണം ചെയ്തു. 26 ലക്ഷം വിദ്യാർത്ഥികൾക്കും ഭക്ഷ്യകിറ്റ് നൽകി. മത്സ്യത്തൊഴിലാളികൾക്ക് 91,190 കിറ്റ് വിതരണം ചെയ്തു. ട്രാൻസ്ജെൻഡറുകളും പദ്ധതിയുടെ പ്രത്യേക ഗുണഭോക്താക്കളായി. ലോക്ഡൗൺ കാലത്ത് സംസ്ഥാനത്ത് ആരംഭിച്ച സമൂഹ അടുക്കളകൾക്കായി 70 ലക്ഷം രൂപയുടെ അവശ്യ സാധനങ്ങളും സമ്പർക്ക വിലക്കിലുള്ളവർക്കായി കാൽ ലക്ഷത്തോളം ഭക്ഷ്യക്കിറ്റുകളും നൽകി. ഓണക്കാലത്ത് പായസക്കൂട്ട് ഉൾപ്പെടെ 11 ഭക്ഷ്യവസ്തുക്കൾ ഉൾപ്പെടുത്തിയ ഓണക്കിറ്റാണ് വിതരണം ചെയ്തത്. ഓണക്കിറ്റിനായി 440 കോടി രൂപയാണ് സർക്കാർ സപ്ലൈകോയ്ക്ക് അനുവദിച്ചത്. 88 ലക്ഷം കുടുംബങ്ങൾക്ക് ഓണക്കിറ്റ് വിതരണം ചെയ്തു.

Eng­lish sum­ma­ry; Gov­ern­ment reserves to 88 lakh fam­i­lies

You may also like this video;